വിവാഹവാഗ്ദാനം നൽകി പണം തട്ടി, യുവതി അറസ്റ്റിൽ; ഹണിട്രാപ് ആരോപണങ്ങൾ മുൻപും
![aswathy-achu-4 അശ്വതി അച്ചു](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/3/aswathy-achu-4.jpg?w=1120&h=583)
Mail This Article
നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ പൊലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന കൊല്ലം ശൂരനാട് സ്വദേശി അശ്വതി അച്ചു എന്ന് അറിയപ്പെടുന്ന അശ്വതിയെ (32) പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനെ വിവാഹവാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിൽ ആണ് പിടികൂടിയത്. കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി തിരച്ചിൽ തുടരുന്നു.
ഭാര്യ മരിച്ച വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാമെന്നു വാഗ്ദാനം നൽകിയതായി പരാതിയിൽ പറയുന്നു. 40,000 രൂപയുടെ ബാധ്യത തീർത്താലേ വിവാഹം കഴിക്കാൻ സാധിക്കൂ എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ പണം നൽകി. തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാം എന്നു വിശ്വസിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.
പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വദേശമായ അഞ്ചലിൽ ആണെന്നു പറഞ്ഞു. പൊലീസിനെ വട്ടം ചുറ്റിക്കാൻ ശ്രമിച്ചെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്ലാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വതിയുടെ പേരിൽ ഒട്ടേറെ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന മറ്റു പെൺകുട്ടികളുടെ ഫോട്ടോ ആണ് സാധാരണ ഇവർ ഉപയോഗിക്കുന്നത്.
മുൻപ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോൾ, ആ പെൺകുട്ടി നൽകിയ പരാതിയിലാണ് ഇവർ ആദ്യം കുടുങ്ങുന്നത്. പിന്നാലെ പൊലീസുകാരെ ഉൾപ്പെടെ തട്ടിച്ച വാർത്തകളും പുറത്തു വന്നു. തലസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായെന്ന് ആരോപിക്കപ്പെട്ട സംഭാഷണവും പുറത്തു വന്നിരുന്നു. പൂവാർ സിഐ: എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ: തിങ്കൾ ഗോപകുമാർ, പൊലീസുകാരായ വിഷ്ണു, അരുൺ, ഷാജു തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
English Summary: Aswathi Achu Arrested In Cheating Case