അത്യുഗ്രൻ പ്രകടനവുമായി നിവിൻ പോളി, കയ്യടിച്ച് മതിയാകാതെ ആരാധകർ; ട്രെൻഡിങ്ങായി ഗാനം
Mail This Article
നടൻ നിവിൻ പോളി അഭിനയിച്ച ആൽബം ഗാനം ‘ഹബീബീ ഡ്രിപ്പ്’ പുറത്തിറങ്ങി. വേറിട്ട വേഷപ്പകർച്ചയിലാണ് നിവിൻ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നടന്റെ ഗംഭീര നൃത്തച്ചുവടുകൾ പ്രേക്ഷകർക്കു നവ്യാനുഭവമാവുകയാണ്. വിദേശത്താണ് ഗാനം പൂർണമായും ചിത്രീകരിച്ചത്. ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ പാട്ടിന്റെ മുഴുവൻ പതിപ്പിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.
റാപ്പർ ഡബ്‌സി ആണ് ‘ഹബീബീ ഡ്രിപ്പി’നു വരികൾ കുറിച്ചാലപിച്ചത്. റിബിൻ റിച്ചാർഡ് ഈണമൊരുക്കി. പാട്ടിന്റെ നിർമാണവും റിബിൻ തന്നെ. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഒന്നാമതെത്തി. നിവിൻ പോളിയുടെ വേറിട്ട ലുക്കും പ്രകടനവും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്നാണു ‘ഹബീബീ ഡ്രിപ്പി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കുട്ടു ശിവാനന്ദന്റേതാണ് ആശയം. രജിത് ദേവ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. ഹബീബി ഡ്രിപ്പിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമനും അസം മുഹമ്മദും ആണ്. എഡിറ്റിങ്: ഷാഹിൻ റഹ്മാൻ.