ADVERTISEMENT

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ നെറുകയിലെത്തി നിൽക്കുകയാണ് എം.എം.കീരവാണി. ഇന്ത്യൻ സംഗീത പ്രേമികളുടെ അഭിമാനം വാനോളം ഉയർത്തിയാണ് ആർആർആറിലെ പാട്ട് ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്‌കാരങ്ങളിലൊന്നിൽ ആദരിക്കപ്പെട്ടത്. കീരവാണിയുടെ ഈ അപൂർവ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വകുപ്പുണ്ട്. മലയാള സിനിമയും അദ്ദേഹവും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് ക്ലാസ്സിക്കുകളായിരുന്നു. ഗായകനായും സംഗീതസംവിധായകനായും മറ്റു സിനിമാ മേഖലകളിലെന്ന പോലെ മലയാളത്തിലും കീരവാണി സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു.

 

മമ്മൂട്ടി നായകനായ ‘നീലഗിരി’യിലൂടെയാണ് മലയാളികൾക്കു സ്വന്തമായി കീരവാണിയുടെ ഈണങ്ങൾ ലഭിച്ചു തുടങ്ങിയത്. നീലഗിരിയുടെ തണുപ്പിൽ വികാര തീവ്രമായ കഥ പറഞ്ഞ സിനിമയായിരുന്നു ‘നീലഗിരി’. കീരവാണിയുടെ തുമ്പീ നിൻ മോഹവും കിളി പാടും ഏതോ പാട്ടും, മഞ്ഞു വീണതുമൊക്കെ ആ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. സൂര്യമാനസമാണ് കീരവാണിയുടെ ഈണങ്ങളോടെ പുറത്ത് വന്ന മറ്റൊരു സിനിമ. ‘തരളിത രാവിൽ’ എന്ന ഗാനം ഇല്ലാത്ത സൂര്യ മാനസം മലയാളികൾക്ക് ഓർക്കാൻ പോലുമാകില്ല. സിനിമയോളം തന്നെ ഹിറ്റ് ആയ, തലമുറകൾ ഏറ്റുപാടിയ ഈണമായിരുന്നു സൂര്യ മാനസത്തിലേത്.

 

ദേവരാഗം സിനിമ കാണാത്തവർ ഒരുപാടുണ്ടാവും. പക്ഷേ ‘ശിശിര കാല മേഘ മിഥുന’ എന്ന് കേൾക്കാത്ത മലയാളികളുണ്ടാവില്ല. യയ്യയായാ എന്ന പാട്ടിന്റെ ഈണമറിയാത്തവരും ഇവിടെയുണ്ടാവില്ല. ശശികല ചാർത്തിയ ദീപാവലയവുമായാണ് കേരളത്തിൽ ദീപവാലികൾ ആഘോഷിക്കപ്പെടുന്നത്. ഇങ്ങനെ കേൾക്കുന്നവരെ മുഴുവൻ നൃത്തം ചെയ്യിക്കുന്ന ഫാസ്റ്റ് നമ്പറുകളും ഹൃദയം തൊടുന്ന മെലഡികളും മലയാളികൾക്കു തന്നിട്ടുണ്ട് കീരവാണി. താരതമ്യേന കുറഞ്ഞ ഈണങ്ങളിലൂടെ അനശ്വരമായ ഒരു കാലത്തെ തന്നെ അദ്ദേഹം നമുക്കു സമ്മാനിച്ചു.

 

ഹേയ് ഹീറോ മുതൽ ബാഹുബലി വരെയുള്ള ഡബ്ബിങ് ചിത്രങ്ങളിലും കീരവാണിയുടെ ഈണങ്ങളെയും പശ്ചാത്തല സംഗീതത്തെയും സവിശേഷമായ ഇഷ്ടത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഗായകനായും മലയാളികൾക്കു പ്രിയപ്പെട്ടവനായിട്ടുണ്ട് കീരവാണി. മാണിക്യ ചെമ്പഴുക്കയിലെയും സ്നേഹ സാമ്രാജ്യത്തിലെയും പാട്ടുകളിലൂടെ അദ്ദേഹത്തിന്റെ സ്വരഭംഗി നാം ആസ്വദിച്ചു. ബാഹുബലിയിലെ പാട്ടുകളിലൂടെയും ആ ഈണങ്ങള്‍ മനസ്സുകളിൽ കുടിയേറിപ്പാർത്തു. ഇപ്പോൾ ലോക സംഗീതത്തിന്റെ നെറുകയിൽ നിൽക്കുന്ന കീരവാണി, മലയാളത്തിന്റെയും സ്വന്തമാണെന്ന് ഓരോ മലയാളിക്കും അഭിമാനിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com