ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്; ഇന്ന് പോളിങ് ബൂത്തിലെത്തുക രാജ്യത്തെ 18 ശതമാനത്തോളം വോട്ടർമാർ. ആകെ 95 സീറ്റിലേക്കാണു വോട്ടെടുപ്പ്. തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുകയും ത്രിപുര ഈസ്റ്റിലേതു മാറ്റിവയ്ക്കുകയും ചെയ്തതിനെ തുടർന്നാണു മണ്ഡലങ്ങളുടെ എണ്ണം 95 ആയി ചുരുങ്ങിയത്. 1629 സ്ഥാനാർഥികൾ ജനവിധി തേടും. ഒരു മണ്ഡലത്തിൽ ശരാശരി 17 സ്ഥാനാർഥികൾ മത്സരിക്കുന്നു.

രണ്ടാം ഘട്ടത്തിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ എതെല്ലാമാണ്? 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന 95 മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ആ 9 ഇടങ്ങളെ പരിചയപ്പെടാം... 

സിൽച്ചാർ (അസം)

പ്രധാനമത്സരം
∙സുഷ്മിതാ ദേവ് (കോൺഗ്രസ്)
∙രാജ്ദ്വീപ് റോയ് (ബിജെപി)

പൗരത്വബിൽ ഏറ്റവും അധികം ചർച്ചായാകുന്ന മണ്ഡലം. കോൺഗ്രസിന്റെ സമുന്നത നേതാവ് സന്തോഷ് മോഹൻദേവിന്റെ പുത്രിയും നിലവിലെ എംപിയുമായ സുഷ്മിതാദേവാണു പാർട്ടിയുടെ സ്ഥാനാർഥി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും സുഷ്മിതയ്ക്കായി നേരിട്ടെത്തി വോട്ടഭ്യർഥിച്ച മണ്ഡലമെന്ന പ്രത്യേകത കൂടി സിൽച്ചാറിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിൽകൂടുതൽ തവണ പ്രചാരണം നടത്തിയ മണ്ഡലം. ബിജെപിയിലെ രാജ്ദ്വീപ് റോയിയാണ് സുഷ്മിതയുടെ മുഖ്യഎതിരാളി.

Assam-MAL-lok-sabha-election-2014-results-info-graphic-map

35% വോട്ടർമാരും മുസ്‌ലിംകളാണ്. വോട്ടർമാരായി മാറിയ ബംഗ്ലദേശിൽനിന്നുള്ള ഹിന്ദു അഭയാർഥികളാണു ബിജെപിയുടെ ശക്തി. 2014ൽ ബിജെപിയിലെ കവീന്ദ്ര പുർകയാസ്തയെ 35,216 വോട്ടിനു പരാജയപ്പെടുത്തിയാണു സുഷ്മിത വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 85,530 വോട്ടു നേടിയ എയുഡിഎഫ് ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഇതു കോൺഗ്രസിന് അനുകൂലമാകും. മുസ്‍ലിം വോട്ടിൽ വിള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യം മുൻനിർത്തി മേഘാലയയിലെ ബിജെപിയുടെ ഘടകകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) വിദ്യാസമ്പന്നയായ യുവവനിത സ്ഥാനാർഥി നാസിയ യാസ്മിൻ മസുംദേറിനെ രംഗത്തിറക്കിയിരിക്കുന്നു. ഈ നീക്കം ഫോട്ടോഫിനിഷിലേക്കായിരിക്കും മണ്ഡലത്തെ കൊണ്ടെത്തിക്കുക. 

ശിവഗംഗ (തമിഴ്നാട്)

പ്രധാനമത്സരം
∙കാർത്തി ചിദംബരം (കോൺഗ്രസ്)
∙എച്ച്.രാജ (ബിജെപി)
∙വി.പാണ്ടി (അമ്മ മക്കൾ മുന്നേറ്റ കഴകം)

മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ പുത്രൻ കാർത്തി ചിദംബരം മത്സരിക്കുന്നതു കൊണ്ടു ശ്രദ്ധേയം. ഏഴു തവണ ചിദംബരം പ്രതിനിധീകരിച്ച മണ്ഡലമാണ് ശിവഗംഗ. കഴിഞ്ഞ തവണ അണ്ണാഡിഎകെയുടെ പി.ആർ.സെന്തിൽനാഥൻ ഡിഎംകെയിലെ ദുരൈരാജ് സബ്ബയെ 2,29,385 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അന്നു മൂന്നാം സ്ഥാനത്തെതിയ ബിജെപി ദേശീയ സെക്രട്ടറി  എച്ച്.രാജയും നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന കാർത്തി ചിദംബരവും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം.

Tamil-Nadu-Constituency-seats-2014-map

തമിഴ്നാട്ടിലെ വ്യാപാരസമൂഹമായ ചെട്ടിയാർ സമുദായത്തിന്റെ പ്രധാനകേന്ദ്രമാണ് ശിവഗംഗ. മണ്ഡലത്തിലെ ജനസംഖ്യയുടെ 10% ചെട്ടിയാർ സമുദായക്കാരാണ്. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മുക്കളത്തൂർ വിഭാഗത്തിൽപ്പെട്ട വി.പാണ്ഡിയാണ് ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ  സ്ഥാനാർഥി. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാഹചര്യമാണു നിലവിലുള്ളത്. ദലിത്, മുസ്‍ലിം, ക്രിസ്ത്യൻ വോട്ടർമാരുടെ നിലപാടും നിർണായകം. കാർത്തി ചിദംബരം ഡിഎംകെ, ഇടതുപാർട്ടികൾ എന്നിവരടങ്ങിയ മുന്നണിയുടെ ഭാഗമായിട്ടാണു മത്സരിക്കുന്നത്. രാജാ ബിജെപി–അണ്ണാഡിഎംകെ മുന്നണിയുടെ ഭാഗവും. 

ഫത്തേപുർ സിക്രി (ഉത്തർപ്രദേശ്)

പ്രധാനമത്സരം
∙രാജ് ബബ്ബാർ (കോൺഗ്രസ്)
∙രാജ്കുമാർ ചാഹർ (ബിജെപി)
∙ശ്രീഭഗവാൻ ശർമ (ബിഎസ്പി)

അക്ബർ ചക്രവർത്തി സ്ഥാപിച്ച ചരിത്രനഗരം. ഇവിടെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. കഴിഞ്ഞ തവണ ബിജെപിയിലെ ചൗധരി ബാബുലാൽ ബിഎസ്പിയിലെ സീമ ഉപാദ്ധ്യായെ 1,73,106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാറെ തന്നെയാണ്. ജാട്ട് നേതാവ് രാജ്കുമാർ ചാഹറാണ് ബിജെപി സ്ഥാനാർഥി. എസ്പി, ബിഎസ്പി, ആർഎൽഡി മഹാസഖ്യത്തിലെ ശ്രീഭഗവാൻ ശർമയാണു  മൂന്നാമത്തെ സ്ഥാനാർഥി. മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമാണ്. ഗ്രാമീണമേഖലയിൽ ദലിത് വോട്ടർമാർക്കാണു മുൻതൂക്കം. രജപുത്ര, കുശ്വാഹ വോട്ടർമാർക്കു ഫലം നിശ്ചയിക്കുന്നതിൽ നിർണായക സ്വാധീനമുണ്ട്. ഉരുളക്കിഴങ്ങിന്റെ വിലത്തകർച്ച മുഖ്യവിഷയമാണ്. ഇതു കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാക്കും. കോൺഗ്രസിനു നേരിയ മേൽക്കൈ ദൃശ്യമാണ്. 

UP-lok-sabha-election-2014-results-info-graphic-map-MAL

കത്തിഹാർ (ബിഹാർ)

പ്രധാനമത്സരം
∙താരിഖ് അൻവർ (കോൺഗ്രസ്)
∙ദുലാൽ ചന്ദ്ര ഗോസ്വാമി (ജെഡിയു)
∙മുഹമ്മദ് ഷക്കൂർ (എൻസിപി)

ഒരിക്കൽ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നു കത്തിഹാർ. 1999 മുതൽ 2009 വരെ ജയം ബിജെപിക്കായിരുന്നു. കഴിഞ്ഞ തവണ 1,14,740 വോട്ടിന് താരിഖ് അൻവർ ബിജെപിയിലെ നിഖിൽകുമാർ ചൗധരിയെ പരാജയപ്പെടുത്തി. അന്ന് താരിഖ് അൻവർ എൻസിപി ടിക്കറ്റിലാണ് മത്സരിച്ചു ജയിച്ചത്. എൻസിപി സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അൻവർ കഴിഞ്ഞ വർഷം കോൺഗ്രസിൽ തിരികെയെത്തി. മണ്ഡലത്തിലെ ജനസംഖ്യയുടെ 43% പേരും നിരക്ഷരരാണ്.

Bihar-Constituency-2014-Seat-Share

രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കത്തിഹാർ. മുസ്‍ലിം, യാദവ വോട്ടർമാർ പകുതിയിലേറെ വരും. ഈ വോട്ടിലാണു കോൺഗ്രസ് സ്ഥാനാർഥി ലക്ഷ്യമിട്ടിരിക്കുന്നതും. ദുലാൽ ചന്ദ്ര ഗോസ്വാമിയാണു ജനതാദൾ(യു) സ്ഥാനാർഥി. എൻസിപിക്കു ശക്തമായ പിൻബലമുള്ള ഈ മണ്ഡലത്തിൽ നാട്ടുകാരനായ മുഹമ്മദ് ഷക്കൂറിനെയാണു പാർട്ടി  സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം അവകാശപ്പെടാം.

റായ്ഗഞ്ച് (ബംഗാൾ)

പ്രധാനമത്സരം
∙ദീപ ദാസ്മുൻഷി (കോൺഗ്രസ്)
∙ദേബാശ്രീ ചൗധരി (ബിജെപി)
∙മുഹമ്മദ് സലിം (സിപിഎം)
∙അഗർവാൾ കനയ്യലാൽ (തൃണമൂൽ കോൺഗ്രസ്)

2014ൽ സിപിഎമ്മിലെ മുഹമ്മദ് സലിം 1634 വോട്ടിനു കോൺഗ്രസിലെ ദീപാ ദാസ്മുൻഷിയെ പരാജയപ്പെടുത്തിയ മണ്ഡലം. ഇത്തവണ ബംഗാളിലെ സിപിഎം, കോൺഗ്രസ് സഖ്യ ചർച്ചകൾ പരാജയപ്പെട്ടതു റായ്ഗഞ്ച് സീറ്റിൽ ഉടക്കിയായിരുന്നു. നേരിയ ഭൂരിപക്ഷത്തിനു നഷ്ടമായ സീറ്റ് തങ്ങൾക്കു വേണമെന്നു കോൺഗ്രസും തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുതരില്ലെന്നും സിപിഎമ്മും വാശിപിടിച്ചു. ഫലത്തിൽ റായ്ഗഞ്ചിൽ തട്ടി സഖ്യം തകർന്നു.

Bengal-lok-sabha-election-2014-results-infographic-map-MAL

മുൻപു രണ്ടുതവണ ദീപയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ പ്രിയരഞ്ജൻ ദാസ് മുൻഷി വിജയിച്ച മണ്ഡലമെന്ന പ്രത്യേക കൂടി അവകാശപ്പെടാവുന്ന സീറ്റ്. കോൺഗ്രസിന് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലം. 50 ശതമാനത്തിലേറെ വോട്ടർമാർ മുസ്‍ലിംകളാണ്. കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ ലക്ഷ്യമിടുന്നതും മുസ്‍ലിം വോട്ടുബാങ്കിൽ തന്നെ. സിറ്റിങ് എംപി മുഹമ്മദ് സലീമാണ് സിപിഎം സ്ഥാനാർഥി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മികച്ച നേട്ടം ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും പ്രതീക്ഷ നൽകുന്നു. പക്ഷേ കോൺഗ്രസിനും സിപിഎമ്മിനും ഇവിടെ ജയിച്ചേ തീരൂ.

സുന്ദർഗഢ് (ഒഡീഷ)

∙ജുവൽ ഓറം (ബിജെപി)
∙സുനിത ബിസ്‍വാൾ (ബിജെഡി)
∙ജോർജ് ടിർക്കി (കോൺഗ്രസ്)

2014ൽ ഒഡീഷയിൽ ബിജെഡിക്കു ലഭിക്കാതെ പോയ ഏക സീറ്റ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജൂവൽ ഓറമാണു കഴിഞ്ഞ തവണ ജയിച്ചത്. രാജ്യാന്തര ഹോക്കിതാരം ദിലീപ് ടിർക്കിയെയാണ് ഓറം പരാജയപ്പെടുത്തിയത്. ഓറം അഞ്ചാം ജയത്തിന് അങ്കം കുറിക്കുന്നു. മുൻമുഖ്യമന്ത്രി  ഹേമാനന്ത ബിശ്വാസിന്റെ മകൾ സുനിത ബിസ്വാസാണ് ബിജെഡി സ്ഥാനാർഥി. ഹേമാനന്ദ ബിശ്വാസ് രണ്ടുതവണ വിജയിച്ച മണ്ഡലമെന്ന പ്രത്യേക കൂടിയുണ്ട്. ആദിവാസി നേതാവ്  ജോർജ് ടിർക്കിയാണ് കോൺഗ്രസ് സ്ഥാനാർ‌ഥി. ആദിവാസി ഭൂരിപക്ഷ മണ്ഡലം. റൂർക്കല സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന മണ്ഡലം.

Odisha-Election-2014-Seat-Share

മറ്റു നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ചു നഗരവൽക്കരണത്തിൽ ഏറെ മുന്നോട്ടുപോയ പ്രദേശമാണെങ്കിലും അതീവ പിന്നാക്കമേഖലയ്ക്കുള്ള കേന്ദ്രഫണ്ട് ജില്ലക്കു ലഭിച്ചുവരുന്നു. ജാർഖണ്ഡും ഛത്തിസ്ഗഡുമായി അതിർത്തി പങ്കിടുന്ന ലോക്സഭാ മണ്ഡലമാണ്. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിലായി അറിയപ്പെടുന്ന പ്രദേശമാണ് സുന്ദർഗഡ്. കഴിഞ്ഞ തവണ 18,829 വോട്ടിനാണ് ജൂവൽ ഓറം ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ഹേമാനന്ദ ബിശ്വാസ് 2,69,335 വോട്ടു നേടിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ജോർജ് ടിർക്കി ആദിവാസിക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവായതിനാൽ അതിശക്തമായ ത്രികോണ മത്സരത്തിനുള്ള വേദിയായി സുന്ദർഗഢ് മാറിക്കഴിഞ്ഞു. 

മണ്ഡ്യ (കർണാടക)

പ്രധാനമത്സരം
∙നിഖിൽ കുമാരസ്വാമി (ജെഡിഎസ്)
∙സുമലത അംബരീഷ് (സ്വതന്ത്ര)

കരിമ്പിന്റെ നാടായ മണ്ഡ്യ കോൺഗ്രസിന്റയും ജനതാദളിന്റെയും(എസ്) ശക്തികേന്ദ്രമാണ്. കോൺഗ്രസ് – ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മുൻപ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ചെറുമകനും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജനവിധി തേടുന്നു. 2014ൽ ജെഡിഎസിലെ സി.എസ്.പുട്ടരാജു കോൺഗ്രസിലെ യുവതാരം രമ്യ (ദിവ്യ സ്പന്ദന)യെ 5518 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണു  പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി ശിവലിംഗയ്യയ്ക്കു ലഭിച്ചത് 86,993 വോട്ടുമാത്രമാണ്. നിഖിൽ കുമാരസ്വാമിയും പ്രശസ്ത നടിയും കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച പ്രമുഖനടൻ അംബരീഷിന്റെ ഭാര്യയുമായ സുമലതയും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം.

Karnataka-Constituency-seats-2014-map

ബിജെപിയുടെ പിന്തുണ സുമലതയ്ക്കാണ്. അംബരീഷ് മൂന്നു തവണ ഇവിടെ നിന്നു ലോക്സഭയിലെത്തി. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ബന്ധങ്ങൾ സുമലതയ്ക്കു പ്രയോജനം ചെയ്യും. സഖ്യത്തിലാണു മത്സരിക്കുന്നതെങ്കിലും കോൺഗ്രസ് അനുഭാവ വോട്ടുകൾ എത്രകണ്ടു ജനതാദൾ സ്ഥാനാർഥിക്കു ലഭിക്കുമെന്ന കാര്യത്തിൽ തർക്കമുണ്ട്. ഈ വോട്ടുകൾ ലക്ഷ്യമിട്ടാണു സുമലതയുടെ ക്യാംപു പ്രവർത്തിക്കുന്നതും. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ മികച്ച ഭൂരിപക്ഷത്തിനു നിഖിൽ കുമാരസ്വാമി ജയിക്കും. വൊക്കലിംഗ സമുദായത്തിനു വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ തെലുങ്ക് ബന്ധമുള്ള സുമലതയുടെ ‘വൊക്കലിംഗ ഐഡന്റിറ്റി’യെ എതിർപക്ഷം ചോദ്യം ചെയ്തുകഴിഞ്ഞു. 

ശ്രീനഗർ (ജമ്മു കശ്മീർ)

പ്രധാനമത്സരം
∙ഫാറുഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്)
∙ആഗാ സെയ്ദ് മൊഹ്സിൻ (പിഡിപി)
∙ഷെയ്ക്ക് ഖാലിദ് ജെഹാംഗീർ (ബിജെപി)

Jammu-Kashmir-MAL-Loksabha-Constituency-seats-2014-map

കശ്മീർ താഴ്‍വരയിലെ മൂന്നു മണ്ഡലങ്ങിലൊന്ന്. മുൻ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുല്ലയും ഒമർ അബ്ദുല്ലയും മൂന്നു തവണ വീതം ജയിച്ച മണ്ഡലം. 2014ൽ രാജ്യത്തെ ഏറ്റവും വലിയ അട്ടിമറിക്കു സാക്ഷിയായ മണ്ഡലം. നാഷനൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുല്ലയെ 42,280 വോട്ടിന് പിഡിപിയിലെ താരീഖ് ഹമീദ് ഖര അട്ടിമറിച്ച സീറ്റാണിത്. പൊതുവെ ദേശീയതലത്തിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം മാത്രമുള്ള മണ്ഡലങ്ങളിലൊന്നാണു ശ്രീനഗർ. പിഡിപി നേതൃത്വം ബിജെപിയുമായി ചേർന്നു സഖ്യം രൂപീകരിച്ചതിനെതിരായി 2016ൽ പ്രതിഷേധ സൂചകമായി താരീഖ് ഹമീദ് ഖര ലോക്സഭാംഗത്വം രാജിവച്ച ചരിത്രമുണ്ട്. എന്നാൽ 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫാറുഖ് അബ്ദുല്ല വിജയം നേടി. ഇത്തവണയും മത്സരം പിഡിപിയും നാഷനൽ കോൺഫറൻസും തമ്മിലാണ്. 

പുതുച്ചേരി (പുതുച്ചേരി)

∙ഡോ.കെ.നാരായണസാമി  (എൻആർ കോൺഗ്രസ്)
∙വി.വൈദ്യലിംഗം (കോൺഗ്രസ്)

തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്നു ഭാഷകൾ സംസാരിക്കുന്ന വോട്ടർമാരാണു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ പ്രത്യേകത. മൂന്നിൽ രണ്ടു പ്രദേശവും നഗരപരിധിക്കുള്ളിൽ. ജനസംഖ്യയിൽ 30% വണ്ണിയാർ വിഭാഗത്തിൽപ്പെട്ടവർ, ദലിതർ 15%. മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ജനസംഖ്യയുടെ 12% വരും. കോൺഗ്രസിനു മേൽക്കൈയുള്ള മണ്ഡലമെങ്കിലും ഒരുതവണ വീതം  പിഎംകെയും ഡിഎംകെയും ജയിച്ച ചരിത്രവുമുണ്ട്. കഴിഞ്ഞ തവണ അട്ടിമറി ജയമാണു എൻആർ കോൺഗ്രസ് നേടിയത്.

Puduchery-lok-sabha-constituency-seat-2014

നിലവിലെ മുഖ്യമന്ത്രിയും  കോൺഗ്രസ് നേതാവുമായ വി. നാരായണസാമിക്കെതിരെ എൻആർ കോൺഗ്രസിലെ ആർ.രാധാകൃഷ്ണൻ അന്നു മികച്ച വിജയമാണു സ്വന്തമാക്കിയത്. 60,854 വോട്ടിനാണ് നാരായണസാമി പരാജയപ്പെട്ടത്. ഇത്തവണ മത്സരം കോൺഗ്രസ്– ഡിഎംകെ സഖ്യവും എൻആർകോൺഗ്രസ്– ബിജെപി–അണ്ണാഡിഎംകെ സഖ്യവും തമ്മിലാണ്. പരിചയ സമ്പന്നനായ മുൻമുഖ്യമന്ത്രി വി.വൈദ്യലിംഗത്തെയാണു കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. സീറ്റു നിലനിർത്താൻ എൻആർ കോൺഗ്രസ് സ്ഥാനാർഥിയായി കന്നിക്കാരനായ ഡോ.കെ.നാരായണസാമിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com