മനോരമ ബജറ്റ് പ്രഭാഷണം ഫെബ്രുവരി അഞ്ചിന്

Mail This Article
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിക്കുന്നതു പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഡോ. രാജീവ് കുമാർ.
ഫെബ്രുവരി 5നു വൈകിട്ട് 6നു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയാറാമത്തേതാണു രാജീവ് കുമാറിന്റേത്.
ബജറ്റ് നിർദേശങ്ങൾ വിശദമായി വിശകലനം ചെയ്യുന്നതിനൊപ്പം അവയുടെ കാണാമറയത്തെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും രാജീവ് കുമാറിന്റെ പ്രഭാഷണം. സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള നയരൂപീകരണത്തിൽ സർക്കാരിനെ സഹായിക്കുന്ന നീതി ആയോഗിന്റെ മുൻ വൈസ് ചെയർമാനാണു രാജീവ് കുമാർ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ അംഗമായിരുന്നിട്ടുള്ള ഇദ്ദേഹം ധന മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ലക്‌നൗ സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും ഓക്‌സ്‌ഫെഡിൽ നിന്നു ഡി.ഫിൽ ബിരുദവും നേടിയിട്ടുള്ള രാജീവ് കുമാർ ഇന്ത്യ – ജപ്പാൻ സാമ്പത്തിക ബന്ധം ശക്‌തമാക്കുന്നതിനു ഗണ്യമായ സംഭാവന നൽകി. അതിന്റെ പേരിൽ ജാപ്പനീസ് സർക്കാരിൽനിന്നു ബഹുമതി നേടാനും അദ്ദേഹത്തിനു സാധിച്ചു. മികച്ച പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ്. വിവരങ്ങൾക്ക്: 0484 4447888