ചേർത്തു നിർത്തിയ അനിയൻ
Mail This Article
രവിയെ അവസാനമായി കാണുന്നത് ഏതാനും മാസം മുൻപാണ്. ഞാൻ ചെല്ലുമ്പോൾ ആശുപത്രിയിൽ നിന്നു വന്നു കയറിയേ ഉണ്ടായിരുന്നുള്ളൂ. രവിയുടെ സ്‌നേഹവതിയായ സഹധർമിണി ഗീത പറഞ്ഞു, ‘‘ഇനി വരുമ്പോൾ അമ്പേഷിച്ചിട്ടേ വരാവേ , അധിക സമയവും ആശുപത്രിയിലാ.. വല്ലപ്പോഴുമാ വീട്ടിൽ കൊണ്ടുവരുന്നത്.’’ രവിക്ക് ഞാൻ ചെന്നതിൽ അതിയായ സന്തോഷം. ‘‘ചേട്ടൻ എന്നെ മറന്നില്ലല്ലോ ’’ എന്ന് ഏറെ ബദ്ധപ്പെട്ടാണു പറഞ്ഞത്.
രവിക്കു പൈതൃകമായി കിട്ടിയ രോഗമായിരുന്നു പ്രമേഹം. ടി.എൻ ചേട്ടൻ (ടി.എൻ.ഗോപിനാഥൻ നായർ ) രോഗമൂർച്ഛയിൽ കിടക്കുമ്പോൾ ഞാൻ ചെന്നു കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം സ്‌നേഹം വഴിയുന്ന വാക്കുകളിൽ സന്തോഷവും സൗഹൃദവും പ്രകടിപ്പിക്കും.
‘മതിലുകൾ ’ മുതൽ ‘പിന്നെയും ’ വരെയുള്ള എന്റെ എല്ലാ സിനിമകളിലും രവിക്ക് പ്രധാനപ്പെട്ട റോളുണ്ടായിരുന്നു. ‘ചേട്ടന്റെ സ്ഥിരം നടനാണെന്ന ഒരു ഗമ എനിക്കെപ്പോഴുമുണ്ട് , ഞാനൊരിക്കലും ചേട്ടനെ നിരാശപ്പെടുത്തില്ല ’എന്ന് രവി പലപ്പോഴും പറയുമായിരുന്നു.
‘പിന്നെയും’ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ വേദനിപ്പിക്കുന്ന ഒരു അനുഭവമുണ്ടായി.രവി സംഭാഷണം മറക്കുന്നു. അതും തുടർച്ചയായി. എനിക്ക് അതിനോടു സമരസപ്പെടാൻ കഴിഞ്ഞില്ല, എത്ര ദൈർഘ്യമുള്ള സംഭാഷണം പോലും സ്കൂൾ വിദ്യാർഥിയുടെ ഉത്സാഹത്തോടെ ഹൃദിസ്ഥമാക്കിയിട്ടു മാത്രമേ രവി എന്റെ മുൻപിൽ വരാറുള്ളു. രവിയുടെ ആത്മാർഥതയിലും ഓർമശക്തിയിലും എനിക്ക് അങ്ങേയറ്റത്തെ മതിപ്പായിരുന്നു. വിധേയനിൽ ഭാസ്‌ക്കരപട്ടേരലുടെ അനന്തിരവന്റെ റോളിൽ വന്ന രവിക്ക് കന്നടത്തിലാണു സാമാന്യം ദീർഘമായ സംഭാഷണം പറയേണ്ടിയിരുന്നത്. ഒന്ന് രണ്ടു റിഹേഴ്‌സൽ കഴിഞ്ഞപ്പോഴേക്കും കന്നടക്കാരെപ്പോലും അതിശയിപ്പിച്ചുകൊണ്ടു രവി തന്മയത്വത്തോടെ ഭാസ്‌ക്കരപട്ടേലരോട് തന്റെ ധർമസങ്കടത്തെപ്പറ്റി പറഞ്ഞു ഫലിപ്പിച്ചു. ആ രവിയാണ് ഇപ്പോൾ ചെറിയ സംഭാഷണ ഭാഗങ്ങൾ പോലും ഓർക്കാൻ കഴിയാതെ തപ്പുന്നത്. ഞാൻ കഴിയുന്നത്ര ക്ഷമ പാലിച്ചുകൊണ്ടു തന്നെ ചോദിച്ചു : ‘‘ എന്തു പറ്റി രവീ ? ’’
അതു രവിക്കു വലിയ വിഷമമായി. ഞാൻ ഷൂട്ടിങ് അടുത്ത ദിവസം തുടരാനായി മാറ്റി വച്ചു. രാത്രിയിലാണ് അറിയുന്നത്, രവി ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗത്തിന്റെ പടർപ്പ് ഓർമയെയും ബാധിച്ചിരിക്കുന്നു.
അടുത്ത ദിവസം ഷൂട്ടിങ്ങിനു ഞാൻ കരുതലോടെ തയാറെടുത്തു, ഓരോ ഷോട്ടിലും സംഭാഷണം ഒരാൾ ഉറക്കെ വായിച്ചു കൊടുക്കുക, എന്നിട്ടു രവി അതു കേട്ടു പറയുക. ആ പരീക്ഷണം വിജയിച്ചു. രവി ഒപ്പിച്ചു മാറി. കൈമോശം വന്നിരുന്ന ആത്മവിശ്വാസം ഏറെക്കുറെ വീണ്ടെടുത്തു.
സംഭാഷണം ഡബ് ചെയ്യേണ്ട സമയമായപ്പോൾ അൽപം ഉഷാറിലാണ് രവി എത്തിയത്. ക്ഷീണം കുറഞ്ഞിരുന്നു. ഭംഗിയായിത്തന്നെ ഡബ്ബിങ് നടന്നു. രവിയെ പ്രത്യേകം വിളിച്ച് ഞാൻ അഭിനന്ദിച്ചു. ശിശു സഹജമായലാളിത്യത്തോടെ രവി ചിരിച്ചു. എനിക്കാശ്വാസമായി. തികഞ്ഞ ഈശ്വരവിശ്വാസിയായ രവി വഴുതക്കാട്ടെ രമാദേവിമന്ദിരത്തിന്റെ ചുമതലയും വഹിച്ചിരുന്നു. സാധുപ്രകൃതിയായ രവിയ്‌ക്ക് ശത്രുക്കളുണ്ടായിരുന്നില്ല. തികഞ്ഞ ഈ കലോപാസകന് അർഹിക്കുന്ന ബഹുമതികളും അംഗീകാരങ്ങളും വരാനിരിക്കുന്നതേയുള്ളുവെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ വിധി മറ്റൊരു തരത്തിലായി. അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ അനുജന് എന്റെ അന്ത്യപ്രണാമം.