ADVERTISEMENT

2002 മാർച്ച് 3: കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോൾ ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടു. 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ സംഘം ചേർന്നു പീഡിപ്പിച്ചു. 3 വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ 7 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

മാർച്ച് 4: ബിൽക്കീസിനെ ലിംഖേഡ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. താൻ പീഡിപ്പിക്കപ്പെട്ടതായി ബിൽക്കീസ് പറഞ്ഞത് ഉൾപ്പെടുത്താതെ എഫ്ഐആർ. ആക്രമിച്ചവരെന്നു ബിൽക്കീസ് പറഞ്ഞ 12 റന്ധിക്പുർ നിവാസികളെക്കുറിച്ചും പരാമർശമില്ല. സ്വന്തം ഗ്രാമവാസികളായിരുന്നതിനാലാണ് ബിൽക്കീസിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്.

മാർച്ച് 5: ഗോധ്രയിലെ ദുരിതാശ്വാസ ക്യാംപിൽവച്ച് കലക്ടറുടെ നിർദേശപ്രകാരം ബിൽക്കീസിന്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കുടുംബാംഗങ്ങളിൽ 7 പേരുടെ മൃതദേഹങ്ങൾ കേശാർപുരിലെ കാട്ടിൽനിന്നു കണ്ടെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

നവംബർ 6: കേസ് ശരിയാണെങ്കിലും കുറ്റവാളികളെ കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയിൽ പറയുന്നു. കേസ് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 

2003 ഫെബ്രുവരി: കേസ് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുന്നു. ബിൽ‍ക്കീസിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് ന്യായീകരണം. 

ഏപ്രിൽ: കീഴ്ക്കോടതി ഉത്തരവു റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് സുപ്രീം കോടതിയിൽ.

ഡിസംബർ 6: കേസ് സിബിഐ അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശം. 

2004 ജനുവരി 22: ബിജെപി മുൻ ജില്ലാ സംഘടനാ  സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ശൈലേഷ് ഭട്ട്, ഒരു മുൻമന്ത്രിയുടെ പിഎ എന്നിവരടക്കമുളള പ്രതികളെ സിബിഐ അറസ്‌റ്റ് ചെയ്‌തു.

ഫെബ്രുവരി 1–2: ജഡങ്ങൾ പുറത്തെടുത്ത് സിബിഐയുടെ പരിശോധന. ലഭിച്ചത് 109 അസ്ഥികൾ; തലയോട്ടികൾ ലഭിച്ചില്ല. 

ഏപ്രിൽ 19: രണ്ടു ഡിവൈഎസ്പിമാരടക്കം 6 പൊലീസ് ഉദ്യോഗസ്‌ഥരും 2 പ്രാദേശിക ബിജെപി നേതാക്കളും ഡോക്‌ടർ ദമ്പതികളും ഉൾപ്പെടെ 20 പേർക്കെതിരെ അഹമ്മദാബാദ് സിജെഎം കോടതിയിൽ സിബിഐ കുറ്റപത്രം.

ഓഗസ്‌റ്റ് 6: ഗുജറാത്തിൽ നീതി ലഭിക്കില്ലെന്ന ബിൽക്കീസിന്റെ വാദം അംഗീകരിച്ച് വിചാരണ മുംബൈയിലേക്കു മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കേന്ദ്രത്തിന് കോടതിയുടെ നിർദേശം.

ഡിസംബർ 19: കേസിൽ തെളിവായി സിബിഐ കണ്ടെടുത്ത അസ്‌ഥികൾ കൊല്ലപ്പെട്ടവരുടേതു തന്നെയെന്ന് ഡൽഹി എയിംസിലെ പരിശോധനയിൽ സ്ഥിരീകരണം. കൊല്ലപ്പെട്ടവരിൽ 7 പേരെ പൊലീസ് ഒരു നീർച്ചാലിൽ ഉപ്പിട്ടുമൂടുകയായിരുന്നുവെന്നാണു കണ്ടെത്തിയത്.

2008 ജനുവരി 18: ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 13 പ്രതികൾ കുറ്റക്കാരെന്നു മുംബൈയിലെ പ്രത്യേക സെഷൻസ് കോടതി വിധി.  ഡോക്ടർ ദമ്പതികളെയും 5 പൊലീസ് ഉദ്യോഗസ്‌ഥരെയും വിട്ടയച്ചു.

ജനുവരി 21: പതിനൊന്നു പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒരാൾക്ക് 3 വർഷം കഠിനതടവ്. മറ്റൊരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2017 മേയ് 4: ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യം തള്ളി. 7 േപരെ വിട്ടതു റദ്ദാക്കി. ഇവർ ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയാക്കി; പിഴയും ചുമത്തി. 

ജൂലൈ: ഹൈക്കോടതി ശിക്ഷിച്ചതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒഴികെ 6 പേർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.

2019 ഏപ്രിൽ 23: ബിൽക്കീസ് ബാനോയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം.

മേയ് 30: പ്രതികളിലൊരാളായ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.എസ്.ഭഗോരയെ വിരമിക്കുന്നതിന്റെ തലേന്ന് സർവീസിൽനിന്നു പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. 

ജൂലൈ 17: ജീവപര്യന്തം തടവു ലഭിച്ച രാധേശ്യാം ഷാ ശിക്ഷയിളവു വിഷയത്തിൽ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്ന് കോടതി. 

2022 മേയ് 13: ശിക്ഷയിളവിനുള്ള രാധേശ്യാം ഷായുടെ അപേക്ഷയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദേശം. 

ഓഗസ്റ്റ് 15: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പേരെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു.

സെപ്റ്റംബർ: കുറ്റവാളികളുടെ മോചനത്തിനെതിരെ ബിൽക്കീസ് ബാനോ സുപ്രീം കോടതിയിൽ.

2023 ഏപ്രിൽ 18: മോചനത്തിനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോടു നിർദേശിച്ചു. കൊടുംകുറ്റവാളികൾക്കും സ്വയം നവീകരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ മറുപടി.

2024 ജനുവരി 8: പതിനൊന്നു പേരുടെയും മോചനം റദ്ദാക്കി സുപ്രീം കോടതി വിധി.

∙ രാഷ്ട്രീയനേട്ടങ്ങൾക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്നത് ആരാണെന്ന് സുപ്രീം കോടതി വിധി രാജ്യത്തിനു വീണ്ടും കാണിച്ചുതന്നു. ധിക്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണു ബിൽക്കീസ് ബാനോ. -  രാഹുൽ ഗാന്ധി (കോൺഗ്രസ് നേതാവ്)

∙ കേന്ദ്രസർക്കാരിന്റെ സമ്മതം കൂടി പരിഗണിച്ചാണു ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തതെന്നത് ഈ കുറ്റവാളികളുടെ കൂട്ടുകെട്ടിൽ കേന്ദ്രത്തെയും പങ്കാളിയാക്കുന്നു. -  സിപിഎം

∙ ഗുജറാത്ത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണു സുപ്രീം കോടതി വിധി. - വൃന്ദ കാരാട്ട് (സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)

English Summary:

Bilkis Bano's case: Two decades of struggle and always aid is Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com