എംടിയുടെ പ്രതികരണം അപൂർവം, ശക്തം, കൃത്യം

Mail This Article
കോഴിക്കോട് ∙ മൂർച്ചയേറിയ രാഷ്ട്രീയ, സാമൂഹിക വിമർശനങ്ങൾ എം.ടി.വാസുദേവൻ നായരിൽ നിന്നുണ്ടാകുന്നത് അപൂർവം. അങ്ങനെയൊന്നായിരുന്നു വ്യാഴാഴ്ച കെഎൽഎഫ് വേദിയിലുണ്ടായത്. മുൻപും അതുണ്ടായിട്ടുണ്ട്. കടുത്ത പ്രതികരണങ്ങൾ അവ ക്ഷണിച്ചുവരുത്തിയിട്ടുമുണ്ട്.മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തക പ്രകാശനവേളയിൽ വളച്ചൊടിക്കലുകളില്ലാതെ എംടി അഭിപ്രായപ്പെട്ടു: ‘നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം ലക്ഷക്കണക്കിന് ആളുകൾക്കു കടുത്ത പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.’ തുടർന്ന് എംടിക്കു നേരേ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്നു കടുത്ത പ്രതികരണമുണ്ടായി. എംടി സാമ്പത്തികകാര്യ വിദഗ്ധനല്ലെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു. എംടിയുടെ വെബ്സൈറ്റിലും കടന്നാക്രമണമുണ്ടായി.
സമരവേദികളിൽ പങ്കെടുത്തുള്ള നിലപാടു വ്യക്തമാക്കലുകളായിരുന്നു പെരിങ്ങോം ആണവനിലയ വിരുദ്ധ റാലിയും മുത്തങ്ങ വെടിവയ്പു പ്രതിഷേധ സമരവും സംബന്ധിച്ചുള്ളത്. 1990 ൽ കോഴിക്കോട്ടു നടന്ന ആണവനിലയ വിരുദ്ധ റാലിയിൽ മുഖ്യാതിഥിയായി എംടി പങ്കെടുത്തു. 2003 ൽ മുത്തങ്ങയിൽ പൊലീസ് വെടിവയ്പിൽ ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവരുടെ മുൻനിരയിൽ എംടിയുണ്ടായിരുന്നു. താമരശ്ശേരിയിലെ ജാഥയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു– ‘മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണു പ്രധാനം. ചരിത്രം തിരുത്താൻ നാം തയാറാവണം. ഗോത്രവർഗക്കാരുടെ ഭൂമി തിരിച്ചുകൊടുക്കണം. സർക്കാർ അത് ചെയ്തേ ഒക്കൂ’.