ADVERTISEMENT

ദേവാലയങ്ങൾ അടച്ചുപൂട്ടിയപ്പോഴെന്തായി..? ഓരോ വീടും ദേവാലയമായി മാറി – കൊറോണക്കാലത്ത് അനുഭവിച്ച ഏറ്റവും രസകരവും അർഥവത്തുമായ ഒരു യാഥാർഥ്യമായിരുന്നു ഇത്. കോവിഡിന്റെ ആദ്യകാലത്ത് ദേവാലയങ്ങൾ അട‍ഞ്ഞുകിടന്നപ്പോൾ ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഈശ്വരാരാധന വീട്ടകങ്ങളിലെത്തി. ഒരു ദേവാലയത്തിനു പകരം അനേകം ദേവാലയങ്ങൾ. 

 

തൃശൂർ രംഗചേതനയെന്ന നാടക അരങ്ങും കോവിഡിനെ കീഴടക്കിയത് ഇങ്ങനെയായിരുന്നു. സംഗീത നാടക അക്കാദമിക്ക് കോവിഡ് കാലത്ത് താഴു വീണപ്പോൾ നാടകപ്രവർത്തകരുടെ വീട്ടകങ്ങളിലേക്ക് നാടകം കൂടുമാറി. ഈ കൂടുമാറ്റത്തിലൂടെ കഴിഞ്ഞ ഞായറാഴ്ചയും പതിവുപോലെ നാടകങ്ങൾ പിറന്നു. തുടർച്ചയായ 504 –ാം ‍ഞായറാഴ്ച..! 2011 മേയ് 22ന് ആരംഭിച്ച ഞായർ നാടകവേദി കർട്ടൻ വീഴാതെ അരങ്ങ് വാഴുന്നു. നാടകരംഗത്തെ കേരളത്തിലെ അറിയപ്പെടുന്ന വേദിയായ രംഗചേതനയുടെ ‘ചേതന’യ്ക്ക് ഒരു ‘രംഗ’ത്തിലും മങ്ങൽ വീഴ്ത്താൻ കോവിഡിനായില്ല.

 

41 വർഷം മുൻപ് ആരംഭിച്ച ഈ തിയറ്റർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലെ പ്രസ്റ്റീജ് വിഭാഗങ്ങളിലൊന്നാണ് ഞായറാഴ്ചകളിലെ നാടകാവതരണം. സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹമാണ് സ്ഥിരംവേദി. ലോക്ഡൗണായതോടെ വീട്ടകങ്ങളിലേക്കു നാടകത്തെ മാറ്റിപ്പണിതു; ഒന്നല്ല, പല വീടുകളിലേക്ക്. ചില ഞായറാഴ്ചകളിൽ അത് 10 വീടുകളിൽവരെയായി. ചിലർ ഫെയ്സ്ബുക് ലൈവും ചെയ്തു. 504 –ാം ‍ഞായറായ കഴിഞ്ഞ ആഴ്ച പതിവുപോലെ ഇരിങ്ങാലക്കുടയിലെ വെള്ളാങ്ങല്ലൂരിൽ നാടകം അരങ്ങേറി. സുധാകരൻ വെള്ളാങ്ങല്ലൂരും ഭാര്യ ബിന്ദുവുമായിരുന്നു അഭിനേതാക്കൾ. വേദി – സ്വന്തം വീട്. ഇ. സന്തോഷ് കുമാറിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് പണയം എന്ന  നാടകം അവതരിപ്പിച്ചത്. സംഗീതവും ശബ്ദവും കൈകാര്യം ചെയ്തത് ഇവരുടെ മകൻ അമൽ ശങ്കർ. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റാണ് സുധാകരൻ. സമകാലീന സംഭവങ്ങൾക്ക് നാടകച്ഛായ പകർന്ന് യുട്യൂബ് ചാനലിലൂടെ ദിവസംതോറും ലോകത്തെ അഭിമുഖീകരിച്ച രംഗചേതനയുടെ പ്രവർത്തകരും ഏറെ.

 

ജി. ശങ്കരപ്പിള്ള – സഫ്ദർ ഹഷ്മി അനുസ്മരണം, സിജെ അനുസ്മരണം, പി.കെ. വേണുക്കുട്ടൻനായർ അനുസ്മരണം, പ്രഫ. രാമാനുജം സ്മൃതി എന്നിവയെല്ലാം മുടക്കംകൂടാതെ ഇക്കാലയളവിലും അരങ്ങേറി; ഓൺലൈനായും അല്ലാതെയും. സൺഡേ തിയറ്റർ എന്ന ഞായറാഴ്ചകളിലെ നാടകപഠന കളരി മാത്രമാണ് കൊറോണക്കാലത്ത് ലോക്ഡൗണായത്. 34 പേർ ഇതിൽ അംഗങ്ങളായതിനാൽ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

 

500 ദിവസം തുടർച്ചയായി നാടകാവതരണം നടത്തുകയും 19 വർഷമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും സൺഡേ തിയറ്റർ എന്ന നാടകക്കളരി ഒരുക്കുകയും 30 വർഷമായി മുടങ്ങാതെ കുട്ടികളുടെ നാടകവേദിക്ക് തിരശ്ശീല ഉയർത്തുകയും ചെയ്യുന്ന രംഗചേതനയ്ക്ക് കൊറോണ പുതിയ സാധ്യതകളൊരുക്കിയെന്നു പറയുന്നതാകും ശരി, ഒരു പരീക്ഷണനാടകം പോലെ.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com