ദംഗലിലെ ബാലതാരം; 19 കാരി സുഹാനി ഭട്നാഗര്‍ അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ ദംഗൽ സിനിമയിലൂടെ പ്രശസ്തയായ അഭിനേത്രി സുഹാനി ഭട്‌നാഗർ (19) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. അതിന്റെ പാർശ്വഫലമായിരുന്നു നീർക്കെട്ടെന്നും അതു ഗുരുതരമായതാണ് മരണകാരണമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫരീദാബാദ് സ്വദേശിയാണ്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തിലാകും സംസ്കാരം.
പ്രശസ്ത ഗുസ്തിതാരം ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് ദംഗലിൽ സുഹാനി അവതരിപ്പിച്ചത്. ആമിർ ഖാൻ അവതരിപ്പിച്ച മഹാവീർ സിങ് ഫോഗട്ടിന്റെ മകളായാണ സുഹാനി എത്തിയത്. സുഹാനിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തു. പിന്നീട് പഠനത്തിനായി സിനിമയിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു.
ഇതിനിടെ നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി പ്രത്യക്ഷപ്പെട്ടു. ദംഗലിനു പുറമെ ബാലെ ട്രൂപ്പ് എന്ന സിനിമയിലും ബബിത അഭിനയിച്ചിരുന്നു.
ദംഗൽ റിലീസ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിരന്തരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്ന താരം 2021നു ശേഷം അവിടെ നിന്നും ഇടവേള എടുക്കുകയുണ്ടായി. 2021 നവംബർ 25നാണ് നടി അവസാനം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.