വിവാദം ഭരണത്തെയും ബാധിച്ചു; ഫയൽ നീക്കം മന്ദഗതിയിൽ

Mail This Article
തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ വിവാദങ്ങൾ ഭരണത്തെയും ബാധിച്ചു. സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം മന്ദഗതിയിലായി. നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ മടിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കൂടി വന്നതോടെ നിയമനവും സ്ഥലംമാറ്റവും പോലും നടത്താൻ പറ്റാത്ത സാഹചര്യമാണ്. എല്ലാ സർക്കാരുകളുടെയും അവസാന 6 മാസം ഭരണരംഗത്തു മാന്ദ്യം പതിവാണ്. വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇത്തവണ അതു നേരത്തേ തുടങ്ങി. യുവജനക്ഷേമ ബോർഡിലും വിദ്യാഭ്യാസ വകുപ്പിലെ ചില സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വകുപ്പു സെക്രട്ടറിമാരിൽ പലരും വഴങ്ങുന്നില്ല. ഇങ്ങനെ വഴങ്ങാതിരുന്ന സെക്രട്ടറിയെ ഈയിടെ വകുപ്പിന്റെ ചുമതലയിൽ നിന്നു മാറ്റി. നിയമ, ധന വകുപ്പുകളുടെ അഭിപ്രായം തേടിയ ശേഷമാണു പിൻവാതിൽ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ ഭരണ വകുപ്പിലെത്തുക. തുടർന്നു മന്ത്രിസഭ അംഗീകരിക്കണം. എന്നാൽ ചില വകുപ്പുകളുടെ സെക്രട്ടറിമാർ കർശനമായി ചട്ടം നോക്കാൻ തുടങ്ങിയതു സർക്കാരിന്റെ ലക്ഷ്യം തടസ്സപ്പെടുത്തുന്നു.
നിയമ വിരുദ്ധമായി തീരുമാനം എടുക്കുകയും ഭരണം മാറുകയും ചെയ്താൽ കേസിൽ കുടുങ്ങുമെന്ന ആശങ്ക ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്. അതിനാൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാവുന്ന കാര്യങ്ങൾ പോലും മന്ത്രിമാരുടെ തീരുമാനത്തിന് അയയ്ക്കുകയാണ്.
മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരം, ജയിൽ വകുപ്പുകളിലെ ഫയലുകൾ ഒന്നര മാസം വരെ വൈകുന്നുണ്ട്. മുൻപ് ഒരാഴ്ച വരെ വൈകിയിരുന്ന ഫയലുകളാണു സർക്കാർ വിവാദത്തിൽ പെട്ടതോടെ ഇഴഞ്ഞു നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ ഓരോ മാസവും വിരമിക്കുന്നവരുടെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റം തൊട്ടടുത്ത മാസം ആദ്യം തന്നെ നടക്കാറുണ്ട്. പക്ഷേ, ഒക്ടോബറിലെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയത് 13 ദിവസം വൈകിയാണ്.
English Summary: Controversy over Kerala government, file-movements