ഹേമ കമ്മിറ്റി: നിലപാടു മാറ്റവുമായി കേരളം; മൊഴി നൽകിയവർക്ക് താൽപര്യം ഇല്ലെങ്കിൽ കേസ് ഒഴിവാക്കും

Mail This Article
ന്യൂഡൽഹി ∙ ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ അന്വേഷണത്തോടു സഹകരിക്കാതിരിക്കുകയും വേണ്ടത്ര തെളിവുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ അവരുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികൾ അവസാനിപ്പിക്കുമെന്നു കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കേസിലെ അന്വേഷണ, വിചാരണ നടപടികളിൽ നിന്നു 2 നടിമാർ സംരക്ഷണമാവശ്യപ്പെട്ട ഹർജികൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി മുന്നോട്ടു പോകാൻ ഇരകൾക്കു താൽപര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതേ വിടാനാകില്ലെന്നായിരുന്നു സംസ്ഥാനം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. ഈ നിലപാടാണ് മാറ്റിയത്. ഹർജികൾ വിശദമായ വാദത്തിനായി 19ലേക്കു മാറ്റി.
സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന കേസുമായി സഹകരിക്കാൻ തന്റെ കക്ഷികൾക്കു താൽപര്യമില്ലെന്ന് 2 നടിമാർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ദാവെ അറിയിച്ചു. സർക്കാരിന് ആർക്കെതിരെ വേണമെങ്കിലും അന്വേഷണം നടത്താം. അന്വേഷണ സംഘത്തിനു മുന്നിൽ മൊഴിനൽകാൻ ഒരാൾക്ക് താൽപര്യമില്ലെങ്കിൽ അതിനു നിർബന്ധിക്കാനാകില്ല–ദാവെ പറഞ്ഞു. എന്നാൽ, അന്വേഷണവുമായി സഹകരിക്കില്ലെന്നു പറയാൻ സാക്ഷികൾക്കുള്ള വിവേചനാധികാരം എന്താണെന്ന് ബെഞ്ചിലംഗമായ ജസ്റ്റിസ് വിക്രംനാഥ് ചോദിച്ചു. സർക്കാർ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും വിചാരണ നടത്തുകയും ചെയ്താൽ നിങ്ങളുടെ മൊഴി രേഖപ്പെടുത്താൻ കഴിയില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും കോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റർ ചെയ്തതെന്നും നടിമാരുടെ മൊഴി വർഷങ്ങൾക്കു മുൻപ് ഹേമ കമ്മിറ്റിക്കു മുൻപിലായിരുന്നുവെന്നും ഇതിന് ദാവെ മറുപടി നൽകി. പൊലീസിലോ അന്വേഷണ ഏജൻസിക്കു മുന്നിലോ പരാതി നൽകിയിട്ടില്ല. സ്വകാര്യത സംരക്ഷിക്കുകയാണ് വേണ്ടത്. മൊഴികൾ പുറത്തുപോകരുത്. അതിനു നിർബന്ധിക്കാനാകില്ല– ദാവെ പറഞ്ഞു. ഈ ഘട്ടത്തിലാണ് മൊഴി നൽകിയവർക്കു താൽപര്യമില്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചത്.
അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിത
കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിത വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഹർജി ഇന്നു പരിഗണിച്ചേക്കും. വിചാരണയിൽ നടക്കാത്ത കാര്യങ്ങൾ അപകീർത്തികരമായ തരത്തിൽ പ്രചരിക്കുന്നതാണു വാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യത്തിനു കാരണം. കോടതിയലക്ഷ്യ പരാമർശം നടത്തിയെന്നു കാണിച്ചു മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് എതിരെ അതിജീവിത നൽകിയ ഹർജിയിൽ കോടതി നോട്ടിസ് അയയ്ക്കാൻ ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട ഹർജി 21 നു പരിഗണിക്കും. പീഡനക്കേസിലെ അന്തിമവാദം തുടരും.
അതിക്രമ പരാതി: സ്ത്രീകൾക്കായി വാതിൽപ്പടി സഹായം
ന്യൂഡൽഹി ∙ സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്നുപറയുന്നതിനു വേദിയൊരുക്കുക, വനിതാ സൗഹൃദ നിയമങ്ങളെക്കുറിച്ചു ബോധവൽക്കരണവും പ്രചാരണവും നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ‘വാതിൽപ്പടി സഹായം’ (ആപ് കി ദ്വാർ മദദ്) പദ്ധതി ദേശീയ വനിതാ കമ്മിഷൻ ആരംഭിക്കുന്നു. സംസ്ഥാന വനിതാ കമ്മിഷനുകളുമായി സഹകരിച്ചാകും പദ്ധതി. പരാതികളിൽ അന്വേഷണത്തിനായി കഴിഞ്ഞ 3 വർഷത്തിനിടെ ഒന്നിലധികം തവണ കേരളം സന്ദർശിക്കേണ്ടി വന്നെന്നു കമ്മിഷൻ അറിയിച്ചു.