ചുവപ്പണിഞ്ഞ് കേരള കോൺഗ്രസ് (എം); ഇല വിരിച്ച് എകെജി സെന്റർ

Mail This Article
ചുവപ്പണിഞ്ഞ കേരള കോൺഗ്രസ് (എം) ഇനിയെന്ന് എകെജി സെന്ററിന്റെ പടികൾ ചവിട്ടും എന്നതു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. പൂർത്തിയാക്കാനുള്ളത് എൽഡിഎഫ് പ്രവേശത്തിന്റെ ഔപചാരികതകൾ മാത്രം. സിപിഎം വാചാലമായിത്തന്നെ ജോസ് കെ. മാണിയെ സ്വാഗതം ചെയ്തുകഴിഞ്ഞു; അനിശ്ചിതത്വം ശേഷിക്കുന്നതു സിപിഐയുടെ നിശ്ശബ്ദതയിലാണ്.
എൽഡിഎഫ് യോഗം വിളിക്കാനുള്ള ആശയവിനിമയങ്ങൾ സിപിഎം നേതൃത്വം ആരംഭിച്ചു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേരള കോൺഗ്രസി(എം)ന്റെ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി ചർച്ചചെയ്തു മമത ഉറപ്പിക്കും. ജോസ് കെ.മാണിയുടെ പ്രഖ്യാപനം വന്നു മിനിറ്റുകൾക്കകം അവരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതിൽനിന്ന് സിപിഎം ഇതിനകം എടുത്ത മുൻകൈ വ്യക്തം.
എൽഡിഎഫ് കൺവീനറും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ജോസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോഴും സിപിഐ നിശ്ശബ്ദത തുടരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയുണ്ടായാൽ ഇക്കൂട്ടർ യുഡിഎഫിലേക്കു മടങ്ങില്ലെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യമാണ് ഒടുവിലത്തെ കൂടിക്കാഴ്ചയിൽ കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനോടു ചോദിച്ചത്. ജോസ് പക്ഷത്തോടു പരസ്യമായി വിയോജിപ്പു തുടരുന്ന സിപിഐ, തൽക്കാലം അവരെ മുന്നണിക്കു പുറത്തുനിർത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായത്തിലാണ്. എന്നാൽ, ഘടകകക്ഷിയായിത്തന്നെ ഉൾപ്പെടുത്തണമെന്നു സിപിഎം വിചാരിക്കുന്നു; ആ വാക്കാണു ജോസിനു കൈമാറിയിരിക്കുന്നതും.
സീറ്റ് ധാരണ
തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിക്കാനാഗ്രഹിക്കുന്ന സീറ്റുകളെക്കുറിച്ച് അവരുടെയും സിപിഎമ്മിന്റെയും ജില്ലാ നേതൃത്വങ്ങൾ ഇതിനകം ചർച്ച ആരംഭിച്ചുകഴിഞ്ഞു. നിയമസഭാ സീറ്റുകളെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് ഇരുപാർട്ടികളുടെയും ഔദ്യോഗിക ഭാഷ്യം. ഒറ്റപ്പാർട്ടിയായിരുന്നപ്പോൾ യുഡിഎഫ് നൽകിയ 15 സീറ്റുകളിൽ 11 എണ്ണത്തിലാണു മാണിവിഭാഗം മത്സരിച്ചത്. അതിൽ കുറയരുതെന്ന ആവശ്യത്തിലാണു ജോസ് പക്ഷം.
എൻസിപിയെ പറഞ്ഞു ബോധ്യപ്പെടുത്തി പാലാ നൽകാൻ ശ്രമിക്കാം എന്ന വാക്കാണു സിപിഎം നൽകിയിരിക്കുന്നത്. എൻ.ജയരാജിന്റെ സിറ്റിങ് സീറ്റാണെങ്കിലും കാനം രാജേന്ദ്രന്റെ വീട് ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാനുള്ള സിപിഐയുടെ വിമുഖത തുടരുന്നു. സിപിഐയെ പ്രകോപിപ്പിക്കാതിരിക്കാനായി കാഞ്ഞിരപ്പള്ളിക്കു പകരം ജയരാജിനു മറ്റൊരു സുരക്ഷിത സീറ്റിനായുള്ള ആലോചനയും തുടങ്ങി. പാലാ കൂടാതെ കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച 8 സീറ്റിലും എൽഡിഎഫ് എംഎൽഎമാരാണ് എന്നതിനാൽ അതേ സീറ്റുകൾ എന്തായാലും ലഭിക്കില്ല.
രാജ്യസഭാ സീറ്റ്
രാജ്യസഭാംഗത്വം രാജിവയ്ക്കില്ലെന്നു നേരത്തേ പറഞ്ഞിരുന്ന ജോസ് കെ.മാണി സിപിഎമ്മിന്റെയും സിപിഐയുടെയും നിർദേശം കൂടി കണക്കിലെടുത്ത് അതിനു തയാറായി എന്നതു ശ്രദ്ധേയമാണ്. എം.പി. വീരേന്ദ്രകുമാറിന്റെ മാതൃക പിന്തുടരാൻ തീരുമാനിച്ചാൽ, ജോസ് രാജിവയ്ക്കുന്ന രാജ്യസഭാംഗത്വം എൽഡിഎഫ് ടിക്കറ്റിൽ അദ്ദേഹത്തിനു തന്നെയോ ആ പാർട്ടിയിലെ മറ്റൊരാൾക്കോ കിട്ടാം. പാലായുടെ പേരിൽ ഇടഞ്ഞുനിൽക്കുന്ന മാണി സി.കാപ്പനു രാജ്യസഭ കൈമാറി മെരുക്കാനും നോക്കാം. കാപ്പന്റെ തുറന്ന നീക്കങ്ങളിൽ സിപിഎം പ്രകടിപ്പിച്ച അസംതൃപ്തി കണക്കിലെടുത്താണ് അദ്ദേഹം ഇന്നലെ വാർത്താസമ്മേളനം വിളിച്ച് എൽഡിഎഫ് ഐക്യദാർഢ്യം വ്യക്തമാക്കിയത്.
രാഷ്ട്രീയപ്പോര്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും പോരുകോഴികളെപ്പോലെ ഏറ്റുമുട്ടുമെന്നാണ് ഇപ്പോഴത്തെ വാക്പോര് വ്യക്തമാക്കുന്നത്. മുൻകാല മാണിവിരുദ്ധ പ്രസ്താവനകൾ ഉയർത്തിക്കാട്ടി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും കോൺഗ്രസ് ശ്രമം തുടങ്ങി. രാഷ്ട്രീയമായി വൻ പ്രതിരോധത്തിൽ നിൽക്കുന്ന ഈ വേളയിൽ, മധ്യകേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുള്ള ഒരു യുഡിഎഫ് ഘടകകക്ഷി ‘ഇടത്തോട്ടു’ വന്നതിന്റെ ആഹ്ലാദത്തിലാണു സിപിഎം. ജോസ് പക്ഷം കൂടി വന്നാൽ ഇടതുമുന്നണിയിൽ 4 കേരള കോൺഗ്രസുകളാകും.
പാർട്ടിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ സാധുത ഉറപ്പിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിന് മികച്ച പ്രകടനം അനിവാര്യമാണ്. കേരള കോൺഗ്രസിനെ കൂടെക്കിട്ടിയാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാമെന്ന വാഗ്ദാനമാണു സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുള്ളത്.
40 വർഷത്തോളം കൂടെയുണ്ടായിരുന്ന സഹയാത്രികരിൽനിന്നു കോൺഗ്രസ് പൊടുന്നനെ വെല്ലുവിളി നേരിടുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ‘തദ്ദേശ തയാറെടുപ്പു’ ചർച്ച ചെയ്യുന്ന ഇന്നത്തെ യുഡിഎഫ് യോഗത്തിനും മധ്യകേരളത്തിലെ പുതിയ സാഹചര്യം ഗൗരവത്തോടെ വിലയിരുത്തേണ്ടിവരും.
English Summary: Kerala Congress and AKG Centre