ഓർത്തഡോക്സ് സഭയ്ക്ക് പിന്തുണ: വി.മുരളീധരൻ
Mail This Article
കോട്ടയം ∙ സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതാണു മോദി സർക്കാരിന്റെ സമീപനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. നീതിക്കും ന്യായത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ വാർഷികവും അനുസ്മരണവും മാതൃ ഇടവകയായ കുറിച്ചി വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ.
ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാട്ടുന്നില്ല. സുപ്രീം കോടതി വിധിയിൽ ശബരിമലയിൽ ഒന്ന്, ഓർത്തഡോക്സ് സഭയുടെ കാര്യത്തിൽ മറ്റൊന്ന് എന്ന സമീപനമാണു സംസ്ഥാന സർക്കാരിന്റേത്. പക്ഷപാതപരമാണ് ഈ നിലപാട്. കോന്നി ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ലഭിക്കാൻ സിപിഎം നേതൃത്വം കാതോലിക്കാ ബാവായെ കണ്ടു നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടോ എന്ന് ഏവരും കണ്ടതാണ്. സെമിത്തേരി ഓർഡിനൻസിൽ ഭരണ–പ്രതിപക്ഷ മുന്നണികൾ ഓർത്തഡോക്സ് സഭയെ പ്രതിരോധത്തിലാക്കിയെന്നും കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നിലപാടിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നതായി വക്താവ് ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
English Summary: Support to Orthodox Church says V. Muralidharan