ADVERTISEMENT

‘മധുരമോ കയ്പോ, വ്യാജമോ സത്യമോ എന്നു വേർതിരിവില്ലാതെ എന്തും ജനങ്ങളിലേക്ക് എത്തിച്ചു വൈറലാക്കാൻ സാധിക്കും. ഉത്തർപ്രദേശിൽ രണ്ടു വലിയ വാട്സാപ് ഗ്രൂപ്പുകളിലായി 32 ലക്ഷം അംഗങ്ങളാണുള്ളത്. ‘സത്യമറിയുക’ എന്ന തലക്കെട്ടിൽ ദിവസവും രാവിലെ എട്ടിന് ഈ ഗ്രൂപ്പുകളിൽ സന്ദേശമിടും. എന്തും വൈറലാക്കാൻ നമുക്കാവും’– 2018 സെപ്റ്റംബറിൽ രാജസ്ഥാനിലെ കോട്ടയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതാണിത്.

വൈറലാക്കുന്നതിന് ഉദാഹരവും ഷാ നിരത്തി. ‘മിടുക്കനായ ഒരു വൊളന്റിയർ നമുക്കുണ്ട്. എസ്പി നേതാവ് അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിനെ തല്ലി എന്നൊരു പോസ്റ്റ് അദ്ദേഹം വാട്സാപ്പിലിട്ടു. വ്യാജ വാര്‍ത്തയായിരുന്നു അത.് കാരണം അഖിലേഷും മുലായവും തമ്മിൽ 600 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു അപ്പോൾ. സംഗതി സോഷ്യൽമീഡിയ സംഘം പ്രചരിപ്പിച്ചു. പത്തു മണിയായപ്പോൾ എനിക്കൊരു ഫോൺ. ഭയ്യാസാബ് അറിഞ്ഞോ? മുലായത്തിനെ അഖിലേഷ് അടിച്ചുവത്രെ !’

എന്തും വൈറലാകുന്ന, വൈറലാക്കുന്ന കാലം. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിലാണ് ഈ വൈറൽ കാലത്തിന്റെ വസന്തം. 2014ൽ പ്രചാരണത്തിന്റെ ബാല്യം പിന്നിട്ട സമൂഹമാധ്യമങ്ങൾക്ക് 2019ൽ പിടിപ്പതു പണിയാണ്. പത്മവടിയിൽ ഊന്നിനിന്നു തിരഞ്ഞെടുപ്പ് എന്ന പള്ളിയോടത്തെ മുന്നോട്ടു കുതിപ്പിക്കുന്ന അമരക്കാരനാണു സോഷ്യൽമീഡിയ. നരേന്ദ്ര മോദിയോ രാഹുൽ ഗാന്ധിയോ മമത ബാനർജിയോ മായാവതിയോ അരവിന്ദ് കേജ്‌രിവാളോ പിണറായി വിജയനോ അല്ല, സമൂഹമാധ്യമങ്ങളാണ് ‘എക്സ് ഫാക്ടർ’. കോടിക്കണക്കിനു പണവും ആയിരക്കണക്കിനു വൊളന്റിയർമാരും ‘വാർ റൂമിൽ’ സദാസജ്‍ജം.

എന്തിനാണ് ഡിജിറ്റൽ സ്ട്രാറ്റജി?

അച്ചടിച്ചിറക്കുന്ന പ്രകടനപത്രികയല്ല, കംപ്യൂട്ടറിൽ രൂപപ്പെട്ട്, ഇന്റർനെറ്റിലൂടെ ഒഴുകി നടക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമാണു വലിയൊരു ശതമാനം വോട്ടാകുക എന്നു പറയുന്നു പാർട്ടികളുടെ ഐടി സെൽ ഭാരവാഹികൾ. ഡിജിറ്റൽ വാർ റൂമുകൾ സത്യമാണെങ്കിലും അവിടെ നടക്കുന്നത് എന്തെല്ലാമെന്നു പൊതുവേ പാർട്ടികൾ വെളിപ്പെടുത്താറില്ല. പക്ഷേ, കൃത്യമായ തന്ത്രങ്ങളോടെയാണു പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ഡിജിറ്റൽ ആർമി പ്രവർത്തിക്കുന്നത്.

അനവധി മാധ്യമങ്ങളിൽ വാർത്തകളും ചർച്ചകളും വിമർശനം ചൊരിയുമ്പോഴും ബിജെപി കുലുങ്ങാതിരിക്കുന്നത് സമൂഹമാധ്യമം എന്ന തുറുപ്പുചീട്ടിന്റെ ബലത്തിലാണ്. നോട്ടുനിരോധനം മുതൽ റഫാൽ വരെ നീളുന്ന ആരോപണങ്ങളെയും വിമർശനങ്ങളെയും നേരിടാൻ സോഷ്യൽമീഡിയ ആർമിക്കു സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. കാരണം, 2014ൽ മോദിതരംഗം സൃഷ്ടിച്ചതും അതിൽപിടിച്ചു ബിജെപി അധികാരത്തിലേറിയതും സമൂഹമാധ്യമങ്ങളുടെ പിന്തുണയാലായിരുന്നു. അത്രയും വിപുലമായ സമൂഹമാധ്യമ പ്രചാരണം രാജ്യം ആദ്യമായാണു കണ്ടതും.

2009ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബറാക് ഒബാമ നടത്തിയ പ്രചാരണത്തിന്റെ തനിപ്പകർപ്പാണ് 2014ൽ മോദിയും ബിജെപിയും പയറ്റിയത്. ഫെയ്സ്ബുക്കും ട്വിറ്ററും വാട്സാപ്പും ഉശിരൻ പ്രചാരണവേദിയാക്കി. ഈ പ്ലാറ്റ്ഫോമുകളിലെ ഡേറ്റകൾ വിശകലനം ചെയ്ത്, ഉപയോക്താക്കളുടെ മനസ്സറിഞ്ഞുള്ള വോട്ടുപിടിത്തം. കോൺഗ്രസിനേക്കാൾ ഏറെ മുന്നിലായിരുന്നു ബിജെപി. 2014ൽ മോദിയുടെ സ്വാധീനം എന്ന ലേഖനം ട്വിറ്റർ പ്രസിദ്ധീകരിക്കുമ്പോൾ രാഹുൽ ചിത്രത്തിലുണ്ടായിരുന്നില്ല. 2015ൽ ആണ് രാഹുൽ ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്.

അന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങോ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോ ട്വിറ്ററിൽ സജീവമായിരുന്നില്ല. പ്രധാനമന്ത്രിയായതിനു പിന്നാലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ലോകനേതാക്കളിലെ തന്നെ മുമ്പനായി മോദി. എണ്ണത്തിലെ ആ വ്യത്യാസം ഇപ്പോഴും രാഹുലിനോ കോൺഗ്രസിനോ മറികടക്കാനുമായിട്ടില്ല. സോഷ്യൽമീഡിയ കൂടാതെ, ത്രീഡി റാലി ഉൾപ്പെടെയുള്ള ഡിജിറ്റൽ സങ്കേതങ്ങളെ പുൽകിയാണ് അന്ന് ബിജെപി മിന്നുന്ന വിജയം നേടിയത്.

ഒറ്റ ക്ലിക്ക്; വെയിൽ കൊള്ളാതെ വോട്ട്

അഞ്ചു വർഷം പിന്നിടുമ്പോൾ‌ സോഷ്യൽമീഡിയയുടെ പ്രഭാവം പിന്നെയും കൂടി. ബിജെപിക്കു പുറമെ കോൺഗ്രസും ആം ആദ്മിയും തൃണമൂലും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ഡിജിറ്റൽ ഡേറ്റയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇക്കാലത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാം അതു കണ്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതോടൊപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂർച്ചയേറിയ ആയുധങ്ങളുമായാണു സോഷ്യൽമീഡിയയുടെ നിൽപ്പ്.

രാജ്യത്തെ ആകെ ജനസംഖ്യ 136 കോടി. ഇതിൽ വോട്ടർമാർ 90 കോടി. 2019 ജനുവരിയിലെ കണക്കനുസരിച്ച് മൊബൈൽ ഫോണുള്ളവർ 119 കോടി. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 56 കോടി. സമൂഹമാധ്യമങ്ങളിൽ സജീവമായവർ 31 കോടി. മൊബൈലിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ 29 കോടി; ജനസംഖ്യയുടെ 21%. മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ ഏതെങ്കിലും വിധത്തിലുള്ള ഇന്റർനെറ്റ് ഉപയോഗം ശരാശരി 7.47 മണിക്കൂർ; ഇതിൽ 2.32 മണിക്കൂറും സോഷ്യൽമീഡിയയിൽ മാത്രം. യുട്യൂബ് (93%), ഫെയ്സ്ബുക് (89%), വാട്സാപ് (82%), ഇൻസ്റ്റഗ്രാം (69%), എഫ്ബി മെസഞ്ചർ (63%), ട്വിറ്റർ (57%) എന്നിവയാണു കൂടുതലായി ഉപയോഗിക്കപ്പെടുന്ന സമൂഹമാധ്യമങ്ങൾ. ഈ കണക്കുകളിലാണു പാർട്ടികളുടെ കണ്ണ്. ഫെയ്സ്ബുക്കിന്റെ പ്രഭാവം ഉള്ളപ്പോൾ തന്നെ വാട്സാപ് മുന്നിലേക്കു വന്ന വർഷമാണിത്. ‘വാട്സാപ് തിരഞ്ഞെടുപ്പ്’ എന്നു വിശേഷിപ്പിക്കുന്നവരുമുണ്ട്.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന വോട്ടർമാരെ പാട്ടിലാക്കാൻ 9 ലക്ഷത്തിലേറെ ‘സെൽഫോൺ പ്രമുഖ്’മാരെയാണു ബിജെപി നിയോഗിച്ചിരിക്കുന്നത്– ഒരു പോളിങ് ബൂത്തിന് ഒരാൾ. ആകെ 9,27,533 പോളിങ് ബൂത്തുകളും അത്ര തന്നെ പ്രമുഖ്മാരും. ‘ഡിജിറ്റൽ സാഥി’ (ഡിജിറ്റൽ ചങ്ങാതി) എന്ന ആപ്പിലൂടെയാണു കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആയിരക്കണക്കിനു വാട്സാപ് ഗ്രൂപ്പുകൾ രണ്ടു പാർട്ടികൾക്കും സജീവം.

സംസ്ഥാന തലം മുതൽ ബൂത്തുതലം വരെ നീളുന്നതാണു കേരളത്തിൽ സിപിഎമ്മിന്റെ സമൂഹമാധ്യമ ചങ്ങല. സ്വന്തം സ്ഥാനാർഥിയുടെ മികവ്, എതിരാളികളുടെ പ്രചാരണങ്ങൾക്കുള്ള മറുപടികൾ, വ്യാജവാർത്തകൾ പൊളിക്കൽ തുടങ്ങിയ മേഖലകളിലാണു മുഖ്യപ്രവർത്തനം. സ്ഥാനാർഥിക്കായി ആപ്പും ക്യുആർ കോഡ് ഉൾപ്പെട്ട പോസ്റ്ററുകളും തയാറാക്കി മുൻനിരയിലുണ്ട് സിപിഎം. സദാസമയം സജീവമാണു കേരളത്തിൽ കോൺഗ്രസിന്റെ വാർ റൂം. 10 ലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ കോൺഗ്രസിന്റെ ശക്തിയാണ്.  ‘ഓർമയുണ്ടോ?’, ‘മോദി വന്നു, കാലം മാറി’ എന്ന പൊതുതീം ആണു ബിജെപി മലയാളികൾക്കു മുന്നിൽ വയ്ക്കുന്നത്.

ദിവസേന പ്രചാരണ വിഡിയോകൾ, ശബ്ദ സന്ദേശങ്ങൾ, കുറിപ്പുകൾ, എതിരാളിയെ കളിയാക്കുന്നതും സ്വയം മഹത്വവൽക്കരിക്കുന്നതുമായ കാർട്ടൂണുകൾ, ട്രോളുകൾ, ജിഫുകൾ, ശരിയും തെറ്റുമായ സർവേകൾ എന്നിവ മുടങ്ങാതെ പാർട്ടികളുടെ ഗ്രൂപ്പുകളിലെത്തും. രാജസ്ഥാനിൽ മാത്രം നേരിട്ടുള്ള നിയന്ത്രണത്തിൽ 15,000 വാട്സാപ് ഗ്രൂപ്പുകളും വൊളന്റിയർമാരുടെ നിയന്ത്രണത്തിൽ 1,00,000 ഗ്രൂപ്പുകളുമാണു ബിജെപിക്കുള്ളത്. കോൺഗ്രസിന് 90,000 ഗ്രൂപ്പുകളും.

നരേന്ദ്ര മോദി ട്വിറ്ററിലൂടെ തുടക്കമിട്ട ‘ചൗക്കിദാർ’ പ്രചാരണത്തിൽ നേട്ടം കൊയ്തതു രാഹുൽ ഗാന്ധിയോ? അതേപ്പറ്റി അടുത്തദിവസം

English Summary: How Social Media affects Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com