കരിക്ക് എന്ന് മടങ്ങി വരും? വിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് കരിക്ക് താരം

Mail This Article
മലയാളികൾ ഈ ലോക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്ന ഒരു കാര്യം കരിക്ക് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ പുതിയ എപ്പിസോഡുകളാകും. കാരണം 'കരിക്ക് കാണൽ' എന്നാൽ മലയാളിക്ക് എല്ലാ ടെൻഷനും മറന്നു ചിരിക്കാനുള്ള സമയമാണ്. ലോക്ഡൗൺ കാരണം ഷൂട്ടിങ് തടസപ്പെട്ടതാണ് ഒരിടവേളയ്ക്ക് കാരണം. 'മകനേ തിരികെ വരൂ' എന്നുപറഞ്ഞുകൊണ്ട് ആരാധകർ കരിക്കിന്റെ പുതിയ എപ്പിസോഡിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. കരിക്കിലെ ആദ്യ സ്റ്റാഫായ ബിനോയ്, പ്രേക്ഷകർക്ക് 'തേരാ പാരാ'യിലെ ഷിബുവാണ്. ബിനോയ് തന്റെ വിശേഷങ്ങൾ ആദ്യമായി പങ്കുവയ്ക്കുന്നു.

കരിക്കിലെത്തുന്നത്...
ചെറുപ്പം മുതൽ അഭിനയം ഒരു ലക്ഷ്യമേ അല്ലായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഒന്നോ രണ്ടോ വട്ടം മാത്രമാണ് ഞാൻ സ്‌റ്റേജിൽ കയറിയിട്ടുള്ളതുതന്നെ..എന്നാൽ ടെക്നിക്കൽ ആയുള്ള കാര്യങ്ങൾ താൽപര്യമായിരുന്നു. പണ്ട് ടിവിയിൽ വന്നിരുന്ന 'കാട്ടിലെ കണ്ണൻ' എന്ന കാർട്ടൂൺ സീരിയൽ ഓർമയില്ലേ. അച്ഛൻ അതിന്റെ ചീഫ് അനിമേറ്ററായിരുന്നു. അതൊക്കെ ചെറുപ്പത്തിലേ ഞാനും ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്നിലേക്കും ആ ഇഷ്ടം കയറിയതാകാം. ഞാനും ബിടെക് ആണ് പഠിച്ചത്. അതിനുശേഷം ഒരു ഐടി സ്ഥാപനത്തിൽ ജോലിക്ക് കയറി. ഏതാണ്ട് ആ സമയത്താണ് നിഖിൽ കരിക്ക് തുടങ്ങാൻ പ്ലാനിടുന്നത്. കരിക്കിലെ ഉണ്ണി മാത്യൂസ് എന്റെ കസിനാണ്. ഉണ്ണി വഴിയാണ് ഞാൻ കരിക്കിലേക്കെത്തുന്നത്. അഭിനയത്തോടൊപ്പം കരിക്കിലെ പോസ്റ്ററുകളും ഡിസൈൻ വർക്കുകളും ഞാൻ ചെയ്യാറുണ്ട്.

വീടുമാറ്റം ശീലമായ കാലം...

എറണാകുളം എളമക്കരയിലാണ് ഞാൻ ജനിച്ചത്. അച്ഛൻ, അമ്മ, ഞാൻ. ഇതാണ് ഞങ്ങളുടെ കൊച്ചുകുടുംബം. ബുദ്ധിമുട്ടുകൾ ഒക്കെയുള്ള ഒരു സാധാരണ കുടുംബം. പക്ഷേ അച്ഛനുമമ്മയും അധികം കഷ്ടപ്പാടുകൾ ഒന്നും അറിയിക്കാതെയാണ് വളർത്തിയത്. എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ ജനിച്ച വീട് വിൽക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് എറണാകുളം ജില്ലയിലെ പല വാടകവീടുകളിലായിരുന്നു ജീവിതം. പരമാവധി രണ്ടു കൊല്ലമാണ് ഒരു വാടകവീട്ടിൽ താമസിക്കുക. അപ്പോഴേക്കും അടുത്തിടത്തേക്ക് പലായനം തുടങ്ങും. അങ്ങനെ എന്റെ ചെറുപ്പകാലം നാലഞ്ച് വീടുകളിലായാണ് ചെലവഴിച്ചത്. അതുകൊണ്ട് എറണാകുളത്തെ പല ഊടുവഴികളും എനിക്ക് മനഃപാഠമാണ്. ഏതൊരു മനുഷ്യന്റെയും സ്വപ്നമാണല്ലോ സ്വന്തമായി കയറിക്കിടക്കാൻ ഒരു വീട്. അങ്ങനെ നാട്ടിലെ വർഷങ്ങളുടെ പലായനജീവിതത്തിനു ശേഷം ഞങ്ങൾക്ക് സ്വന്തമായൊരു വീട് സഫലമായി. പറവൂര് സ്ഥലം വാങ്ങി സ്വന്തം വീട് വച്ചിട്ട് മൂന്നു കൊല്ലമായതേ ഉള്ളൂ.


ഞങ്ങളുടെ സ്വപ്നവീട്...
അപ്പന്റെ വിയർപ്പും അധ്വാനവുമാണ് ഞങ്ങളുടെ വീട്. അപ്പൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തതും. ഇന്റർലോക് ബ്രിക്ക് കൊണ്ടാണ് വീട് നിർമിച്ചത്. ഓട് വച്ചാണ് മേൽക്കൂര വാർത്തത്. അതുകൊണ്ടൊക്കെ നല്ല തണുപ്പാണ് വീടിനുള്ളിൽ.

വീടിന്റെ സിറ്റൗട്ടിൽ ഞങ്ങൾ ഒരു വള്ളിച്ചെടി പടർത്തിയിട്ടുണ്ട്. അതിനാൽ ഉച്ചയ്ക്ക് പോലും നല്ല തണുപ്പാണ്. ചുറ്റിലും നല്ല പച്ചപ്പുള്ള പ്രദേശമാണ്. മുകളിൽ സ്ലൈഡിങ് ഡോറുകൾ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കാറ്റും വെളിച്ചവുമൊക്കെ നന്നായി ഉള്ളിലെത്തും.
വീട് എന്നാൽ മൊത്തത്തിൽ ഹാപ്പിയായിട്ട് ഇരിക്കാവുന്ന സ്ഥലമാണ് എനിക്ക്. എന്നാൽ ഹോംസിക്ക് ഒന്നുമല്ല. യാത്രകൾ ഒക്കെപോകാറുണ്ട്. കയറിക്കിടക്കാൻ ഇത്തിരി സ്ഥലം കിട്ടിയാൽ എവിടെ വേണമെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്യും..
കരിക്കിലെത്തിയ ശേഷം വന്ന മാറ്റം...
നിക്കറിട്ടുകൊണ്ട് ജോലിക്ക് പോകാം എന്നതാണ് ഒരു ഗുണം. മറ്റു ഓഫിസ് ജോലിക്കാരെ പോലെ ഔപചാരികതകൾ ഒന്നുമില്ല ഞങ്ങൾക്കിടയിൽ. ആ സൗഹൃദമാണ് കരിക്കിന്റെ വിജയരഹസ്യങ്ങളിൽ ഒന്നും. പിന്നെ, ആളുകൾ തിരിച്ചറിയുന്നു എന്നതാണ് മറ്റൊരു മാറ്റം. ഒരിക്കൽ ബൈക്കിൽ പോകുമ്പോൾ പൊലീസ് ചെക്കിങ്ങിന് വണ്ടി തടഞ്ഞു. എന്നെ കണ്ടപ്പോഴേ എടുത്തടിച്ചപോലെ 'നീ കരിക്കിലെ ബിനോയ് അല്ലേ' എന്നുചോദിച്ചു. അവർ വരെ നമ്മളെ തിരിച്ചറിയുന്നു എന്നത് എനിക്കൊരു തിരിച്ചറിവായിരുന്നു!
ഭാവി പരിപാടികൾ...
അങ്ങനെ ദീർഘകാല പ്ലാനുകൾ ഒന്നുമില്ല. ഈ കോവിഡ് കാലത്ത് അതിനു പ്രസക്തിയുമില്ല. ഈ നിമിഷം ഹാപ്പിയായി ഇരിക്കുക എന്നതാണ് പോളിസി. ലോക്ഡൗൺ കാരണം കരിക്ക് ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. അതു തുടങ്ങാൻ കാത്തിരിക്കുന്നു. പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് കരിക്കിന്റെ എനർജി. നിരവധി ആളുകൾ മെസേജ് അയക്കാറുണ്ട്. കൂടുതൽ രസകരമായ കഥകളുമായി കരിക്ക് മടങ്ങിയെത്തും..
English Summary- Karikku Actors Family Life; Binoy John Karikku Actor; Veedu Malayalam