സ്വകാര്യ റോക്കറ്റ് ലോഞ്ച്പാഡ് ശ്രീഹരിക്കോട്ടയിൽ തുറന്നു

Mail This Article
ചെന്നൈ ∙ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ലോഞ്ച്പാഡ് (വിക്ഷേപണത്തറ) ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ-സാങ്കേതിക സംരംഭമായ അഗ്നികുൽ, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ സ്ഥാപിച്ചു.
ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. അഗ്നികുൽ രൂപകൽപന ചെയ്ത ലോഞ്ച്പാഡ് ഐഎസ്ആർഒ, ഇൻ-സ്പേസ് (ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) എന്നിവയുടെ സഹകരണത്തോടെയാണു സ്ഥാപിച്ചത്. അഗ്നികുൽ ലോഞ്ച്പാഡിനൊപ്പം (എഎൽപി) 4 കിലോമീറ്റർ അകലെ അഗ്നികുൽ മിഷൻ കൺട്രോൾ സെന്ററും (എഎംസിസി) ഉണ്ട്.
വിക്ഷേപണ സമയത്ത് ഇസ്റോയുടെ പിന്തുണ ഉറപ്പാക്കാനും ഇസ്റോയുടെ മിഷൻ കൺട്രോൾ സെന്ററുമായി ആവശ്യാനുസരണം ഡേറ്റയും മറ്റു നിർണായക വിവരങ്ങളും പങ്കിടാനും ധാരണയായിട്ടുണ്ട്. 3 ഡി പ്രിന്റിങ് സംവിധാനം വഴി അഗ്നികുൽ വികസിപ്പിച്ച റോക്കറ്റ് അഗ്നിബാൺ ഈ ലോഞ്ച്പാഡിൽ നിന്നായിരിക്കും വിക്ഷേപിക്കുക. 100 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള അഗ്നിബാൺ റോക്കറ്റിന് 700 കിലോമീറ്റർ ദൂരെ വരെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ എത്തിക്കാൻ കഴിയുമെന്ന് അഗ്നികുലിന്റെ സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.
English Summary: India's first private rocket launch pad unveiled at Sriharikota