ചിന്നക്കനാലിലെ 364 ഹെക്ടർ റിസർവ് വനമാക്കാൻ നീക്കം

Mail This Article
തിരുവനന്തപുരം / തൊടുപുഴ ∙ അരിക്കാെമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി (സംരക്ഷിത വനമേഖല) പ്രഖ്യാപിക്കാൻ സർക്കാർ നടപടി തുടങ്ങി. ‘ചിന്നക്കനാൽ റിസർവ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഉടുമ്പൻചോല താലൂക്കിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി പ്രദേശങ്ങളാണു റിസർവ് വനമായി പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച് സെപ്റ്റംബറിൽ വനംവകുപ്പ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അന്തിമ വിജ്ഞാപനം പിന്നീടിറങ്ങും.
ആനയിറങ്കൽ ജലാശയത്തിന്റെ വൃഷ്ടിപ്രദേശം കൂടി ഉൾപ്പെടുന്ന ഇൗ മേഖല കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമാണെന്നും ഇവിടത്തെ വനസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണു സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതെന്നുമാണു വനംവകുപ്പിന്റെ വാദം. റിസർവ് വനമാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നുവെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ, റിസർവ് വനമാക്കുന്ന നടപടികൾ വനംവകുപ്പ് അതീവ രഹസ്യമാക്കി വച്ചിരുന്നതായും ഇതിൽ ദുരൂഹതയുണ്ടെന്നും കർഷക സംഘടനകൾ ആരോപിച്ചു. റിസർവ് വനമാക്കിയാൽ, കൃഷിക്കായി ഈ പ്രദേശങ്ങളിൽ നിന്ന് വെള്ളമെടുക്കുന്ന കർഷകരെ ബാധിക്കും. ഈ പ്രദേശം, വഴിയായി ഉപയോഗിക്കുന്ന കർഷകരുമുണ്ട്. റിസർവ് വനമാകുമ്പോൾ വനനിയമങ്ങൾ പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും സമീപത്തെ ഷെഡ്‍ഡും കെട്ടിടവും 2017 ഏപ്രിലിൽ റവന്യു വകുപ്പ് പൊളിച്ചതു വൻ വിവാദത്തിനിടയാക്കിയിരുന്നു. റവന്യു വകുപ്പിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അന്നു തള്ളിപ്പറഞ്ഞിരുന്നു. കാലങ്ങളായി ജനങ്ങൾ താമസിക്കുന്ന സ്ഥലം വനമാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് എം.എം.മണി എംഎൽഎ പറഞ്ഞു.