അനുഷ്കയ്ക്ക് വിരാടിന്റെ ഫ്ലൈയിങ് കിസ്; ആരാധകർക്ക് ആഘോഷ കാഴ്ച
Mail This Article
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ 50–ാം സെഞ്ചറി പൂർത്തിയാക്കിയത്. സച്ചിനോടുള്ള ആദരസൂചകമായി കോലി അദ്ദേഹത്തെ ഗ്രൗണ്ടിൽ വച്ച് വണങ്ങുകയും ചെയ്തു. അതിനു ശേഷം ഒരു ഫ്ലൈയിങ് കിസ് ആണ് കോലി നൽകിയത്. അത് മറ്റാർക്കുമല്ല തന്റെ പ്രിയതമയായ അനുഷ്ക ശര്‍മയ്ക്കായിരുന്നു.
ലോകകപ്പിലെ ഇഷ്ടതാരങ്ങളുടെ വാശിയേറിയ പോരാട്ടം പോലെ തന്നെ ആരാധകർ ആഘോഷിക്കുന്ന നിമിഷങ്ങളാണ് അവരുടെ പങ്കാളികൾ തമ്മിലുള്ള കൂടിക്കാഴ്ചകളും മനോഹര നിമിഷങ്ങളും. വിരാട് കോലി ക്രീസിലുള്ള സമയത്ത് ഗാലറിയിൽ അനുഷ്ക ശർമ ഉണ്ടെങ്കിൽ ആരാധകർക്കും ഇരട്ടിആവേശം. വിരാടിന്റെ ചെറിയ നീക്കങ്ങൾ പോലും വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന അനുഷ്കയെ പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെ മനോഹരമാണ് മത്സരങ്ങൾക്കിടയിലും ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന ഇവരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ന്യൂസീലാൻഡിനെതിരായ സെമി ഫൈനലിലും ഒരേ ആവേശത്തോടെയുളള അനുഷ്കയെയാണ് പ്രേക്ഷകർ കണ്ടത്. വിരാടിനെതിരായ ആദ്യ എൽബിഡബ്ലു ഡിആർഎസിലേക്കുപോയപ്പോൾ നെഞ്ചിടിപ്പോടെ ഇരിക്കുന്ന അനുഷ്കയെയും കണ്ടു.
ഇന്നിങ്സിനു ശേഷമുള്ള അഭിമുഖത്തിൽ, വിരാട് കോഹ്‌ലി പറഞ്ഞതിങ്ങനെ, “ഇത് സ്വപ്നങ്ങളുടെ കാര്യമാണ്. സച്ചിൻ പാജി അവിടെയുണ്ട്, അനുഷ്ക അവിടെ ഇരിക്കുന്നു. ആ നിമിഷങ്ങൾ വിശദീകരിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. എന്റെ ജീവിതപങ്കാളി, ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി അവിടെ ഇരിക്കുന്നു, എന്റെ നായകൻ (സച്ചിൻ) അവിടെയുണ്ട് ഒപ്പം വാങ്കഡെയിലെ എല്ലാ ആരാധകരും, അത്തരമൊരു ചരിത്ര വേദി, അത് അതിശയകരമായിരുന്നു.
വിരാടിന്റെ റെക്കോർഡ് നേട്ടത്തില്‍ അനുഷ്ക ശർമയെ പുകഴ്ത്തിയും നിരവധി കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തോൽവികളിൽ നിന്ന് കോലിയെ കൈ പിടിച്ചു കയറ്റാൻ, ഇന്ന് കാണുന്ന വിധം നിവർന്നു നിൽക്കാൻ അയാൾക്ക് ഊർജം നൽകിയ സ്ത്രീ അനുഷ്ക മാത്രമാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
പ്രവീൺ പ്രഭാകർ എന്ന പ്രേക്ഷകന്റെ വാക്കുകൾ: ‘‘നേരിട്ട ആദ്യ പന്തുകളിൽ ഒന്നിൽ എൽബിഡബ്ല്യു അപ്പീലിന് മുന്നിൽ വിരാട് കുടുങ്ങിയപ്പോൾ അനുഷ്ക പ്രാർഥിക്കുന്നത് കണ്ടിരുന്നു... നോട്ട് ഔട്ട് ആയപ്പോൾ വലിയ സന്തോഷത്തോടെ കൈകൾ ഉയർത്തി വീണ്ടും നന്ദി പൂർവമെന്നോണം പ്രാർഥിക്കുന്നത് കണ്ടു... അതിനൊരു കാരണം ഇന്ത്യയുടെ ഐസിസി ടൂർണമെന്റ് നോക്ക്ഔട്ടുകളിലെ വിരാടിന്റെ റെക്കോർഡ് തന്നെയാണ്... നാല് തവണ കളിച്ച അയാൾ ഒരു തവണ പോലും രണ്ടക്കം കണ്ടിരുന്നില്ല എന്ന "നാണംകെടുത്തുന്ന" റെക്കോർഡ്... അതിനേ മറികടക്കണം... നല്ലൊരു ഇന്നിങ്സ് കെട്ടി പടുക്കണം... ഒടുവിൽ സ്വപ്നം കണ്ട ആ റെക്കോർഡും ഭേദിക്കണം... സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ മറി കടന്നുകൊണ്ട് ഏകദിനത്തിൽ 50 സെഞ്ചറി എന്ന നേട്ടം.
ഒടുവിൽ ഇതെല്ലാം നേടി അയാൾ ലോകത്തിന്റെ നെറുകയിൽ കാലെടുത്തു വച്ചപ്പോൾ, എത്രയോ കാലമായി ആഗ്രഹിച്ചത് എന്തോ അത് നേടിയപ്പോൾ രണ്ട് പേരും പരസ്പരം സ്നേഹം കൈമാറിയ രീതി കണ്ടപ്പോൾ സത്യത്തിൽ ആ സെഞ്ചറി നേട്ടത്തെക്കാൾ ഏറെ സന്തോഷം തോന്നി. അന്തവിശ്വാസങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ എന്ന രാജ്യത്തു നിന്ന് തനിക്ക് കേൾക്കേണ്ടി വന്ന പഴികൾക്കെല്ലാം തന്റെ നല്ല പാതി ഗ്രൗണ്ടിൽ പകരം വീട്ടിയത് കണ്ട് സന്തോഷിച്ച അനുഷ്ക. തന്നെ വിവാഹം ചെയ്തതിനു ശേഷമാണ് കോലി ഫോം ഔട്ട് ആയതെന്നും അയാളുടെ കാലം കഴിഞ്ഞു എന്നുമെല്ലാമുള്ള അലമുറകൾക്ക് വിരാമമിട്ടുകൊണ്ട് കോലിയുടെ ഏറ്റവും അപകടകരമായ വേർഷനിൽ അയാളെ എത്തിക്കാൻ ഉറപ്പായും ഈ സ്ത്രീയുടെ പിന്തുണയും കരുതലും എത്രത്തോളമാണെന്ന് നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു.
തോൽവികളിൽ നിന്ന് അയാളെ കൈ പിടിച്ചു കയറ്റാൻ, ഇന്ന് കാണുന്ന വിധം നിവർന്നു നിൽക്കാൻ അയാൾക്ക് ഊർജം നൽകിയ ആ സ്ത്രീയോട് സത്യത്തിൽ ബഹുമാനം തന്നെയാണ്... കാരണം കെട്ട കാലത്ത് അയാളെക്കാൾ ഏറെ വിമർശനങ്ങളും ശാപവാക്കുകളും ഏറ്റുവാങ്ങിയ സ്ത്രീയാണ് അവർ. അയാളുടെ ഈ നേട്ടതിന്റെ പങ്ക് അവൾക് കൂടി അവകാശപ്പെട്ടതാണ്. അവർ ഒരുമിച്ച് തുഴഞ്ഞ ദൂരമാണിത്.’’