കവിത കരുത്തായി, ശ്രദ്ധ തിരിച്ചുവന്നു
![sradha ശ്രദ്ധ ഗരാഡ്](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/8/22/sradha.jpg?w=1120&h=583)
Mail This Article
പനജി ∙ അദ്ഭുതങ്ങൾ സംഭവിക്കും എന്നാണ് ചലനശേഷി നഷ്ടപ്പെട്ട് കിടക്കയിൽ മാത്രമായി ഒതുങ്ങിയപ്പോഴും ശ്രദ്ധ വിശ്വസിച്ചത്. ചലനശേഷിയുള്ള ഒരേയൊരു കൈവിരലിലൂടെ ആദ്യം കവിതകൾ ഉതിർന്നുവീണു. കവിതയുടെ സുഗന്ധം എന്ന് അർഥമാക്കുന്ന ‘കാവ്യപരിമൾ’ പുറത്തിറങ്ങിയത് ചിലരെങ്കിലും അദ്ഭുതത്തോടെ കണ്ടു. അടുത്തവർഷം, 2020 ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം കിട്ടിയപ്പോഴാണ് ശ്രദ്ധ ഗരാഡ് (33) എന്ന കവിയെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള വീട്ടിലെത്തി കണ്ടത്. ചെറിയ ചെറിയ അദ്ഭുതങ്ങളുടെ മറ്റൊരു തുടക്കമായിരുന്നു അത്.
ചികിത്സയില്ല എന്നു പറഞ്ഞ് വൈദ്യലോകം ശ്രദ്ധയെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഗവർണർ മുൻകൈയെടുത്ത് ഗോവ മെഡിക്കൽ കോളജിൽ ചികിത്സ ഏർപ്പാടാക്കി. സാമ്പത്തിക സഹായവും നൽകി. ശ്രദ്ധ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കിടക്കവിട്ട് എണീറ്റ്, ഏതാനും മിനിറ്റുകൾ ചക്രക്കസേരയിൽ ഇരിക്കാൻ കഴിയുന്ന അവസ്ഥയിലെത്തി. ‘ഇനി എണീറ്റു നിൽക്കും, നടക്കും’– ശ്രദ്ധ പ്രതീക്ഷിക്കുന്നു.
നാഡികളെ ക്രമേണ തളർത്തുന്ന രോഗമായ മൾട്ടിപ്പിൾ സ്ക്ലിറോസിസ് 2014 ലാണ് തിരിച്ചറിഞ്ഞത്. കൊങ്കണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രദ്ധ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ചികിത്സ തിരഞ്ഞ് പലേടത്തും സഞ്ചരിച്ചു. നിരാശയ്ക്കൊപ്പം രോഗവും പിടിമുറുക്കി. പൂർണമായും കിടക്കയിലൊതുങ്ങി. അവിടെ നിന്നാണ് കവിതകളിലൂടെ പ്രകാശം കണ്ടെത്തിയത്. ചലനശേഷിയുള്ള ഏക വിരൽ ഉപയോഗിച്ച് സ്മാർട്ഫോണിൽ കവിതകളെഴുതി. ഇനി 5 പുസ്തകങ്ങൾ ഓരോന്നായി പുറത്തുവരും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്തിയ സാഹിത്യസമ്മേളനത്തിൽ ശ്രദ്ധയെയും ക്ഷണിച്ചു. ജ്ഞാനപീഠജേതാവ് ദാമോദർ മൗസോ അടക്കമുള്ളവരുടെ വേദിയിലേക്ക് വീൽചെയറിൽ ശ്രദ്ധ എത്തി. എല്ലാവരുടെയും കണ്ണുനനയിച്ച വാക്കുകളായിരുന്നു ശ്രദ്ധയുടേത്. ഒരു ഘട്ടത്തിൽ ഗവർണറെ നോക്കി ശ്രദ്ധ പറഞ്ഞു– ‘എന്റെ ജീവിതത്തിലെ മാലാഖ’.
ഗവർണർ പദവിയിൽ എത്തിയശേഷം ഏറ്റവും ആഹ്ലാദം പകർന്ന ദിവസം എന്നായിരുന്നു കവി കൂടിയായ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രതികരണം. ജനങ്ങളാണ് പരമാധികാരികൾ, ഭരണഘടനാ പദവികളെല്ലാം അവരെ സേവിക്കാൻ വേണ്ടിയുള്ളതും– അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Goa, Sradha