ഇതാ സൂപ്പർസ്റ്റാർ ലാലേട്ടൻ: പുതിയ പോസ്റ്റർ പങ്കുവച്ച് സൺ പിക്ചേഴ്സ്
Mail This Article
രജനികാന്ത് ചിത്രമായ ‘ജയിലര്‍’ ട്രെയിലറിൽ മോഹൻലാലിനെ ഒഴിവാക്കിയതിൽ ആരാധകർ തങ്ങളുടെ നിരാശ സമൂഹമാധ്യമങ്ങളിലൂടെ പ്രകടമാക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ല. ഇതിനു പിന്നാലെ മോഹന്‍ലാല്‍ എവിടെ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി. ഇപ്പോഴിതാ ആ പരാതികൾക്കെല്ലാം മറുപടിയുമായി സിനിമയുടെ നിർമാതാക്കളായ സൺപിക്ചേഴ്സ്. രജനിക്കൊപ്പമുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റർ സൺപിക്ചേഴ്സ് അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു. സൂപ്പർസ്റ്റാർ ലാലേട്ടൻ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രത്തിൽ മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും. ശിവ്‌രാജ് കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, തമന്ന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വില്ലനായി വിനായകൻ എത്തുന്നു. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.
സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് 'ജയിലര്‍'.