ADVERTISEMENT

ഭൂമിയെ രക്ഷിക്കാനുള്ള ഒരവസരം കൂടി നഷ്ടപ്പെട്ടോ? ദുബായിൽ കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിനു (COP28) തിരശീല വീണതു വലിയ പ്രതീക്ഷകളൊന്നും നൽകാതെയാണ്. കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന തീരുമാനങ്ങളിലേക്ക് എത്താനാകാതെ ലോകനേതാക്കൾ മടങ്ങി. ഇന്ധന ഉപയോഗം കുറയ്ക്കുക, പാവപ്പെട്ട രാജ്യങ്ങൾക്കു ധനസഹായം നൽകുക എന്നീ കാര്യങ്ങളിൽ സമ്പന്നരാജ്യങ്ങൾ ഇത്തവണയും വാക്കുപാലിച്ചില്ല. ദ്വീപ്, കടലോര,   വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പലതും ചർച്ചപോലുമായില്ല. പുതിയ പാരിസ്ഥിതിക പ്രതിസന്ധികളുടെ ഭാരം താങ്ങാനാവാതെ ലോകം കൂടുതൽ വെല്ലുവിളികളിലേക്കു നീങ്ങുമെന്ന് ഏറക്കുറെ വ്യക്തമായി. 

ഭൂമിയുടെ സന്തുലനം നിലനിർത്താൻ കടുത്ത നടപടികളിലേക്കും തീരുമാനങ്ങളിലേക്കും കടക്കേണ്ട സമയം അതിക്രമിച്ചു. കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമായി 2023 മാറിക്കഴിഞ്ഞു.

കടലാസിൽ പദ്ധതിയേറെ; നടപ്പായതോ ചുരുക്കം 

പെട്രോളും കൽക്കരിയും ഉൾപ്പെടെയുള്ള കാർബൺ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള കൃത്യമായ കാര്യപരിപാടികളിലേക്കു രാജ്യങ്ങളെ എത്തിക്കാൻ ഇത്തവണയും ലോക ആഗോള കാലാവസ്ഥമാറ്റ സമിതിക്കു (യുഎൻഎഫ്സിസി) കഴിഞ്ഞില്ല. കാർബൺ പുറന്തള്ളൽ കുറയ്ക്കാതെ ആഗോളതാപനത്തെയും കാലാവസ്ഥമാറ്റത്തെയും ചെറുക്കാനുള്ള അദ്ഭുതവിദ്യ ആരുടെയും പക്കലില്ല.

കൽക്കരിയുടെയും മറ്റും ഉപയോഗം കുറയ്ക്കാൻ തീരുമാനിച്ചാൽ പാവപ്പെട്ട രാജ്യങ്ങൾക്കുണ്ടാകുന്ന വികസന– അതിജീവന പ്രശ്നങ്ങൾ ഏറെയാണ്. ഇത്തരം രാജ്യങ്ങളെ സഹായിക്കാനാണ് വികസിത രാജ്യങ്ങൾ വലിയൊരു ആഗോളനിധി രൂപീകരിക്കണമെന്നും ഹരിതസാങ്കേതിക വിദ്യകളിൽ ചിലതു കൈമാറണമെന്നുമുള്ള വ്യവസ്ഥ വന്നത്. കാലാവസ്ഥമാറ്റത്തിന്റെ ഫലമായ തീവ്രപ്രളയവും ചുഴലിക്കാറ്റുകളും കഠിനവരൾച്ചയും മറ്റുമുണ്ടാക്കുന്ന നഷ്ടങ്ങൾ നികത്തി നിലനിൽക്കാനുള്ള ശേഷിയും ശാസ്ത്ര– സാങ്കേതികമികവും പാവപ്പെട്ട രാജ്യങ്ങൾക്കില്ല.

ബർലിനിൽ 1995ൽ നടന്ന ആദ്യ ഉച്ചകോടി മുതൽ ഇരുനൂറോളം രാജ്യങ്ങൾ വർഷം തോറും ഒന്നിച്ച് ചർച്ചകൾ നടത്തിയതിന്റെ ഫലമായി 2015ലെ പാരിസ് ഉച്ചകോടിയിലാണ് ആഗോളനിധി സംബന്ധിച്ച പ്രാഥമികധാരണ ഉരുത്തിരിഞ്ഞത്. പാരിസ് കരാർ നിലവിൽ വന്ന് എട്ടു വർഷം കഴിഞ്ഞിട്ടും കാർബൺ ഇന്ധനം കത്തിക്കൽ ലോകത്തു വർധിക്കുന്നതേയുള്ളൂ. 

താപനിലയും കാലാവസ്ഥാ ദുരന്തങ്ങളും പകർച്ചവ്യാധികളും ജല– ഭക്ഷ്യ ക്ഷാമവുമെല്ലാം ഓരോ വർഷവും വർധിക്കുന്നു. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിനു ഭീഷണിയായ ദുരന്തങ്ങളുണ്ടായിട്ടും സമ്പന്നരാഷ്ട്രങ്ങൾ തുടരുന്ന നിസ്സംഗതയും നിഷ്ക്രിയത്വവും ഭയാനകമാണ്.

ചോദിച്ചത് കോടാനുകോടി; കിട്ടിയത് ചില്ലിക്കാശ്

യുഎസും യൂറോപ്യൻ യൂണിയനുംപോലെ ലോകത്തെ സമ്പന്നചേരിയിലുള്ള രാജ്യങ്ങൾ പണ്ടേ തുടങ്ങിയ ക്രമംകെട്ട വികസനത്തിന്റെ ആഘാതമാണ് പല കാലാവസ്ഥാ ദുരന്തങ്ങളും. പാവപ്പെട്ട രാജ്യങ്ങൾക്ക് ഇതിൽ വലിയ പങ്കില്ല. എന്നാൽ, കാലാവസ്ഥാ ദുരന്തങ്ങൾക്കു രാജ്യാതിർത്തികളില്ല. പ്രകൃതിക്കു ചൈനയുണ്ടാക്കുന്ന പരുക്ക് ഒരുപക്ഷേ, ബാധിക്കുന്നത് ആഗോള മൺസൂൺ മഴമേഘങ്ങളുടെ വരവിനെയാകും. ഇത് ഇന്ത്യയിൽ അതിവർഷമോ വരൾച്ചയോ സൃഷ്ടിച്ചാൽ ആ ഉത്തരവാദിത്തത്തിൽനിന്നു ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. ആ സാഹചര്യത്തി‍ൽ, ദുരന്തത്തെ അതിജീവിക്കാൻ ഇന്ത്യയെ സഹായിക്കാനുള്ള ബാധ്യത ചൈനയ്ക്കുണ്ട്.

climate-change

ദരിദ്ര– വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് 2020ൽ ആണ് 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.3 ലക്ഷം കോടി രൂപ) വാർഷിക കാലാവസ്ഥാ ധനസഹായ നിധി രൂപീകരിച്ചത്. എന്നാൽ, സമ്പന്നരാജ്യങ്ങൾ ഇതിനായി കാര്യമായ തുക വകമാറ്റാൻ തയാറായിട്ടില്ല. 

കാലാവസ്ഥാ ദുരന്ത നാശനഷ്ടങ്ങളിൽനിന്നു കരകയറാൻ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാൻ പ്രത്യേക തുക വേണമെന്ന മറ്റൊരു തീരുമാനം കഴിഞ്ഞ വർഷത്തെ ഈജിപ്ത് ഉച്ചകോടി എടുത്തിരുന്നു. ഈ ധാരണപ്രകാരം 15 വികസിതരാജ്യങ്ങളും ആതിഥേയരായ യുഎഇയും ചേർന്ന്  ദുബായ് ഉച്ചകോടിയിൽ നഷ്ടപരിഹാര അക്കൗണ്ടിനു തുടക്കമിട്ടു. എന്നാൽ,  ഇതിലെത്തിയ തുക ഒരു ബില്യൻ ഡോളർ മാത്രം (8321 കോടി). കോടാനുകോടികൾ വേണ്ടിടത്ത് ഈ തുച്ഛതുകകൊണ്ട് എന്താകാൻ? 

കൈകോർക്കണം, രാജ്യമൊന്നാകെ

ഈ അവസരത്തിൽ ഇന്ത്യ എന്തു ചെയ്യണമെന്ന ചോദ്യത്തിനു പ്രസക്തിയേറെ. സമ്പന്നരാജ്യങ്ങൾ മുൻകയ്യെടുക്കുന്നതു വരെ കാത്തിരിക്കാതെ മുന്നിട്ടിറങ്ങണം. പഠനങ്ങൾക്കോ കാത്തിരിപ്പിനോ സമയമില്ല. ദുരന്തം കൺമുൻപിലെത്തിക്കഴിഞ്ഞു. കാലാവസ്ഥാനിധി വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. പദ്ധതികൾ നടപ്പാക്കുന്നതിൽനിന്ന് അതൊന്നും നമ്മെ പിന്നോട്ടുവലിക്കരുത്. സുസ്ഥിര വികസന പാതയിലൂടെ മുന്നേറാനുള്ള പുതിയ വഴികളും പദ്ധതികളും രാജ്യമൊന്നാകെ കൈകോർത്തുനിന്നു കണ്ടെത്തണം. പ്രകൃതി സൗഹൃദ വളർച്ചയിലേക്കു മാറാനുള്ള അവസരമായി കാലാവസ്ഥമാറ്റത്തെ കാണണം. ഹരിതസാധ്യതകൾ തേടുകയും ചെയ്യണം.

കാലാവസ്ഥമാറ്റവുമായി ബന്ധപ്പെട്ട നടപടികളിലും സാങ്കേതികവിദ്യാ വികാസത്തിലും ഇന്ത്യ എന്നും മുൻപന്തിയിലുണ്ടാകുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായ് ഉച്ചകോടിയിൽ പറഞ്ഞത്. അറിവും പുതിയ വിവരങ്ങളും ആരുമായും ഇന്ത്യ പങ്കുവയ്ക്കും. കാലാവസ്ഥമാറ്റം യുവാക്കൾക്കു പ്രശ്നപരിഹാരം കണ്ടെത്താനും ജോലി നേടാനുമുള്ള അവസരം കൂടിയാണെന്നാണ് ഈ വാക്കുകൾ ഏറ്റുപിടിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

ഡോ. റോക്സി മാത്യു കോൾ
ഡോ. റോക്സി മാത്യു കോൾ

കൽക്കരി കുറച്ച്, മാറണം മറ്റു സ്രോതസ്സുകളിലേക്ക്

ഇന്ത്യയുടെ പാരമ്പര്യേതര ഊർജ ഉൽപാദനശേഷി ഈ വർഷം അവസാനത്തോടെ 132 ജിഗാ വാട്ട് എന്ന ലക്ഷ്യത്തിലെത്തും. കാലാവസ്ഥമാറ്റത്തെ ചെറുക്കാൻ ഇത് ഒരു പരിധിവരെ സഹായിക്കും. അതേസമയം, 241 ജിഗാ വാട്ട് ആയി ഇന്ത്യയുടെ ഊർജ ആവശ്യം ഉയർന്നിട്ടുണ്ട്. വൈദ്യുതിയുടെ 70% വരെ ഇപ്പോഴും കൽക്കരിയധിഷ്ഠിത താപനിലയങ്ങളിൽ നിന്നാണ്. രാജ്യത്തിന്റെ വളർച്ച മുരടിക്കാത്ത വിധത്തിൽ, കൽക്കരി ഉപയോഗം കുറച്ച് ഊർജ ആവശ്യങ്ങൾ നിറവേറ്റേണ്ട സാഹചര്യമാണിത്. സൗരോർജം, കാറ്റ് എന്നിവ പോലെ ആണവോർജം, ജലവൈദ്യുതി, ജൈവ ഇന്ധനം തുടങ്ങിയ സാധ്യതകളും പരിശോധിക്കാം. രാജ്യത്തെ വാഹന ഗതാഗതമേഖല മുഴുവനായും വൈദ്യുതി– ബാറ്ററി സംവിധാനത്തിലേക്കു മാറണം. മലിനീകരണമില്ലാത്ത സാങ്കേതികവിദ്യകൾക്കു ധനസഹായവും പ്രോത്സാഹനവും നൽകണം. 

കാലാവസ്ഥാരംഗത്ത് വരുമോ ഇന്ത്യൻ യുഗപ്പിറവി ?

ഐടി, ഡേറ്റ അനാലിസിസ്, നിർമിതബുദ്ധി എന്നിവയിലൂടെ സ്മാർട്ടാകാൻ ഇന്ത്യയ്ക്കു മുന്നിൽ സാധ്യതയേറെയാണ്. നൂതന ആശയങ്ങളുള്ള യുവാക്കളുടെ നാടാണ് ഇന്നത്തെ ഇന്ത്യ.  സാങ്കേതികവിദ്യകളിലും നാം പിന്നിലല്ല. തൊഴിൽ, വളർച്ച, ആശയമികവ് എന്നിവ പ്രോത്സാഹിപ്പിച്ചാൽ ഏതു വെല്ലുവിളിക്കും പരിഹാരം കാണാനാവും. കാർബൺ മലിനീകരണം കുറച്ച്, ദുരന്തങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിച്ചാൽ നമ്മുടെ സമ്പദ്ഘടനയും കൂടുതൽ കരുത്തുറ്റതാകും.

കാലാവസ്ഥമാറ്റം വെറും  ചർച്ചാവിഷയമാക്കാതെ രാജ്യത്തിന്റെ മുൻഗണനാ കർമപദ്ധതിയുടെ ഭാഗമാക്കണം. ജനജീവിതത്തെ അതിനനുസരിച്ച് ഒരുക്കിയെടുക്കണം. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യ മാർഗദർശിയാകണം.  

രണ്ടു ഡിഗ്രി കടന്ന് ശരാശരി താപവർധന

യുഎൻ പരിസ്ഥിതി പരിപാടിയുടെ ഭാഗമായുള്ള റിപ്പോർട്ടനുസരിച്ച്, വ്യവസായ യുഗപ്പിറവിക്കുശേഷം ലോകത്തിന്റെ ശരാശരി താപനില ഇതാദ്യമായി 1.5 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ നവംബർ 17ന് ലോകത്തിന്റെ ശരാശരി താപനിലവർധന രണ്ടു ഡിഗ്രിയിൽ കൂടുതലായി. ഇതു വെറും കണക്കല്ലെന്നു പെയ്തിറങ്ങിയ കാലാവസ്ഥാ ദുരന്തങ്ങൾ തെളിയിച്ചു. തീവ്രകാലാവസ്ഥ അനുഭവപ്പെടാത്ത ഒരു ദിവസം പോലും ഈ വർഷത്തെ ആദ്യ ഒൻപതു മാസങ്ങളിൽ ഇന്ത്യയിലില്ലായിരുന്നു എന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തുവിട്ട റിപ്പോർട്ട്. 2923 പേർക്കു ജീവൻ നഷ്ടപ്പെട്ടു, 1.84 ദശലക്ഷം ഹെക്ടറിലെ കൃഷിയെ ബാധിച്ചു, 80,563 വീടുകൾ തകർന്നു, 92,000 കന്നുകാലികൾ ചത്തു

(പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ലേഖകൻ)

English Summary:

Harm of climate change suffering India can no longer wait for help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com