മോദിയുടെ ഡിഗ്രി ചോദിച്ചതിന് കേജ്‌രിവാളിന് 25,000 രൂപ പിഴ
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ടു. പ്രധാനമന്ത്രിയുടെ ഓഫിസും ഗുജറാത്ത്, ഡൽഹി സർവകലാശാലകളും കേജ്‍രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവും റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനു സ്റ്റേ വേണമെന്നന്നും പിഴത്തുകയിൽ ഇളവു വേണമെന്നുമുള്ള കേജ്‌രിവാളിന്റെ ആവശ്യം ജസ്റ്റിസ് ബീരെൻ വൈഷ്ണവ് തള്ളി. തുക നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ കെട്ടിവയ്ക്കണം.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്തു, ഗുജറാത്ത് സർവകലാശാല നേരത്തേ പരസ്യപ്പെടുത്തിയ കാര്യമായിട്ടും കേജ്‍രിവാൾ കേസുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. മോദി 1983 ൽ പൊളിറ്റിക്കൽ സയൻസിൽ എംഎ പൂർത്തിയാക്കിയിരുന്നതായി 2016 മേയിൽ അന്നത്തെ വൈസ് ചാൻസലർ എം.എൻ.പട്ടേൽ പറഞ്ഞിരുന്നു.
മോദിയുടെ ബിരുദ വിവരങ്ങൾ കേജ്‌രിവാളിനു കൈമാറാൻ 2016 ഏപ്രിലിലാണ് അന്നത്തെ വിവരാവകാശ കമ്മിഷണർ ഡോ. ശ്രീധർ ആചാര്യലു നിർദേശിച്ചത്. എന്നാൽ പരസ്പരവിശ്വാസം പാലിക്കേണ്ട സാഹചര്യങ്ങളിൽ വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാതിരിക്കാമെന്നും വിവരാവകാശ നിയമത്തിലെ 8(1)ഇ വകുപ്പു പ്രകാരം ഇത്തരം വിവരങ്ങൾ പൊതുതാൽപര്യമില്ലെങ്കിൽ നൽകേണ്ടതില്ലെന്നും ഗുജറാത്ത് സർവകലാശാല വാദിച്ചു. പൊതുജനത്തിനു താൽപര്യമുണ്ടായതുകൊണ്ടു മാത്രം പൊതുതാൽപര്യമുള്ള വിഷയമാകില്ലെന്നും വിദ്യാഭ്യാസ യോഗ്യത വ്യക്തിഗത വിവരമാണെന്നും സർവകലാശാലയ്ക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
ഡൽഹി സർവകലാശാലയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിവരാവകാശ കമ്മിഷന്റെ ഉത്തരവു സ്റ്റേ ചെയ്തിരുന്നു. ഈ കേസ് മേയ് മൂന്നിനു പരിഗണിക്കും. മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്കു 2 വർഷം തടവു വിധിച്ചതിനു പിന്നാലെയാണു കേജ്‍രിവാളിനെതിരായ ഗുജറാത്ത് ഹൈക്കോടതി വിധി.
∙ ‘പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ ? എന്താണിവിടെ നടക്കുന്നത് ?’ – അരവിന്ദ് കേജ്രിവാൾ
English Summary: Details Of PM Degree Not Needed, Says Court, Fines Arvind Kejriwal: Report