അമ്മയുടെയും മകളുടെയും മരണം: റിക്കവറി വാൻ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പൊലീസ്

Mail This Article
കല്ലമ്പലം ( തിരുവനന്തപുരം ) ∙ ഉത്സവം കണ്ടു മടങ്ങിയവരുടെ ഇടയിലേക്ക് റിക്കവറി വാഹനം പാഞ്ഞുകയറി അമ്മയും മകളും മരിച്ച അപകടത്തിൽ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി (36) മദ്യപിച്ചിരുന്നതായി പൊലീസ്. പേരേറ്റിൽ മുങ്ങോട് കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ മണിലാലിന്റെ ഭാര്യ രോഹിണി (57), മകൾ അഖില (22) എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണു അഖില. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ് മണിലാൽ. മകൻ അഖിൽ. അപകടത്തെത്തുടർന്നു നാട്ടുകാർ പിടികൂടിയെങ്കിലും വണ്ടിയുടെ താക്കോൽ അടുത്തു നിന്ന ആളെ ഏൽപിച്ച് മുങ്ങിയ ഡ്രൈവർ ടോണിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയവരുടെ ഇടയിലേക്കാണ്, സ്കൂട്ടറിലും കാറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട വണ്ടി പാഞ്ഞുകയറിയത്. അടുത്ത വീടിന്റെ മതിൽ തകർത്താണു വാഹനം നിന്നത്. വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികൾ അപകടസ്ഥലത്ത് പൊട്ടിച്ചിതറി കിടപ്പുണ്ട്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു രോഹിണിയും അഖിലയും മരിച്ചത്. പരുക്കേറ്റ പേരേറ്റിൽ സ്വദേശിനി ഉഷ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.