രാഹുലിനോടും പ്രിയങ്കയോടും അമേഠി, റായ്ബറേലി തീരുമാനം പറയൂ...
Mail This Article
ന്യൂഡൽഹി ∙ ദീർഘകാലം ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തുടരുന്നതിൽ പ്രവർത്തകർക്ക് നിരാശ. ഇരു മണ്ഡലങ്ങളിലും സമാജ്‍വാദി പാർട്ടിയുടെ പ്രവർത്തകരും ‘വോട്ടുചോദിക്കാൻ’ പറ്റിയൊരു സ്ഥാനാർഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അമേഠിയിൽ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പ്രചാരണം തുടങ്ങി. റായ്ബറേലിയിൽ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വയനാട്ടിൽ പത്രിക നൽകിയ രാഹുൽ അമേഠിയിലും മത്സരത്തിനിറങ്ങുമെന്നു തന്നെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ മറുപടി നൽകിയിട്ടില്ല. സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് യുപി നേതാക്കൾ വ്യക്തമാക്കിയെങ്കിലും പ്രിയങ്ക തീരുമാനം പറഞ്ഞിട്ടില്ല. രാഹുലും പ്രിയങ്കയും യുപിയിൽ മത്സരിക്കുന്നില്ലെങ്കിൽ ആരെന്നതടക്കം മണ്ഡലത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പമുണ്ട്.
അതിനിടെ, അമേഠി മണ്ഡലത്തിൽ വോട്ടറാകാൻ എംപി സ്മൃതി ഇറാനി അപേക്ഷ നൽകി. മേദൻ മവായ് ഗ്രാമത്തിൽ വീടുവച്ച സ്മൃതി, സ്ഥിരം വിലാസം നേടിയതിനു പിന്നാലെയാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയത്.
എനിക്ക് അമേഠി തരൂ: റോബർട്ട് വാധ്‍ര
ന്യൂഡൽഹി ∙ അമേഠി മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാധ്‍ര. ഗാന്ധി കുടുംബാംഗമായ ഒരാൾ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അമേഠിയിൽ മത്സരിക്കണമെന്ന് എനിക്ക് അഭ്യർഥന ലഭിക്കാറുണ്ട്. പ്രിയങ്കയുമായി 1999 ൽ അവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയത് ഓർക്കുന്നുണ്ട്. അവിടെ നേരത്തെ ഒപ്പം പ്രവർത്തിച്ചവരുമായി ഇപ്പോഴും ബന്ധമുണ്ട്. ജന്മദിനത്തിൽ അവർ ആശംസ അറിയിക്കാറുണ്ട്. – വാധ്‍ര പറഞ്ഞു.