ഐസിയുവിലും അച്ഛൻ സംസാരിച്ചത് സിനിമയെക്കുറിച്ച്: വിനീത് ശ്രീനിവാസൻ
Mail This Article
ഒരു രോഗാവസ്ഥയെ ധൈര്യത്തോടെ, ചിരിച്ച മുഖത്തോടെ നേരിടുക എന്നതു വലിയ കാര്യമാണെന്ന് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ‘‘അങ്ങനെയുള്ളൊരാളെ ഞാൻ വീട്ടിൽ കാണുന്നുണ്ട്. അച്ഛൻ ആദ്യമായി ഐസിയുവിൽ ആയ സമയത്തും ബോധം വരുമ്പോഴെല്ലാം സംസാരിക്കുന്നത് അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമകളെക്കുറിച്ചായിരുന്നു’’. – വിനീത് ശ്രീനിവാസൻ പറഞ്ഞു. ഗുരുതര രോഗവുമായി മല്ലിടുന്ന ആളുകൾക്ക് എന്നും മാതൃകയാക്കാവുന്ന രണ്ടു പേരാണ് അച്ഛൻ ശ്രീനിവാസനും നടൻ ഇന്നസന്റുമെന്നും വിനീത് പറയുന്നു. മനോരമ ന്യൂസിന്റെ ‘കേരള കാൻ’ ഏഴാംപതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അതിജീവിച്ച് മുൻപോട്ടു പോകണമെന്ന അച്ഛന്റെ ആഗ്രഹം സിനിമയുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു. ബൈപാസ് കഴിഞ്ഞ ശേഷം കുറുക്കൻ എന്ന സിനിമയാണ് ഞങ്ങൾ ഏറ്റവും ഒടുവിൽ ഒന്നിച്ചു ചെയ്തത്. പുലർച്ചെ 5 മണിക്ക് ഞാനെഴുന്നേറ്റു നോക്കുമ്പോൾ അച്ഛൻ ഉച്ചത്തിൽ ഡയലോഗ് പഠിക്കുന്നതു കേൾക്കാം. ആ പ്രായത്തിൽ ഡയലോഗ് ഓർത്തിരിക്കാൻ പറ്റുമോ എന്ന ടെൻഷൻ ഒക്കെയുണ്ടാകും. അത്തരം കൺഫ്യൂഷൻസൊന്നും സെറ്റിലെത്തുമ്പോൾ വരാതിരിക്കാൻ വേണ്ടി അച്ഛൻ രാവിലെ ഇരുന്നു പഠിക്കുകയാണ്.
അതു കഴിഞ്ഞ് ഷൂട്ടിങ് വേളയിൽ ഒറ്റ ടേക്കിൽ അച്ഛന്റെ ഡയലോഗ് കേട്ട് ആളുകൾ കയ്യടിക്കുമ്പോഴൊക്കെ വല്ലാത്തൊരു സന്തോഷമാണ് എനിക്കുണ്ടാകുക. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് വല്ലാത്തൊരു പ്രൗഡ് ഫീലിങ് ആയിരുന്നു. ജീവിതത്തിൽ ഇത്രയധികം അതിജീവനം നടത്തുന്ന ആളെ ഇങ്ങനെ കാണുന്നതുതന്നെ വലിയ പ്രചോദനമാണ്. അതുപോലെ തന്നെയാണ് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇന്നസന്റങ്കിൾ. സ്ഥിരം രോഗാവസ്ഥയുമായി യുദ്ധം ചെയ്യുന്നയാളാണ് അദ്ദേഹം. പക്ഷേ ആ അവസ്ഥയെ വളരെ തമാശരൂപേണ കൈകാര്യം ചെയ്യുന്നതു കാണാം. അവരെപ്പോലെ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്, പക്ഷേ ആ പ്രതികൂല രോഗാവസ്ഥയെ പോലും ആഘോഷമാക്കുന്നവർ എന്നും മാതൃകയാണ്.’’– വിനീത് ശ്രീനിവാസൻ പറഞ്ഞു.