‘എന്റെ ഉമ്മച്ചി ഹിന്ദുവാണ്’, ആ ഓർമകൾ പൊടിതട്ടി നജീം അർഷാദും ശരത്തും
Mail This Article
റിയാലിറ്റി ഷോയിലൂടെ വന്ന് ആസ്വാദകമനം കവർന്ന ഗായകനാണ് നജീം അര്‍ഷാദ്. കൈനിറയെ പാട്ടുകളുള്ള മുൻനിര ഗായകരുടെ പട്ടികയിലേക്കുള്ള നജീമിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിന പ്രയത്നവും ആത്മസമർപ്പണവും തന്നെയാണ്. ഇപ്പോൾ മഴവിൽ മനോരമ ‘പാടാം നമുക്കു പാടാം’ വേദിയെ ധന്യമാക്കുകയാണ് ആസ്വാദകരുടെ ഈ പ്രിയഗായകൻ. ഒപ്പം കുറച്ചധികം ഓർമകളും പങ്കുവെക്കുകയാണ് നജീം.
നജീമിനെ വീണ്ടും കാണാൻ സാധിച്ചതിലെ സന്തോഷം പരിപാടിയുടെ വിധികർത്താക്കളായ ചിത്രയും ശരത്തും റിമിടോമിയും മറച്ചു വച്ചില്ല. നജീമിനെ കണ്ടയുടനെ ശരത്ത് ‘സലാം’ പറഞ്ഞു. പിറകെ ‘ഓം നമഃശിവായ’ എന്നും പറഞ്ഞു. കണ്ടു നിന്നവർക്കു പെട്ടന്നു കാര്യം പിടികിട്ടിയില്ല. ഈ പറഞ്ഞതിനൊരു കാരണമുണ്ടെന്നു പറഞ്ഞ ശരത്ത് എന്റെ ഉമ്മ ഹിന്ദുവാണെന്ന് നജീം പറയുമെന്നും കൂട്ടിച്ചേർത്തു. ഉടനെ പുഞ്ചിരിയോടെ എത്തി നജീമിന്റെ മറുപടി. ‘അവരുടെത് ഇന്റർകാസ്റ്റ് മാരേജായിരുന്നു. ഉമ്മച്ചി പിന്നീട് കൺവേർട്ടഡായി.’ ‘ജാതിയിലും മതത്തിലും വലിയ കാര്യമില്ല. അതെല്ലാം കളഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കുക. അവർ ഒരുമിച്ചതിനാലാണ് മുത്തുപോലെ പാടുന്ന നജീമിനെ നമുക്കു ലഭിച്ചത്.’ശരത്ത് കൂട്ടിച്ചേർത്തു.
നജീമിനെ കുറിച്ച് ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘നജീമിനെ കാണാൻ തുടങ്ങിയിട്ടു നാളേറെയായി. നജീമും ഭാര്യ കിക്കിയും വളരെ സ്നേഹമുള്ളവരാണ്. എന്നും നിങ്ങൾക്കായി പ്രാർഥിക്കും. സംഗീത ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിലെത്താൻ നജീമിനു സാധിക്കട്ടെ. റിയാലിറ്റി ഷോകളിലൂടെ വരുന്നവർക്ക് ഭാവിയുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. അവർക്കെല്ലാം കാണിച്ചുകൊടുക്കാനുള്ള മാതൃകയാണ് നജീം. അതിനു കാരണം നജീമിന്റെ കഠിനപ്രയത്നമാണ്'.
‘നജീമിനെ കുറെകാലമായി അറിയാം. നിരവധി ഷോകളിൽ ഒരുമിച്ചു പാടിയിട്ടുണ്ട്. മാത്രമല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്. നജീം ഈ കാണുന്നതുപോലെയല്ല. ഇവിടെ ചിത്രച്ചേച്ചിയുടെയും ശരത്തേട്ടന്റെയും മുന്നിൽ വെറും പഞ്ചപാവം. പക്ഷേ, സുഹൃത്തുക്കൾക്കിടയിൽ മഹാവികൃതിയാണ്.’– റിമി ചിരിയോടെ പറഞ്ഞു. മത്സരാർഥികള്‍ക്കൊപ്പം നിരവധി പാട്ടുകളും പാടിയാണ് നജീം പാടാം നമുക്കു പാടാം വേദി വിട്ടത്.