ADVERTISEMENT

തൊടുപുഴ ∙ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ഒട്ടേറെ പേരെ കൊലപ്പെടുത്തുകയും വീടുകൾ തകർക്കുകയും ചെയ്ത ഒറ്റയാൻ ‘അരിക്കൊമ്പനെ’ മയക്കുവെടി വച്ചു പിടിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്. കഴിഞ്ഞ മാസം മാത്രം 6 വീടുകളും 3 കടകളും അരിക്കൊമ്പൻ തകർത്തു. പ്രദേശത്തിന്റെ ഭൂപ്രകൃതി സൃഷ്ടിക്കുന്ന വെല്ലുവിളി മൂലം മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടയ്ക്കാൻ സാധിച്ചില്ലെങ്കിൽ റേഡിയോ കോളർ ധരിപ്പിച്ചു നിരീക്ഷിക്കുകയോ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നു വിടുകയോ ചെയ്യാനാണ് ഉത്തരവ്. 

ജനുവരി 31നു വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടുക്കി കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അരിക്കൊമ്പനെ പിടികൂടാൻ കുങ്കിയാനകളുടെ സേവനം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കണമെന്നും നിർദേശം നൽകി. മയക്കുവെടി വച്ചു പിടികൂടിയാൽ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനാണു നിർദേശം. കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനകളുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 3 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനകൾ 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാക്കുകയും ചെയ്തു. 

2018ൽ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ഒറ്റയാൻ മയങ്ങാത്തതിനാൽ പരാജയപ്പെട്ടു. ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ഇന്നു ചേരും. വനംവകുപ്പിന്റെ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും സംഘവും ഇടുക്കിയിലെത്തിയ ശേഷം ചേരുന്ന യോഗത്തിൽ അരിക്കൊമ്പനെ പിടികൂടാനുള്ള അന്തിമ രൂപരേഖ തയാറാക്കും. മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാന്മാരെ പിടിക്കുന്നതിനു നിലവിൽ വനം വകുപ്പു ശുപാർശ നൽകിയിട്ടില്ല. 

English Summary: Wild elephant Arikomban to be captured

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com