യുവജന കമ്മിഷൻ: ശമ്പളത്തിന് 18 ലക്ഷം അനുവദിച്ചു; ചിന്ത ജെറോമിന്റെ ആവശ്യം മടക്കി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
കമ്മിഷൻ അംഗങ്ങളുടെയും മറ്റും ശമ്പളം, ഓണറേറിയം തുടങ്ങിയവയ്ക്കായി 26 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു കമ്മിഷൻ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. യുവജന കമ്മിഷന് 2022–23 സാമ്പത്തിക വർഷത്തിൽ ശമ്പള വിഹിതമായി വിലയിരുത്തിയ 76.06 ലക്ഷം പൂർണമായി ചെലവഴിച്ചതായി കമ്മിഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. തുടർന്നാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ 9 ലക്ഷം കൂടി വീണ്ടും അനുവദിച്ചത്. എന്നാൽ, ഇതിൽ 8.45 ലക്ഷം രൂപ ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായെന്നും ബാക്കി തുക തികയില്ലെന്നും സെക്രട്ടറി സർക്കാരിനെ അനുവദിച്ചു. ശേഷിക്കുന്ന ചെലവുകൾക്കായി 26 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ 18 ലക്ഷം മാത്രമാണ് സർക്കാർ അനുവദിച്ചത്.
English Summary : Kerala government not accepted Chintha Jerome salary arrear request