ഡിജിപിയുടെ വീട്ടിൽ കയറി പ്രതിഷേധം: 3 പൊലീസുകാർക്കു സസ്പെൻഷൻ; അന്വേഷണത്തിന് ഉത്തരവ്
Mail This Article
തിരുവനന്തപുരം ∙ ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ ഔദ്യോഗിക വസതിക്കുള്ളിൽ കയറി മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ, ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പൊലീസുകാർക്കു സസ്പെൻഷൻ. ആർആർആർഎഫ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥരായ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണു ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ ചെയ്തത്. സംഭവം കേരള പൊലീസിന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇവർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
ഈ സംഭവത്തെത്തുടർന്ന് ആർആർആർഎഫ് ബറ്റാലിയനിലെ വിഐപി ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാർക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ശിക്ഷാ നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച പരേഡ് ബാധകമാക്കിയിരുന്നു. കഴിഞ്ഞ 16നു രാവിലെയാണു 6 മഹിളാമോർച്ച പ്രവർത്തകർ വഴുതക്കാടുള്ള ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ നിവേദനം നൽകാനെന്ന പേരിൽ എത്തിയത്.
തുടർന്ന് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി അവർ അകത്തുകടന്നു. ആ സമയം വനിതാ പൊലീസുകാർ അവിടെയില്ലായിരുന്നു. തുടർന്നു വീടിന്റെ വരാന്തയിൽ ഇരുന്ന് അവർ മുദ്രാവാക്യം വിളിച്ചു. മ്യൂസിയം സ്റ്റേഷനിൽ നിന്നു വനിതാ പൊലീസുകാർ അടക്കം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്. കോടതിയിൽ നിന്നു ജാമ്യം ലഭിച്ച പ്രവർത്തകർ ഇന്നലെ ജയിൽ മോചിതരായി.