ADVERTISEMENT

ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ അവസരം ലഭിക്കുക എന്നതുപോലും ഭാഗ്യമായാണ് ബ്രിട്ടനിൽ പലരും കരുതുന്നത്. പ്രശസ്ത ബ്രിട്ടിഷ് കൊമേഡിയൻ മൈക്കൽ മക്കന്റൈയർ അവതരിപ്പിക്കുന്ന സ്റ്റാന്റപ്പ് കോമഡി സീരിസാണ്  മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോ. പ്രശസ്ത താരങ്ങളും പാട്ടുകാരും കൊമേഡിയന്മാരുമൊക്കെയാണ് സാധാരണ ഇതിൽ അതിഥികളാകാറുള്ളത്.

 

ഈ ഷോയുടെ ഭാഗമായി  വർഷത്തിൽ ഒരിക്കൽ കൊച്ചു കലാകാരന്മാർക്കായി  'അൺഎക്സ്പെക്റ്റ‍‍ഡ് സ്റ്റാർ' എന്ന പ്രത്യേക  ഷോ ഉണ്ടാകാറുണ്ട്.  ഉയർന്നുവരുന്ന താരങ്ങൾക്കായുള്ള ഈ ബിഗ് ഷോയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് രഹസ്യമാക്കി വയ്ക്കുകയാണു പതിവ്. അത്തരത്തിൽ വളരെ അപ്രതീക്ഷിതമായി ‘അൺഎക്സ്പെക്റ്റ‍‍ഡ് സ്റ്റാറിൽ’ സൗപർണിക എന്ന മലയാളി പെൺകുട്ടിക്കും അവസരം ലഭിച്ചു. സൗപർണിക താമസിക്കുന്ന ലണ്ടനിലെ ബറി സെന്റ് എഡ്മണ്ട്സ് എന്ന സ്ഥലത്തെത്തി മൈക്കൽ മക്കന്റൈയർ തന്നെ നേരിട്ട് അറിയിക്കുന്നത് വരെ ഇത് രഹസ്യമായിരുന്നു.‘അൺഎക്സ്പെക്റ്റ‍‍ഡ് സ്റ്റാറിൽ’ അവതരിപ്പിക്കപ്പെട്ട ഏറ്റവുംപ്രായം കുറഞ്ഞ താരം കൂടിയാണ് ഒൻപതു വയസ്സുള്ള സൗപർണിക.

 

ലണ്ടൻ പലെഡിയത്തിൽ രണ്ടായിരത്തിൽപ്പരം കാണികളുടെ മുന്നിലാണ് സൗപർണിക പാടിയത്.  ലോകപ്രശസ്ത മ്യൂസിക്കൽ തിയറ്റർ ഗാനമായ ‘ഐ ഡ്രീംഡ് എ ഡ്രീം...’എന്ന പാട്ടാണ് സൗപർണിക ആലപിച്ചത്. ഈ ഗാനമാലപിച്ചു തീർന്നതോടെ പലെഡിയത്തിൽ ഒത്തുചേർന്ന എല്ലാവരും ഒന്നടങ്കം എഴുന്നേറ്റ് കയ്യടികളോടെയാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചത്.  എല്ലാം വളരെ അപ്രതീക്ഷിതമാണെന്നും തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഈ മിടുക്കി പറയുന്നു. ആറു വയസുള്ളപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  വന്ദേമാതരം പാടുന്ന സൗപർണികയുടെ വിഡിയോ  സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ കൊച്ചു കലാകാരി.

 

യുകെ യിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക കഴിവു തെളിയിച്ചു കഴിഞ്ഞു. ബിബിസി പ്രോഗ്രാമിലെ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികൾക്കിടയിൽ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപർണികയ്ക്കായി നിരവധി അവസരങ്ങൾക്കു വഴിതുറന്നിട്ടുണ്ട്. സൗപർണിക നായർ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബർട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് സൗപർണിക. കൊല്ലം സ്വദേശികളായ ഡോ.ബിനുവിന്റെയും രഞ്ജിതയുടെയും മകളാണു ഈ കൊച്ചുതാരം.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com