മുകളിലും താഴെയും മത്സരിച്ച് രക്ഷാപ്രവർത്തനം

Mail This Article
രക്ഷാപ്രവർത്തനം ഏറ്റെടുത്ത ദൗത്യസംഘങ്ങൾക്കിടയിലെ മത്സരത്തിനും സിൽക്യാര തുരങ്കം സാക്ഷിയായി. തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ കുഴൽ കടത്തിവിടുന്ന രക്ഷാപ്രവർത്തനത്തിനായിരുന്നു പ്രഥമ പരിഗണന. ഇതു പാതിവഴിയിൽ തടസ്സപ്പെട്ടേക്കാമെന്ന കണക്കുകൂട്ടലിൽ മലയുടെ മുകളിൽനിന്നു കുഴിച്ചിറങ്ങാനുള്ള ശ്രമം പിന്നീട് ആരംഭിച്ചു. മലമുകളിൽനിന്നു തുരങ്കത്തിലേക്ക് 86 മീറ്ററാണു തുരക്കേണ്ടിയിരുന്നത്; അവശിഷ്ടങ്ങളിലൂടെ കുഴൽ സ്ഥാപിക്കാൻ 60 മീറ്ററും.
തുരങ്കം നിർമിച്ച ‘നവയുഗ’ എന്ന സ്വകാര്യ കമ്പനി അവശിഷ്ടങ്ങൾ തുരക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തപ്പോൾ ഓസ്ട്രേലിയയിൽ നിന്നെത്തിയ തുരങ്കനിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സ് മല തുരക്കാനുള്ള ദൗത്യം നയിച്ചു. ഏറ്റവുമാദ്യം തൊഴിലാളികളിലേക്കെത്താൻ ഇരുദൗത്യസംഘങ്ങളും മത്സരിച്ചു. ഒടുവിൽ കുഴലിലൂടെയുള്ള രക്ഷാവഴി ആദ്യം പൂർത്തിയായി. അപ്പോഴേക്കും മലമുകളിൽനിന്നുള്ള 86 മീറ്ററിൽ 50 മീറ്ററോളം കുഴിച്ചിരുന്നു.
തുരങ്കത്തിനുള്ളിലെ രക്ഷാപ്രവർത്തനം കരസേനയെപ്പോലും ഭാഗമാക്കാതെ സ്വകാര്യ കമ്പനി പൂർണമായി ഏറ്റെടുത്തത് ആക്ഷേപത്തിനുമിടയാക്കി. ദുഷ്കര സാഹചര്യങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള സേനാംഗങ്ങൾ എത്തിയിരുന്നെങ്കിലും ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. സേനയെ രംഗത്തിറക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, ദിവസങ്ങൾ മുന്നേ ദൗത്യം പൂർത്തിയാക്കാമായിരുന്നുവെന്ന വിലയിരുത്തലുണ്ട്.
∙ 9 ദിവസം മുൻപ് ഞങ്ങൾ സിൽക്യാര തുരങ്കത്തിലെത്തിയതാണ്. പക്ഷേ, രക്ഷാപ്രവർത്തനത്തിൽ കരസേനയെ അടുപ്പിച്ചില്ല. തൊഴിലാളികളെ പുറത്തെത്തിക്കാൻ ആവശ്യമായ സേവനങ്ങൾ ഞങ്ങൾ ചെയ്തു. തുരങ്കത്തിനുള്ളിലെ രക്ഷാപ്രവർത്തനം നയിച്ച സ്വകാര്യ കമ്പനി ഞങ്ങളുടെ സഹായം നിരാകരിച്ചു. രക്ഷാപ്രവർത്തനത്തിൽ ചേരാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയും ഞങ്ങൾക്കു ലഭിച്ചില്ല. ഇത്തരം രക്ഷാദൗത്യങ്ങൾ വിജയകരമായി നടപ്പാക്കാൻ കെൽപുള്ളവരാണ് കരസേനാംഗങ്ങൾ. പക്ഷേ, സേനയ്ക്ക് കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. - ടില്ലു തോമസ് (എൻജിനീയേഴ്സ് റജിമെന്റ്, കരസേന)