മകൻ അവരുടെ നോട്ടപ്പുള്ളി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന ആർ.കുറുപ്പ്

Mail This Article
∙ എന്തിനാണ് ഈ രീതിയിൽ അറസ്റ്റ് ചെയ്തതെന്നാണു കരുതുന്നത്?
ഒരു കുറ്റവും അവൻ ചെയ്തിട്ടില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യത്തിനു പുലർച്ചെ വന്ന് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നു ഫോണിൽ വിളിച്ചിരുന്നെങ്കിൽ അവൻ സ്റ്റേഷനിൽ എത്തുമായിരുന്നു. 20 ദിവസമായി തിരുവനന്തപുരത്തുണ്ടായിരുന്ന ആളെ അവിടെവച്ച് അറസ്റ്റ് ചെയ്യാമായിരുന്നല്ലോ? അത്രയും ഡീസലെങ്കിലും പൊലീസിനു ലാഭിക്കാമായിരുന്നില്ലേ? പൊലീസിനെ പേടിച്ച് എവിടെയും രാഹുൽ ഒളിച്ചിരുന്നിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്.
∙ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നതു പോലെ രാഹുൽ ആരോഗ്യവനാണോ ?
തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഒരാഴ്ച വിശ്രമം നിർദേശിച്ചാണു കഴിഞ്ഞ ദിവസം രാഹുലിനെ ഡിസ്ചാർജ് ചെയ്തത്. ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.
∙ രാഹുൽ ഭരണപക്ഷത്തിന്റെ നോട്ടപ്പുള്ളിയാണോ ?
ഭരണപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്നതു കൊണ്ടു ചിലപ്പോൾ നോട്ടപ്പുള്ളിയായിരിക്കാം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ബാക്കിയുള്ള നേതാക്കളെ പേടിപ്പിച്ചു നിശ്ശബ്ദമാക്കാം എന്ന ചിന്തയാണ്. അങ്ങനെ ഒരുരാത്രി കൊണ്ട് ഇല്ലാതാകുന്നതല്ല യൂത്ത് കോൺഗ്രസ്. രാഹുലിനെ അറസ്റ്റ് ചെയ്തുവെന്നതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാക്കളാരും ഒളിച്ചിരിക്കില്ല.