അരികിൽ നീ ഉണ്ടായിരുന്നാൽ, ഒടുങ്ങാതെ നമ്മൾ ഒന്നായിരുന്നാൽ....
Mail This Article
അനാദിയോളം നീളുന്ന പ്രാർഥന, ആത്മഗദ്ഗദങ്ങളിലെ അഴിയാ വേദന, നടന്നുപോന്ന വഴികളിലൊന്നിൽ നിലച്ചു പോയ ആ കാറ്റ്. പുരാതനമായ പ്രണയകഥയിലെ അവൾ/അവൻ. മഴയിടർച്ചകളിലും വേനലറുതികളിലും അരികിലുണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഓർത്തുപോകുന്ന ആ പ്രണയത്തിനു വേണ്ടി ഒഎൻവി കുറിച്ചിട്ട വരികളാണിത്. അകന്നിരിപ്പിന്റെയും നഷ്ടമായതിന്റെയും വേവും നോവും നമുക്കുള്ളിൽ ഒരുപാട് ഇറ്റിച്ചിട്ടുണ്ട് ഈ ഗാനം. നമ്മുടെ പ്രണയവാഴ്‌വുകളെ അത്രമേൽ ധന്യമാക്കി, നീയെത്ര ധന്യയെന്ന ചിത്രത്തിലെ ഈ പാട്ട്.
ജി.ദേവരാജന്റെ മാന്ത്രികയീണത്തിൽ യേശുദാസിലെ ഭാവഗായകൻ നമുക്കു പാടിത്തന്ന പാട്ട്. സുഖമോ ദേവി...എന്ന ഗാനത്തിലേതു പോലെ പല്ലവിയിലെ രണ്ടു വരികളെ അനുപല്ലവിയും ചരണവുകൊണ്ട് കോർത്തു കെട്ടുന്ന ഒഎൻവിയുടെ രചനാജാലവിദ്യയുണ്ട് ഈ ഗാനത്തിലും. ജീവിതത്തിന്റെ വിഷാദം പൂക്കുന്ന ഇടനേരങ്ങളിലെല്ലാം നമ്മൾ ആഗ്രഹിച്ചെത്തുന്നതും ആ പല്ലവിയിലേക്കാണ്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ....
ശിഷ്ടകാലങ്ങളിലെ പ്രണയനേരങ്ങളിൽ ഒരാൾ എപ്പോഴെപ്പോഴെല്ലാം ആ പല്ലവിയോർത്ത് നെടുവീർപ്പിടുന്നു. ഒരു രാത്രിമഴയ്ക്കു തരളിതമാക്കാനാകാത്ത പ്രണയോർമകളില്ലെന്ന് നിത്യമായി ഓർമിപ്പിക്കുന്നു ഈ പാട്ട്. രാത്രി മഴ പെയ്തു തോർന്ന നേരത്ത്, ഇലച്ചാർത്തുലഞ്ഞു വീഴുന്ന തുള്ളികളിൽ വേപഥുപൂണ്ട ഛായാപടങ്ങളായി നമുക്കുള്ളിൽ പൂക്കാറില്ലേ ആ പഴയ പ്രണയനിസ്വനങ്ങൾ. അതിനിടയിലെവിടെയോ കാതരയായൊരു പക്ഷിയുടെ മൗനനിശ്വാസങ്ങളും. കാലമെത്ര പോയിട്ടും പുരാതനമായൊരു പ്രണയകഥയ്ക്കായി ഉള്ളിലേക്കു നമ്മൾ കാതോർക്കുമ്പോൾ പലകുറിയിടറാതെ തിരിച്ചുവരാനാകുന്നില്ല. അതിന്റെ വേദനയിൽ ഈ വരികളിലെ ആസ്വാദനത്തിൽ നമ്മുടെ പ്രണയ ദ്വീപുകളിൽ എത്രയെത്ര വേലിയേറ്റങ്ങൾ, അല്ലേ...