കഞ്ഞി വച്ചും വെള്ളം കോരിയും റോബോട്ട് ; ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഗാനം
Mail This Article
സൗബിൻ സാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബി.കെ ഹരിനാരായണൻ രചിച്ച വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. വിപിൻലാലിന്റെ ആലാപന മികവിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഗാനം.
‘ശിലയുടെ മാറിലെ നീരിൻ ചാലായ്
ഇരുളല വാതിലില്‍ വെള്ളിക്കീറായ്....’
സുരാജും റോബോർട്ടും ആണ് ഗാനരംഗത്തിലുള്ളത്. വീട്ടു ജോലികൾ ചെയ്യുന്ന റോബോട്ട് ആസ്വാദകരിൽ ചിരി പടർത്തുന്നു. കഞ്ഞി വയ്ക്കുന്നതും വെള്ളം കോരുന്നതും സന്ധ്യയ്ക്കു വിളക്കു കൊളുത്തുന്നതും എല്ലാം റോബോട്ട് ആണ്. രസകരമായ രംഗങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ബി.കെ ഹരിനാരായണനെ കൂടാതെ എ.സി ശ്രീഹരിയും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സുരാജും സൗബിനും അച്ഛനും മകനുമായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും അവരുടെ നിത്യജീവിതത്തിലെ കാഴ്ചകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പ് മാല പാർവതി, മേഘ മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗലും കേരളത്തിലെ പയ്യന്നൂരിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.