മുൻ ധനമന്ത്രി വി.വിശ്വനാഥ മേനോൻ അന്തരിച്ചു
Mail This Article
കൊച്ചി ∙ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോൻ (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചു മണിക്ക് രവിപുരം ശ്മശാനത്തിൽ. 1987ൽ ഇ.കെ.നായനാർ മന്ത്രിസഭയിലാണ് ധനകാര്യമന്ത്രിയായത്. അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചു. ഭാര്യ: കെ.പ്രഭാവതി മേനോൻ (റിട്ട. അധ്യാപിക) മക്കൾ: അഡ്വ. വി.അജിത‌് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ, മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രഫസർ സെന്റ‌് പീറ്റേഴ‌്സ‌് കോളജ‌്, കോലഞ്ചേരി) പ്രീതി മാധവ‌് (അസി. പ്രഫസർ എംഇഎസ‌് കോളജ‌്, എടത്തല).
ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം.മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി. രണ്ടു വട്ടം പാർലമെന്റ് അംഗമായിരുന്നു. കാലത്തിനൊപ്പം മായാത്ത ഓർമകൾ (ആത്മകഥ), ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
നഗരസഭാ കൗൺസിലർ, എംപി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ച അദ്ദേഹം, പിന്നീടു പാർട്ടിയുമായി അകന്നു. കോൺഗ്രസിന്റെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി.
2004ൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് വിശ്വനാഥ മേനോന്റെ രാഷ്‌ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ബിജെപിയുടെയും ബിടിആർ–ഇഎംഎസ്–എകെജി ജനകീയ സാംസ്‌കാരിക വേദിയുടെയുമൊക്കെ പിന്തുണയോടെ വിശ്വനാഥമേനോൻ സ്‌ഥാനാർഥിയായി. ഇടതുപക്ഷത്തിനു ഞെട്ടലുണ്ടാക്കുന്നതായിരുന്നു ആ സ്‌ഥാനാർഥിത്വം.
സ്‌ഥാനാർഥിത്വം വലിയ ചർച്ചകളൊക്കെയുണ്ടാക്കിയെങ്കിലും വിശ്വനാഥ മേനോന്റെ രാഷ്‌ട്രീയ വനവാസം അവിടെ തുടങ്ങി. കൊച്ചി കപ്പൽശാലയുൾപ്പെടെ ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ എറണാകുളത്തേക്കെത്തിച്ച എംപിയും കേരളത്തിന്റെ വിദഗ്‌ധനായ ധനമന്ത്രിയുമൊക്കെ ആയിരുന്ന വിശ്വനാഥ മേനോൻ പൊതുരംഗത്തു നിന്നു പിൻവലിഞ്ഞ് വീട്ടിലേക്കൊതുങ്ങി. 1956ൽ എറണാകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ അടവുകൾ പയറ്റിത്തെളിഞ്ഞ മേനോൻ 1967ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്‌ഥാനാർഥിയായ എം.എം.തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
മുസ്‌ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു.
എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്‌റ്റാണ് വിശ്വനാഥ മേനോൻ. ഒരു തവണ രാജ്യസഭാംഗവുമായി. 1987ൽ ധനമന്ത്രിയായ ശേഷം തുടർച്ചയായി സിപിഎമ്മിനു നഷ്‌ടപ്പെട്ട എറണാകുളം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാൻ 1991ൽ വിശ്വനാഥമേനോനെത്തന്നെ പാർട്ടി നിയോഗിച്ചു. രാജീവ് ഗാന്ധി വധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോൾ മേനോന് അടിതെറ്റി. 2004ൽ മത്സര രംഗത്തിറങ്ങുമ്പോൾ പാർട്ടിയോട് അകന്നിരുന്നു.
ഒരുതവണ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായും പിന്നീട് സിപിഎം പ്രതിനിധിയായുമാണ് പാർലമെന്റിലെത്തിയത്. 1940–50 കാലഘട്ടത്തിൽ പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 12 വർഷം എഫ്എസിടി യൂണിയന്റെയും 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായിരുന്നു. കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി എറണാകുളം മണ്ഡലത്തിൽ മൽസരിച്ചതോടെ പാർട്ടിയിൽ നിന്നു പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി.
എറണാകുളം ജില്ലയിൽ, അഭിഭാഷകനായിരുന്ന അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും മകനായി 1927ലാണ് വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളജിലും മുംബൈ ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റു കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടിട്ടുണ്ട്. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു.
അഖില കൊച്ചി വിദ്യാർഥി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു നിരവധി തവണ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1940 ൽ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാർഥം ബ്രിട്ടന്റെ യൂണിയൻ ജാക‌് പതാക എറണാകുളത്തെ സ‌്കൂളുകളിൽ വിൽക്കുന്നതിനെതിരെ പ്രവർത്തിച്ചു. ആദ്യ അറസ്റ്റ് 13ാം വയസിൽ ഇതേതുടർന്നായിരുന്നു. 1946 ൽ ജവാഹർലാൽ നെഹ‌്റുവിനെ അറസ‌്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച‌് എറണാകുളത്ത‌് വിദ്യാർഥികൾ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടർന്ന‌് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി.
1947 ൽ സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളജിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന ഉത്തരവ് വെല്ലുവിളിച്ച‌് രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേ തുടർന്ന‌് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ‌് കോളജിൽ നിന്നും പുറത്താക്കി. കൊച്ചി രാജാവ‌് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കയ്യേറ്റക്കേസിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു.
1949 ൽ പുണെ ലോ കോളജിൽ ചേർന്നു. പിന്നീട‌് മുംബൈ ലോ കോളജിലേക്കു മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർട്ടി അംഗമായി. കമ്യൂണിസ‌്റ്റ‌് പാർട്ടിയും വിദ്യാർഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധനം ലംഘിച്ച‌് എറണാകുളത്ത‌് വിദ്യാർഥികളെ സംഘടിപ്പിച്ചു. തുടർന്ന് ഒളിവിൽ പോയി.
1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പൊലീസ് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായത്. പൊലീസ‌് സ‌്റ്റേഷനിൽ നിന്നും പാർട്ടി പ്രവർത്തകരെ രക്ഷപെടുത്തുന്നതിനായിരുന്നു സ്റ്റേഷൻ ആക്രമണം. 1950 ജൂലൈ 12ന‌് ഡൽഹിയിൽ അറസ‌്റ്റിലായി. വിവിധ ജയിലുകളിൽ വിചാരണത്തടവുകാരനായി കിടന്ന ശേഷം ആലുവ ജയിലിലെത്തി. പിന്നീട‌് ഇടപ്പള്ളി കേസിൽ നിരപരാധി എന്നുകണ്ട‌് കോടതി വിട്ടയച്ചു.
നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി. 1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോർട്ടുകൊച്ചി എന്നീ പ്രദേശങ്ങൾ ചേർത്ത‌് കൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 1960 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന‌് കമ്യൂണിസ‌്റ്റ‌് പാർടി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.
1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമായിരുന്നു വിശ്വനാഥമേനോൻ. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 18 മാസം ജയിലിൽ. പാർലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സർവകലാശാല രൂപീകരിച്ചപ്പോൾ നോമിനേറ്റ‌് ചെയ‌്ത സെനറ്റിൽ അംഗമായി. 1971 ൽ നടന്ന പാർലമെന്റ‌് തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക‌് തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലത്താണ് അടിയന്താരാവസ്ഥയിലെ രാജൻ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത‌്. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക‌് നൽകുന്ന താമ്രപത്രം നിരസിച്ചും ചരിത്രത്തിൽ ഇടംനേടി.
മുഖ്യമന്ത്രി അനുശോചിച്ചു
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി. വിശ്വനാഥമേനോനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്താണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവര്‍ത്തിച്ചതിന് പതിമൂന്നാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് ഒരുപാട് മര്‍ദനങ്ങള്‍ക്ക് ഇരയായി. കള്ളക്കേസില്‍ കുടുക്കി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അദ്ദേഹത്തെ അടച്ചു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്‍റെ പോരാട്ടവീറിനെ തളര്‍ത്തിയില്ല. ധീരനായ പോരാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. വിശ്വനാഥമേനോന്‍റെ വേര്‍പാട്, ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.