ADVERTISEMENT

ഹണി റോസിന്റെ തൊടുപുഴയുള്ള വീട് ശരിക്കും ഒരു ഹരിതസ്വർഗമാണ്. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന വീട് അടിമുടി വെള്ളനിറത്തിലാണ്. പക്ഷേ ഇവിടെ താരം ഫ്രൂട്ട് ഗാർഡനാണ്. അതിന്റെ വിശേഷങ്ങൾ ഹണിക്കൊപ്പം ഒന്നുകണ്ടുവന്നാലോ...

honey-balcony

വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. വീട്ടിൽ എനിക്ക് പ്രിയപ്പെട്ടവർ വന്നാൽ ആദ്യം അവരെ കൊണ്ടുനടന്ന് കാണിക്കുന്നത് ഈ ഫലവൃക്ഷങ്ങളാണ്. ഈ ചെടികൾ പരിചയപ്പെടുത്തുമ്പോൾ ആവേശംകൊണ്ട് ഞാനൊരു 'നാഗവല്ലി'യായി മാറുന്നതായി തോന്നാറുണ്ട്. ഞാൻ കൂടുതൽ പണം ചെലവഴിക്കുന്നത്, വില കൂടിയ വസ്ത്രങ്ങളോ, കാറുകളോ വാങ്ങാനല്ല, മറിച്ച് ചെടികളും ഫലവൃക്ഷങ്ങളും വാങ്ങാനാണ്.

honey-home-garden

'ലാൻഡ്സ്കേപ്പിലെ സെലിബ്രിറ്റി' എന്നു പറയാവുന്നത് വീടിനുചുറ്റും പടർന്നുപന്തലിച്ചുനിൽക്കുന്ന  ഗോൾഡൻ ബാംബൂവാണ്. നല്ല ഭംഗിയാണ്. ധാരാളം ശുദ്ധവായുവും ലഭിക്കും. വേനൽക്കാലത്ത് പോലും ഇവിടെ നല്ല തണുപ്പാണ്. ധാരാളം കിളികളും ചിലപ്പോഴൊക്കെ പാമ്പും വരാറുണ്ട്. 

ധാരാളം വിദേശ ഫലവൃക്ഷങ്ങൾ ഞാനിവിടെ നട്ടിട്ടുണ്ട്. അതിലെ പ്രധാനിയാണ് മാപ്രാങ്. മാങ്ങയും പ്ലമ്മും കൂടിയുള്ള വെറൈറ്റിയാണിത്. നല്ല ഭംഗിയാണ് ഇതിന്റെ ഫ്രൂട്ട് കാണാൻ. മാവുകളുടെ ഒരുപാട് വെറൈറ്റികൾ ഇവിടെയുണ്ട്. അതിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാവാണ് നാം ഡോക് മായ്. ഭയങ്കര മധുരമുള്ള മാങ്ങയാണ് ഇതിന്റെ പ്രത്യേകത. പക്ഷേ പുഴു ഇല്ലാതെ കിട്ടുക പ്രയാസമാണ്. 

റമ്പൂട്ടാൻ, സപ്പോട്ട, മൾബെറി, ചെറി, ദൂരിയൻ, അബിയു, പിന്നെ കുറെ തായ്‌ലൻഡ് വെറൈറ്റി മാവുകൾ, മാങ്കോസ്റ്റിൻ, ഞാവൽ, മരമുന്തിരി, മിറക്കിൾ ഫ്രൂട്ട്, കോശേരി മാവ്, ചാമ്പ അങ്ങനെ ഫലവൃക്ഷങ്ങൾ ഒരുപാട് ഇവിടെ ഹാജരുണ്ട്. സൺഡ്രോപ് എന്ന ഫലവൃക്ഷമാണ് മറ്റൊരു താരം. ഇതിന്റെ പഴത്തിന് നല്ല പുളിയാണ്. ഒരു പഴംകൊണ്ട് പത്തു ഗ്ലാസ് ജ്യൂസ് ഉണ്ടാക്കാം.

 പനിനീർ ചാമ്പ, ഓറഞ്ച്, മിൽക് ഫ്രൂട്ട്, അവക്കാഡോ അങ്ങനെ അടുത്ത സെറ്റ് മരങ്ങൾ ഒരുവശത്തുണ്ട്. എന്റെ പ്രിയപ്പെട്ട മരങ്ങളിലൊന്നാണ് ബ്ലാക്ക് ആപ്പിൾ. ഇത് ആമസോൺ വനങ്ങളിൽ നിന്നുള്ളതാണെന്നൊക്കെ പറയുന്നു. ഇതുവരെ ഫ്രൂട്ട് ഉണ്ടായിട്ടില്ല.

honey-home-green

ഫ്രൂട്ട് ഗാർഡനിലെ സ്റ്റാർ അബിയുവാണ്. ഇതിൽ പഴങ്ങൾ ഉണ്ടായതിന്റെ വിഡിയോ ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഒരുപാടാളുകൾ കണ്ടിരുന്നു.

ചീവീടുകളുടെ കലപില നിറയുന്ന ഒരു ചെറിയ കാടാണിത്.  ഇപ്പോൾ അച്ഛൻ കുറച്ചൊക്കെ മരങ്ങൾ വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന സമയമാണ്. അല്ലെങ്കിൽ പകൽസമയത്തും ഫുൾ ഡാർക്കായിരിക്കും. പല തട്ടുകളായിട്ട് ലാൻഡ്സ്കേപ് ഒരുക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. എത്ര തിരക്കുകളിൽനിന്നും വീട്ടിലെത്തി ഈ ഫ്രൂട്ട് ഗാർഡനിലൂടെ നടന്നാൽ മനസ്സ് സ്വസ്ഥമാകും. സമാധാനം നിറയും.

English Summary:

Honey Rose's fruit Garden, white house- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com