ADVERTISEMENT

തിരുവനന്തപുരത്ത് ത്രികോണപ്പോരിലും പ്രതീക്ഷ വിടാതെ


ഹാട്രിക് വിജയം; 2 തവണയും ഒരു ലക്ഷത്തിനടുത്തു ഭൂരിപക്ഷം, വിഴിഞ്ഞമടക്കം വികസന പദ്ധതികൾക്കു വേണ്ടിയുള്ള ഇടപെടലുകൾ. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് ആത്മവിശ്വാസത്തിനു വേണ്ടത്ര വകയുണ്ട്. 

കഴിഞ്ഞ 2 തവണയും രണ്ടാമതെത്തിയ ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ഇറക്കിയത് തരൂരിനെ വെല്ലുവിളിക്കാനാണ്. എങ്കിലും സാധാരണക്കാർക്കിടയിൽ പന്ന്യൻ രവീന്ദ്രനാണു സ്വീകാര്യതയെന്ന് എൽഡിഎഫ് വിലയിരുത്തുന്നു.  ഭരണവിരുദ്ധവികാരം തിരുവനന്തപുരത്ത് കൂടുതലാണെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു.

ആറ്റിങ്ങലിൽ ബിജെപി വോട്ട് പിടിച്ചാൽ...

മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അടൂർ പ്രകാശിന്റെ ജനസമ്മതി കൂട്ടിയെന്നും സർക്കാർവിരുദ്ധ വികാരം അനുകൂലമാകുമെന്നും യുഡിഎഫ്. മണ്ഡല വാസിയായ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ മത്സരിക്കുമ്പോൾ സംഘടനാ സംവിധാനത്തിന്റെ കരുത്തിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ബിജെപി കഴിഞ്ഞതവണ 25% വോട്ട് നേടിയ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ അതിലും വോട്ട് പിടിച്ചാൽ ഏതു മുന്നണിയെ ബാധിക്കുമെന്നതു നിർണായകം.

കൊല്ലത്ത് പ്രേമചന്ദ്രനെച്ചുറ്റി പ്രചാരണം

ദേശീയ– സംസ്ഥാന രാഷ്ട്രീയം കത്തിക്കാളിയെങ്കിലും കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തെ കേന്ദ്രീകരിച്ചായിരുന്നു എതിരാളികളുടെ പ്രചാരണം മുഴുവൻ. സിറ്റിങ് എംഎൽഎ കൂടിയായ നടൻ മുകേഷിനെ മുന്നിൽ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനാവുമോയെന്ന അന്തിമ പരീക്ഷണത്തിലാണ് സിപിഎം. മറ്റൊരു സിനിമാനടൻ ജി.കൃഷ്ണകുമാറിനെ രംഗത്തിറക്കി വോട്ടുശതമാനം കൂട്ടാൻ ബിജെപി നടത്തിയ നീക്കങ്ങൾക്കും ഗതിവേഗം പോരാ. 

മാവേലിക്കരയിൽ പരിചയസമ്പത്തോ പുതുരക്തമോ

കൊടിക്കുന്നിൽ സുരേഷ് എന്ന പരിചയസമ്പന്നനോ, സി.എ.അരുൺകുമാർ എന്ന പുതുരക്തമോ? മാറ്റം വേണമെന്ന ആഗ്രഹം മണ്ഡലത്തിൽ ശക്തമെന്ന് എൽഡിഎഫ് കരുതുന്നു. നല്ല മത്സരം നടക്കുന്ന ഇവിടെ സുരേഷിന്റെ അനുഭവസമ്പത്ത് അന്തിമമായി പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലാണ് ശക്തം. കോൺഗ്രസുകാരനായിരുന്ന ബൈജു കലാശാല ബിഡിജെഎസിലെത്തി എൻഡിഎയ്ക്കു വേണ്ടി പൊരുതുന്നു.  

പത്തനംതിട്ടയിൽ രണ്ടാം റൗണ്ടിൽ ചിത്രം മാറി

മുതിർന്ന നേതാവ് തോമസ് ഐസക്കിനെ കളത്തിലിറക്കി ആവേശകരമായ മത്സരത്തിന് എൽഡിഎഫ് തുടക്കമിട്ടെങ്കിലും  പ്രചാരണത്തിന്റെ രണ്ടാംപാദം മുതൽ യുഡിഎഫിന്റെ സിറ്റിങ് എംപി ആന്റോ ആന്റണി മുന്നേറി. 

എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കായി പ്രധാനമന്ത്രി തന്നെ വോട്ടു തേടിയെത്തി. എങ്കിലും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം കൂടി കഴിഞ്ഞതോടെ യുഡിഎഫിന്റെ ആത്മവിശ്വാസമുയർന്നു. 

ആലപ്പുഴ തിരിച്ചുപിടിക്കുമോ കെ.സി

കെ.സി’ എന്ന പേരാണ് യുഡിഎഫിന്റെ ധൈര്യം. 2019 ൽ വീശിയ യുഡിഎഫ് തീക്കാറ്റിലും എൽഡിഎഫിന്റെ കനലായി ശേഷിച്ച എ.എം.ആരിഫ് അങ്ങനെയങ്ങു വാടില്ലെന്ന് എൽഡിഎഫ്. ആലപ്പുഴയ്ക്കൊരു കേന്ദ്രമന്ത്രി എന്ന മുദ്രാവാക്യവുമായി ശോഭ സുരേന്ദ്രൻ നിറഞ്ഞുനിൽക്കുന്നു. ശോഭ അധികമായി നേടുന്ന വോട്ട് അന്തിമ വിധിയെ സ്വാധീനിക്കും.

കോട്ടയത്ത് കണക്കല്ല; ആത്മവിശ്വാസം

കേരള കോൺഗ്രസുകളുടെ ആവേശകരമായ ബലപരീക്ഷണം. എല്ലാ സർവേകളും ഫ്രാൻസിസ് ജോർജിന് വിജയം പ്രവചിക്കുന്നതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. എൽഡിഎഫ് വോട്ടും കേരള കോൺഗ്രസ് വോട്ടും ചേർന്നാൽ തോമസ് ചാഴികാടനു ജയിക്കാമെന്ന യുക്തിയാണ് സിപിഎം പറയുന്നതെങ്കിലും ദേശീയ രാഷ്ട്രീയം ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയെന്ന മുൻതൂക്കം ഫ്രാൻസിസ് ജോർജിനുണ്ട്. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി തങ്ങളുടെ വോട്ടുകളാകും ചോർത്തുകയെന്ന ആശങ്ക ഇടതുമുന്നണിയിൽ ശക്തം. 

ഇടുക്കിയിൽ പ്രതിഷേധം വോട്ടാകുമ്പോൾ

സ്ഥാനാർഥി നിർണയത്തിലെ ശരവേഗവും ആദ്യമേ തുടങ്ങിയ പ്രചാരണവും എൽഡിഎഫിന് ആത്മവിശ്വാസം നൽകിയെങ്കിലും ജോയ്സ് ജോർജിന് അനുകൂലമായി പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല. കാട്ടാനയാക്രമണവും മരണവും എൽഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കി. നിർമാണ നിരോധനവും പട്ടയ, ഭൂവിഷയങ്ങളും ചർച്ചയാക്കാതെ വീണ്ടും കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയം ഉയർത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. സർക്കാരിനെതിരെയുള്ള വികാരം ശക്തമാണെന്നും ഡീനിനു വിജയം അനായാസമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. വോട്ട് വിഹിതം കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയുടെ സംഗീത വിശ്വനാഥൻ.

എറണാകുളത്ത് പതിവു തെറ്റില്ലെന്ന് സൂചന

പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന എറണാകുളം ആ ചായ്‌വ് തുടരാനാണ് എല്ലാ സാധ്യതയും. ഹൈബി ഈഡൻ തുടർച്ചയായി രണ്ടാം തവണയും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. എന്നാൽ, വോട്ടർമാരിൽ മതിപ്പുണ്ടാക്കാൻ സ്ഥാനാർഥി കെ.ജെ.ഷൈനിനു കഴിഞ്ഞെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ഡോ. കെ.എഎസ്. രാധാകൃഷ്ണനെങ്കിലും പാർട്ടിയുടെ സംഘടനാ സംവിധാനത്തെക്കുറിച്ച് ആ മതിപ്പു പറയാനാകില്ല.

ചാലക്കുടിയിൽ ട്വന്റി20 ഉണ്ടെങ്കിലും...

ആറ്റിക്കുറുക്കി നോക്കിയാൽ യുഡിഎഫ് ചായ്‌വു പ്രകടം. സജീവമായി ഇടപെടുന്ന എംപിയെന്ന വിശേഷണവും യുഡിഎഫിന്റെ ബെന്നി ബഹനാനുണ്ട്. ആദ്യ ആഴ്ചകളിലെ ആലസ്യം മറികടന്ന യുഡിഎഫ് അവസാന ദിനങ്ങളിൽ കെട്ടഴിച്ചത് ഊർജിതമായ പ്രചാരണം. സ്ഥാനാർഥി കൊള്ളാമെന്ന് വോട്ടർമാരെക്കൊണ്ടു പറയിക്കാൻ കഴിഞ്ഞുവെന്ന് സി.രവീന്ദ്രനാഥിനെ ചൂണ്ടിക്കാട്ടി എൽഡിഎഫ് പറയുന്നു. ട്വന്റി20  സ്ഥാനാർഥി ചാർലി പോൾ കൂടുതൽ ചോർത്തുക യുഡിഎഫ് വോട്ടുതന്നെ. ഉറച്ച എൻഡിഎ വോട്ടുകളിലാണ് ബിഡിജെഎസ് സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണന്റെ പ്രതീക്ഷ.

തൃശൂരിൽ ഒപ്പത്തിനൊപ്പം, പൊടിപൂരം

പോരിന്റെ പൂരം തന്നെ ഇക്കുറി. ‘സമഭുജ ത്രികോണ’ മത്സരം എന്നുതന്നെ വിശേഷിപ്പിക്കാം. കെ.മുരളീധരനും വി.എസ്.സുനിൽകുമാറും സുരേഷ് ഗോപിയും ഓരോ ഇഞ്ചും ഒപ്പത്തിനൊപ്പം. പൂരം വിവാദം എത്ര കണ്ടു സ്വാധീനിക്കുമെന്ന ഉദ്വേഗം 3 മുന്നണികളിലുമുണ്ട്. സർക്കാരിന്റേയും പൊലീസിന്റേയും ഭാഗത്തു വീഴ്ച ഉണ്ടായത് എൽഡിഎഫ് ക്യാംപിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തിരക്കിട്ട നടപടി ആ രോഷത്തിന്റെ കൂടി ബാക്കിയുമാണ്. കരുവന്നൂരും ഇടതുമുന്നണിയെ പിന്തുടരുന്നു. 3 സ്ഥാനാർഥികളും ജനപ്രീതിയിൽ പിന്നിലല്ലെന്നിരിക്കെ അടിയൊഴുക്കുകൾ നിർണായകം. 

ആലത്തൂർ ഇടതു കോട്ടയെങ്കിലും...

ആലത്തൂർ എളുപ്പത്തിൽ തിരിച്ചുപിടിക്കാമെന്ന ആദ്യഘട്ട ആത്മവിശ്വാസം ഇപ്പോൾ എൽഡിഎഫിന് ഇല്ല. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേത് ഊർജിത പ്രചാരണം. മന്ത്രി കെ.രാധാകൃഷ്ണന്റെ ജനകീയതയും നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പിന്തുണയുമായി മുൻ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥുമുണ്ട്. കൃഷിമേഖലയിൽ സർക്കാരിനെതിരെ വികാരമുണ്ട്. ബിജെപി സ്ഥാനാർഥി ഡോ.ടി.എൻ.സരസു വോട്ടുവിഹിതം കൂട്ടാൻ ശക്തമായ പ്രചാരണത്തിൽ

പാലക്കാട്ട് ബിജെപി വോട്ട് ബാധിക്കുമോ

സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠന്റെ സ്വീകാര്യതയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപി വിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണവും ഇടതു സർക്കാരിനെതിരായ കർഷകരുടെ വികാരവും പ്രതിഫലിച്ചാൽ ശ്രീകണ്ഠൻ വീണ്ടും ജയിക്കും. എന്നാൽ, മികച്ച രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലത്തിൽ എ.വിജയരാഘവൻ ജയിക്കുമെന്ന വിശ്വാസത്തിലാണ് സിപിഎം. ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ പിടിക്കുന്ന വോട്ട് യുഡിഎഫിനെയാകും ബാധിക്കുകയെന്ന് എൽഡിഎഫ് കരുതുന്നു.

പൊന്നാനി, ലീഗിന്റെ ആത്മവിശ്വാസം

മുസ്‌ലിം ലീഗിനെതിരെ മുൻ ലീഗുകാരൻ സിപിഎം ചിഹ്നത്തി‍ൽ മത്സരിക്കുന്ന മണ്ഡലം. എം.പി.അബ്ദുസ്സമദ് സമദാനിയിലൂടെ ലീഗ് മേധാവിത്തം നിലനിർത്താനാണ് എല്ലാ സാധ്യതയും. കെ.എസ്.ഹംസയിലൂ‍ടെ മത്സരം ശക്തമാക്കാൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും സമസ്തയുടെ നിലപാട് ജിഫ്രി തങ്ങളുൾപ്പെടെ വ്യക്തമാക്കിയതോടെ എല്ലാം ഭദ്രമാണെന്ന ആത്മവിശ്വാസം ലീഗിനുണ്ട്. നിവേദിത സുബ്രഹ്മണ്യനിലൂടെ വോട്ടുവിഹിതം വർധിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

മലപ്പുറം: ആശങ്കകളില്ലാതെ ‘ഹരിത കോട്ട’

ലീഗിന്റെ ഉറച്ച കോട്ടയിൽ പ്രചാരണത്തിൽ ഇടതുപക്ഷം ഒപ്പത്തിനൊപ്പം. യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീറും എൽഡിഎഫിന്റെ വി.വസീഫും മുക്കിലും മൂലയിലും വരെയെത്തി. ഇ.ടി. പൗരത്വ നിയമത്തിനെതിരെ നടത്തിയ പോരാട്ടം ലീഗ് എടുത്തുപറയുന്നു. വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്തുള്ള ആശയക്കുഴപ്പത്തിന് ഇടതുപക്ഷം ശ്രമിച്ചു. ഡോ.എം.അബ്ദുൽ സലാം എൻഡിഎ വോട്ട് കൂട്ടുമോയെന്ന ചോദ്യത്തിനു മുകളിലാണ് മോദിയുടെ വിവാദ പരാമർശം വന്നുവീണിരിക്കുന്നത്.

കോഴിക്കോട്ട് രാഘവൻ എന്ന ഒറ്റയാൾപട്ടാളം

എം.കെ.രാഘവന്റെ വ്യക്തിപ്രഭാവത്തിന്റെ ബലത്തിൽ യുഡിഎഫ് തുടർച്ചയായി നാലാം വിജയം ലക്ഷ്യമിടുന്നു. ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്കിലൂടെയുള്ള അട്ടിമറിയാണ് എളമരം കരീമിലൂടെ എൽഡിഎഫ് മോഹിക്കുന്നത്. കഴിഞ്ഞ 3 തവണയുമുണ്ടായ ഇടതു വോട്ടു ചോർച്ച തടയാൻ പഴുതച്ച പ്രവർത്തനവും നടത്തുന്നു. വെൽഫെയർ പാർട്ടിയും മറ്റും പിന്തുണയ്ക്കുമ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. എം.ടി.രമേശിനെ ഇറക്കിയ ബിജെപി നല്ല പ്രകടനം ലക്ഷ്യമിടുന്നു. 

വയനാട്ടിൽ ഭൂരിപക്ഷമാണ് പ്രധാനം

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 4 ലക്ഷവും കടന്നു കുതിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇടതുപക്ഷത്തിന്റെ സംഘടനാ കെട്ടുറപ്പിലും രാഹുലിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്ന പ്രചാരണത്തിലും വോട്ട് വീഴുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ പ്രതീക്ഷ. രാഹുലിന്റെ ഭൂരിപക്ഷം 3 ലക്ഷത്തിൽ താഴെ എത്തിക്കാനായാനായാൽ നേട്ടമെന്ന വിലയിരുത്തലിലാണ് ഇടതുചേരി. ബിജെപി വോട്ടുകൾ പരമാവധി സമാഹരിക്കാനാണ് വിവാദപരാമർശങ്ങളുയർത്തി സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രന്റെ ശ്രമം. 

വടകരയിൽ തിരിച്ചടിച്ച തന്ത്രങ്ങൾ

ഒപ്പത്തിനൊപ്പം എന്ന ആദ്യഘട്ട വിലയിരുത്തലിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിൽ കയറുന്ന കാഴ്ചയാണ് അവസാന റൗണ്ടിൽ. അശ്ലീല വിഡിയോ വിവാദം എൽഡിഎഫിനു ബൂമറാങ്ങാകുന്നു. ‘വിഡിയോ’ എന്നു താൻ പറഞ്ഞിട്ടില്ലെന്ന് എതിർ സ്ഥാനാർഥി കെ.കെ.ശൈലജ വിശദീകരിക്കുകയും ചെയ്തു. ജനപ്രിയ നേതാവായ ശൈലജയെ കാണാനും കേൾക്കാനും തടിച്ചുകൂടുന്ന സ്ത്രീ വോട്ടർമാരിലാണ് എൽഡിഎഫ് പ്രതീക്ഷ. ടി.പി. വധക്കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി കടുപ്പിച്ചതും പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതും ചർച്ചാവിഷയങ്ങളാണ്.

കണ്ണൂർ ഫോട്ടോ ഫിനിഷിലേക്ക്

ആരു ജയിച്ചാലും ഭൂരിപക്ഷം നേർത്തതാകും. ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകളിൽ കുറവു വന്നേക്കാമെങ്കിലും കെ.സുധാകരനു ജയിക്കാനാവശ്യമായതു കിട്ടുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പാർട്ടി വോട്ടുകളിൽ പ്രതീക്ഷ പുലർത്തുമ്പോൾ തന്നെ പാർട്ടിക്കു പുറത്തുള്ളതു കൂടി എൽഡിഎഫി സ്ഥാനാർഥി എം.വി.ജയരാജനു സമാഹരിക്കാൻ കഴിയുമോ എന്നതാകും നിർണായകം. സുധാകരനു കണ്ണൂരിലുളള തലപ്പൊക്കവും ആധികാരികതയും ഒടുവിൽ തുണയാകുമെന്നു യുഡിഎഫ് കരുതുന്നു. കെ.സുധാകരന്റെ പഴയ അനുയായിയായ സി.രഘുനാഥ് എൻഡിഎ സ്ഥാനാർഥിയായി പൊരുതുന്നു.  

കാസർകോട്ട് ജനകീയതയോ പാർട്ടിക്കരുത്തോ

യുഡിഎഫിന്റെ രാജ് മോഹൻ ഉണ്ണിത്താൻ സീറ്റ് നിലനിർത്താനുളള സാധ്യതയാണ് കൂടുതലെങ്കിലും അവസാനലാപ്പിൽ ആവേശകരമായ മത്സരമാണ് എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ കാഴ്ചവയ്ക്കുന്നത്. ഉണ്ണിത്താന്റെ വ്യക്തിപ്രഭാവവും ജനകീയതയും തന്നെയാണ് യുഡിഎഫിനു പ്രതീക്ഷ നൽകുന്നത്. അതിനെ മറികടക്കാൻ എൽഡിഎഫിന്റെ സംഘടനാ ശേഷിക്കു കഴിയുമോ എന്നതാണ് ചോദ്യം. ന്യൂനപക്ഷവോട്ട് ആർക്കെന്നതും നിർണായകം. എൻഡിഎയുടെ എം.എൽ.അശ്വനി പെട്ടെന്നു തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറി.

English Summary:

Claims of the candidates will end today; Now the voter is the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com