സ്ത്രീയും പുരുഷനും 21 വയസ്സ് വരെ ഇനി ‘ചൈൽഡ്’; ബാലവിവാഹം തടയുക ലക്ഷ്യം

Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് വിവാഹത്തിനുളള പ്രായപൂർത്തി പുരുഷനെന്നപോലെ സ്ത്രീക്കും 21 വയസ്സ് എന്നതാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലൂടെ കൊണ്ടുവരുന്ന പ്രധാന നിയമഭേദഗതി. എന്നാൽ, 18 വയസ്സു തികഞ്ഞാൽ വ്യക്തി മേജർ, അതുവരെ മൈനർ എന്ന് ഇന്ത്യൻ മജോരിറ്റി നിയമത്തിലുൾപ്പെടെയുള്ള വ്യവസ്ഥയ്ക്ക് മാറ്റമില്ല.
ബാല വിവാഹ നിരോധന നിയമത്തിൽ ‘ചൈൽഡ്’ എന്നതിനുള്ള നിർവചനമാണ് മാറ്റുന്നത്. നിലവിലെ നിർവചനമനുസരിച്ച്, 21 വയസ്സു തികയാത്ത പുരുഷനും 18 തികയാത്ത സ്ത്രീയും ‘ചൈൽഡ്’ ആണ്. അതിനുപകരം, പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസ്സുവരെ ‘ചൈൽഡ്’ എന്ന് നിർവചനം മാറും.
ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, പാർസി വിവാഹ–വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം എന്നിവയിൽ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. മുസ്‌ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയും പക്വതയുമായാൽ പുരുഷനും, പ്രായപൂർത്തിയായാൽ സ്ത്രീക്കും വിവാഹമാവാം. എങ്കിലും, സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്‌ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’യിൽ ദിൻഷ ഫർദുൻജി മുല്ല വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിയമഭേദഗതി നടപ്പായാൽ, വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവർക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി.
മറ്റു മാറ്റങ്ങൾ
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി ഏകീകരിക്കുന്നതിനൊപ്പം, ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് നിയമത്തിലും (1956) ശ്രദ്ധേയമായ ഭേദഗതിയാണ് നിർദേശിച്ചിട്ടുള്ളത്: സ്വാഭാവിക രക്ഷാകർതൃത്വം സംബന്ധിച്ച വ്യവസ്ഥയിലാണിത്.
∙ മൈനർ പെൺകുട്ടി വിവാഹിതയായാൽ രക്ഷാകർതൃത്വ അവകാശം ഭർത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും.
∙ ആൺകുട്ടിയുടെയും അവിവാഹിതയായ പെൺകുട്ടിയുടെയും രക്ഷാകർതൃത്വം പിതാവിനും അതിനുശേഷം മാതാവിനും എന്ന വ്യവസ്ഥയിലെ ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.
∙ നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെയുള്ള ആൺകൂട്ടിയുടെയും, വിവാഹ ബന്ധത്തിലൂടെയല്ലാതെയുള്ള അവിവാഹിതയായ പെൺകുട്ടിയുടെയും രക്ഷാകർതൃത്വം മാതാവിനും അതിനുശേഷം പിതാവിനും എന്ന വ്യവസ്ഥയിലെയും ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.
പിതാവിനുശേഷം, മാതാവിനുശേഷം എന്നിങ്ങനെ നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ജെൻഡർ തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോഴും ഇരുവർക്കും തുല്യ അവകാശമാണുള്ളതെന്ന് ഗീത ഹരിഹരനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കേസിൽ (1999) സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കുമായുള്ള ദത്തെടുക്കൽ വ്യവസ്ഥകളുടേതായ 1956 ലെ ഹിന്ദു ദത്തെടുക്കൽ–പരിപാലന നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ഇന്നലെ അവതരിപ്പിച്ച ബിൽ. ദത്തെടുക്കലിന് മറ്റുള്ളവർക്ക് ബാധകമാകുന്നത് ബാല നീതി നിയമത്തിലെ വ്യവസ്ഥകളാണ്. ഹിന്ദു ദത്തെടുക്കൽ – പരിപാലന നിയമത്തിൽ പറഞ്ഞിട്ടുള്ളത് മൈനർ അല്ലാത്തവർക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിർവചനമനുസരിച്ച്, 18 വയസ്സ് തികയുംവരെയാണ് മൈനർ. ഈ നിർവചനത്തിൽ മാറ്റം വരുത്തുന്നില്ല. എന്നാൽ, 21 വയസ്സിൽ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയാണ്.
പ്രായപൂർത്തിയാകാതെ വിവാഹബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് 20 വയസ്സിനകം നൽകാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തിൽ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി വർധിപ്പിക്കാനുള്ള നിർദേശവും ബില്ലിലുണ്ട്.
മാറ്റത്തിന്റെ കാരണങ്ങൾ
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കാനുള്ള നടപടി കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തുടർനടപടികൾ.
ഉദ്ദേശിക്കുന്ന മാറ്റത്തിന് ബില്ലിൽ പറയുന്ന പ്രധാന കാരണങ്ങൾ ഇവയാണ്:
∙ നിയമപ്രകാരം നിരോധനമുണ്ടെങ്കിലും ഇപ്പോഴും ബാലവിവാഹങ്ങൾ നടക്കുന്നു. അതു തടയാൻ നിയമപരിഷ്കാരം വേണം.
∙ ശാരീരികവും മാനസികവും പ്രത്യുൽപാദനപരുമായ ആരോഗ്യം ഉൾപ്പെടെയുള്ളവയിൽ സ്ത്രീകൾക്കു പുരോഗതിയുണ്ടാവണം.
∙ ജെൻഡർ തുല്യത ഭരണഘടനയിലൂടെ ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. വിവാഹപ്രായത്തിലെ വേർതിരിവ് അതിനു വിരുദ്ധം.
∙ ഉന്നതവിദ്യാഭ്യാസം, തൊഴിൽ പരിശീലനം, മാനസിക പക്വത ആർജിക്കൽ, നൈപുണ്യ വികസനം എന്നിവയിൽ നിലവിലെ സാഹചര്യങ്ങൾ സ്ത്രീകളെ പിന്നാക്കമാക്കുന്നു. സ്ത്രീകൾക്കുള്ള തൊഴിലവസരം വർധിക്കണം.
∙ സ്ത്രീകൾ സ്വയം പര്യാപ്തരാകാണം, സ്വയം നിർണയശേഷിയുണ്ടാവണം.
∙ മാതൃ–ശിശു മരണനിരക്ക് കുറയ്ക്കണം, പോഷകാഹാര ലഭ്യതയും സ്ത്രീ–പുരുഷ അനുപാതവും മെച്ചപ്പെടണം, ഉത്തരവാദിത്തത്തോടെ കുഞ്ഞുങ്ങളെ വളർത്തേണ്ടത് മാതാവിനൊപ്പം പിതാവിന്റെയും ചുമതലയാവണം.
English Summary: Marriage age bill