വായ്പ കുടിശിക: പാർട്ടിയുടെ മുൻ എംഎൽഎയ്ക്കെതിരെ ജപ്തി നടപടിക്ക് ബാങ്ക്

Mail This Article
കാസർകോട് ∙ അന്തരിച്ച മുൻ എംഎൽഎയും 37 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന പി.രാഘവൻ എടുത്തിരുന്ന വായ്പ കുടിശിക തിരിച്ചുപിടിക്കാൻ നടപടിയുമായി സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക്. രാഘവൻ തന്നെ മുൻകയ്യെടുത്തു സ്ഥാപിച്ച കാസർകോട് സർവീസ് സഹകരണ ബാങ്ക് ആണ് നടപടിക്ക് ഒരുങ്ങുന്നത്. 1.40 കോടി രൂപയാണു തിരിച്ചടയ്ക്കാനുള്ളത്.
ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജപ്തി ഒഴിവാക്കാൻ 2012 ൽ ലോൺ പുതുക്കി എടുക്കുകയായിരുന്നു. മുതൽ തിരിച്ചടയ്ക്കാതെ പുതുക്കിയപ്പോൾ തുക 1.40 കോടിയായി ഉയർന്നു.
കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് അയച്ചിരുന്നു. പലിശ ഇനത്തിൽ മാത്രം 40 ലക്ഷത്തോളം രൂപയുണ്ട്. പാർട്ടിക്കും രാഘവന്റെ സ്മരണയ്ക്കും മുറിവേൽക്കാത്ത വിധം ബാങ്കിനു ലഭിക്കാനുള്ള തുക തിരിച്ചടപ്പിക്കാനാണ് ഭരണസമിതിയുടെ ശ്രമം.
അവസാനശ്വാസം വരെ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച നേതാവിന്റെ കടബാധ്യത പരിഹരിക്കാൻ പാർട്ടി ഇടപെടണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അതേസമയം, അച്ഛന്റെ കടബാധ്യത പരിഹരിക്കാനുള്ള ശ്രമത്തിലാണ് മക്കൾ. സ്ഥലം വിറ്റു കുടിശിക അടയ്ക്കാനാണു ശ്രമം. ഇരുന്നൂറിലേറെ സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകനായ രാഘവൻ ആയിരുന്നു ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ്. ജൂലൈ 5ന് ആണ് അന്തരിച്ചത്.
Content Highlight: P. Raghavan