നോക്കിയാൽ കാണാവുന്ന ദൂരത്തിൽ സ്മാർട് ‘സിറ്റി’; മലിനീകരണത്തിൽ വിട്ടുവീഴ്ചയില്ല!

Mail This Article
കൊച്ചി∙ ലക്ഷക്കണക്കിനു ടൺ നഗര മാലിന്യം കുന്നുകൂടി കിടക്കുന്ന ഒരു മാലിന്യ മലയാണത്. ജൈവ മാലിന്യം സംസ്കരിക്കാൻ തയാറാക്കിയ പ്ലാന്റ് എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാം. ചീഞ്ഞഴുകിയ ടൺ കണക്കിനു ജൈവമാലിന്യവും സംസ്‌കരിക്കാൻ കഴിയാതെ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യവും മാരകമായ രാസപദാർഥങ്ങളും കടമ്പ്രയാറിന്റെ കരയിലെ ചതുപ്പിൽ കെട്ടി കിടക്കുന്നു. മാലിന്യക്കൂനയിൽനിന്ന് ഒലിച്ചിറങ്ങുന്ന പതിനായിരക്കണക്കിനു ലീറ്റർ മലിന ജലം കടമ്പ്രയാറിനെ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
പറയുന്നത് ബ്രഹ്മപുരത്തെ കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിനെ കുറിച്ചാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ വർഷങ്ങളായി കടുത്ത വിമർശനങ്ങളും കനത്ത പിഴയും ചുമത്തിയിട്ടും ഒട്ടും മാറാതെ ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരമായി മാത്രം തുടരുന്ന ബ്രഹ്മപുരം പ്ലാന്റ്. കൊച്ചി കോർപറേഷന്റെയും സമീപത്തെ നഗരസഭകളുടെയും ആയിരക്കണക്കിനു ടൺ മാലിന്യമാണ് ഓരോ ദിവസവും ബ്രഹ്മപുരത്തേക്ക് കൊണ്ടു വരുന്നത്.
മാലിന്യ സംസ്കരണ പ്ലാന്റെന്നു പേരിനു പറയാമെങ്കിലും ഇവിടെ സംസ്കരിച്ചു വളമാക്കി മാറ്റുന്ന ജൈവ മാലിന്യം വളരെ കുറവു മാത്രം. കോർപറേഷൻ, നഗരസഭകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം കൊണ്ടു വന്നിടുന്ന മാലിന്യ നിക്ഷേപ കേന്ദ്രം മാത്രമാണു പൊതുവിൽ ബ്രഹ്മപുരം. കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ മാലിന്യം ഇതിനു തെളിവാണ്. ഓരോ വർഷവും കോടിക്കണക്കിനു രൂപ മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപറേഷൻ ചെലവഴിക്കുന്നുണ്ടെങ്കിലും ബ്രഹ്മപുരത്തിന്റെ സ്ഥിതിയിൽ മാത്രം മാറ്റമില്ല.

ദുരന്തവാഹിനിയായി കടമ്പ്രയാർ
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യം സൃഷ്ടിച്ച ദുരന്തം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയതു കടമ്പ്രയാറാണ്. രാജ്യത്തെ തന്നെ ഏറ്റവുമധികം മലിനീകരണമുള്ള പുഴകളുടെ പട്ടികയിലാണു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കടമ്പ്രയാർ, ചിത്രപ്പുഴ, മനയ്ക്കത്തോട് എന്നീ 3 ജലസ്രോതസ്സുകൾക്കു സമീപമാണു പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ആദ്യ കാലങ്ങളിൽ പ്ലാന്റിലുണ്ടാകുന്ന മലിന ജലം ശുദ്ധീകരിക്കാനുള്ള സംവിധാനം പ്ലാന്റിലുണ്ടായിരുന്നു. എന്നാൽ ക്രമേണ ഈ സംവിധാനം തകരാറിലായി. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഫലം: മലിന ജലം ഒഴുകിയിറങ്ങി കടമ്പ്രയാർ മാലിന്യവാഹിനിയായി. വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിന്റെ സ്രോതസ്സാണ് ഇതോടെ മലിനീകരിക്കപ്പെട്ടത്. മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കടമ്പ്രയാറിലെ മാലിന്യത്തിന്റെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്. ലീറ്ററിൽ 10 മില്ലി ഗ്രാം മാത്രം കാണേണ്ട നൈട്രജൻ സാന്നിധ്യം കടമ്പ്രയാറിൽ 61.98 മില്ലി ഗ്രാമാണ്. സൾഫർ ലീറ്ററിൽ 59.6 മില്ലി ഗ്രാം. അനുവദനീയമായത് 2 മില്ലി ഗ്രാം മാത്രം. വിസർജ്യത്തിൽ കാണുന്ന അണുക്കളുടെ അളവും (ഫേക്കൽ കണ്ടാമിനേഷൻ) കടമ്പ്രയാറിലെ വെള്ളത്തിൽ അതീവ ഗുരുതരമായ നിലയിൽ.
വർഷക്കാലത്തെ മഴയിൽ മാലിന്യത്തിൽ ഒലിച്ചിറങ്ങുന്ന ജലം കടമ്പ്രയാറിനെ മലിനമാക്കും. വേനൽക്കാലത്തെ ചൂടിൽ ബ്രഹ്മപുരത്തെ മാലിന്യക്കൂനയ്ക്കു തീപിടിക്കുന്നതും പതിവു കാര്യം. രണ്ടായാലും ജലവും വായുവും മലിനീകരിക്കുന്ന കാര്യത്തിൽ മാത്രം ബ്രഹ്മപുരത്തിന് ഒരു വിട്ടുവീഴ്ചയുമില്ല.

നിലംപൊത്താറായി സംസ്കരണ യൂണിറ്റ്
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ യൂണിറ്റ് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന നിലയിലാണ്. ചതുപ്പു നിലമായതിനാലും കാലപ്പഴക്കത്താലും തൂണുകൾ ദ്രവിച്ചു താഴ്ന്ന നിലയിലാണ്. ഇവിടെ മാലിന്യം വേർതിരിക്കുന്ന ഒട്ടേറെ തൊഴിലാളികളുണ്ട്. അവർക്കു മുകളിലെ മേൽക്കൂരയാണ് എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള റോഡിന്റെ കാര്യം മഹാ കഷ്ടമാണ്. മഴ കൂടി പെയ്താൽ പിന്നെ പറയുകയും വേണ്ട. മാലിന്യവും ചെളിയും കൂടി കുഴഞ്ഞ് വാഹനങ്ങൾക്കു പോലും പോകാനാകാത്ത അവസ്ഥയാകും. പരിസരത്താകെ പരക്കുന്ന കടുത്ത ദുർഗന്ധവും കൂടിയാകുന്നതോടെ ബ്രഹ്മപുരത്തെ അവസ്ഥ അത്യന്തം ദയനീയമാകും. അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ളവർ ഈ വഴിക്കു പോകാറേ ഇല്ല.
വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇല്ലെന്നു കഴിഞ്ഞ ദിവസം പ്ലാന്റ് സന്ദർശിച്ച കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അംഗങ്ങൾക്കു വ്യക്തമായി. ശുചിമുറി സൗകര്യവുമില്ല. ഓഫിസ് മുറിയെന്നു പറയുന്ന മുറി എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണെന്നു കൗൺസിലർമാർ പറഞ്ഞു.
പൊൻകതിരുകളുടെ ബ്രഹ്മപുരം
ഒരു കാലത്ത് പൊൻനിറമാർന്ന നെൽക്കതിരുകൾ നിറഞ്ഞു കിടന്ന പാടശേഖരമായിരുന്നു ബ്രഹ്മപുരം. കടമ്പ്രയാറിന്റെയും ചിത്രപ്പുഴയുടെയും സാന്നിധ്യം ഈ മേഖലയിലെ കൃഷിക്ക് അനുയോജ്യമായിരുന്നു. അവിടുത്തെ ചെല്ലിപ്പാടത്തിനു സമീപം പാടശേഖരം നികത്തിയാണു കൊച്ചി കോർപറേഷൻ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതിക്കു വേണ്ടി ചെല്ലിപ്പാടത്തുനിന്ന് ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തുള്ള ജനങ്ങളുടെയെല്ലാം കുടിവെള്ള സ്രോതസ്സായ ജലശേഖരമാണു കടമ്പ്രയാറും ചിത്രപ്പുഴയും.
നഗര നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ ഖരമാലിന്യ നിർമാർജ പ്ലാന്റായിരുന്നു ബ്രഹ്മപുരത്തേത്. 2008ലാണു പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. കൊച്ചി കോർപറേഷനു പുറമേ ആലുവ, അങ്കമാലി, കളമശേരി, തൃക്കാക്കര, ഏലൂർ തുടങ്ങി സമീപ നഗരസഭകളിലെയും ചേരാനെല്ലൂർ പഞ്ചായത്തിലെയും മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്കാണെത്തിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽനിന്നു നോക്കിയാൽ കാണാവുന്ന ദൂരത്തിലാണു കേരളത്തിന്റെ സ്വപ്ന പദ്ധതികളായ സ്മാർട് സിറ്റിയും ഇൻഫോപാർക്കും. പുഴയും പാലവും പാടവുമെല്ലാം കടന്നു റോഡ് ചുറ്റിയെത്തിയാൽ കഷ്ടിച്ച് 3 കിലോമീറ്റർ. പ്ലാന്റിൽനിന്ന് 2 കിലോമീറ്ററിൽ താഴെ മാത്രമേ സ്മാർട് സിറ്റിയുടെ രണ്ടാം ഘട്ട പദ്ധതി പ്രദേശത്തേക്കുള്ളൂ.
ദേ കിടക്കുന്നു, വെള്ളാന വണ്ടി!
വെള്ളാനകളുടെ ഒരു കഥ പറയാം. തിരുവനന്തപുരത്തെ വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയപ്പോൾ തിരുവനന്തപുരം കോർപറേഷനിലെ ഖര മാലിന്യ സംസ്കരണത്തിനായി ഒരു മൊബൈൽ ഇൻസിനറേറ്റർ വാങ്ങാൻ സിഡ്കോയ്ക്ക് തദ്ദേശ ഭരണ വകുപ്പ് അനുമതി നൽകി. ശുചിത്വ മിഷൻ വഴിയാണ് ഇതിനു ഫണ്ട് കണ്ടെത്തിയത്. അഹമ്മദാബാദിലെ ചിന്തൻ സെയിൽസ് എന്ന സ്ഥാപനത്തിൽനിന്ന് 2.19 കോടി രൂപ മുടക്കി 2012 ഒക്ടോബറിൽ ഇൻസിനറേറ്റർ വാങ്ങി.
ഒരു ടൺ മാലിന്യം വരെ സംസ്കരിക്കാൻ മണിക്കൂറിൽ 77.40 ലീറ്റർ ഇന്ധനമായിരുന്നു ചെലവ്. 2012നും 2013നും ഇടയിൽ 40 ദിവസം ഇതു പ്രവർത്തിപ്പിക്കാൻ ശുചിത്വ മിഷൻ ഇന്ധന ചെലവും തിരുവനന്തപുരം കോർപറേഷനു നൽകി. അതിനു ശേഷം മൊബൈൽ ഇൻസിനറേറ്റർ ഏറ്റെടുക്കാൻ ശുചിത്വ മിഷൻ തിരുവനന്തപുരം കോർപറേഷനോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രവർത്തന ചെലവ് സംസ്ഥാന സർക്കാർ വഹിക്കുകയാണെങ്കിൽ ഏറ്റെടുക്കാമെന്നായിരുന്നു തിരുവനന്തപുരം കോർപറേഷന്റെ നിലപാട്. ഇതു സർക്കാർ അംഗീകരിച്ചില്ല.
തുടർന്ന് 50% ഇന്ധന ചെലവ് വഹിക്കാൻ തയാറുള്ള ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിന് ഇതു കൈമാറാൻ തദ്ദേശ വകുപ്പ് ശുചിത്വ മിഷനോടു നിർദേശിച്ചു. 2014 മാർച്ചിൽ തദ്ദേശ വകുപ്പിന്റെ നിർദേശ പ്രകാരം ക്ലീൻ കേരള കമ്പനി ഇത് ഏറ്റെടുത്തു. പിന്നീട്, കൊച്ചി കോർപറേഷൻ, കളമശേരി, കോട്ടയ്ക്കൽ നഗരസഭകൾ എന്നിവയുടെ ആവശ്യങ്ങൾക്കു വേണ്ടി കുറച്ചു ദിവസം ഇതു പ്രയോജനപ്പെടുത്തി. 2012 നവംബർ 15 മുതൽ 2015 ജൂൺ 2 വരെ മൊബൈൽ ഇൻസിനറേറ്റർ ആകെ പ്രവർത്തിപ്പിച്ചത് 69 ദിവസം; സംസ്കരിച്ചത് 248 ടൺ മാലിന്യം.

ആർക്കും ആവശ്യമില്ലാത്തതിനാൽ ഇതു ശുചിത്വ മിഷനു തന്നെ തിരിച്ചു കൊടുക്കാൻ 2017ൽ ക്ലീൻ കേരള കമ്പനി തദ്ദേശ വകുപ്പിനോടു നിർദേശിച്ചു. എന്നാൽ, പ്രവർത്തന ചെലവ് താങ്ങാൻ കഴിയാത്തതിനാൽ ഇൻസിനറേറ്റർ ഡീകമ്മിഷൻ ചെയ്യാനോ, ലേലം ചെയ്തു വിൽക്കാനോ ആയിരുന്നു ശുചിത്വ മിഷന്റെ നിർദേശം. ഇപ്പോൾ ഇതിനു കണക്കാക്കിയിരിക്കുന്ന വില 50 ലക്ഷം രൂപ.
ഈ വർഷം ജൂണിൽ സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ഇതേ കുറിച്ചു പറയുന്നുണ്ട്: ഉപകരണങ്ങളുടെ പ്രവർത്തനം സാമ്പത്തികമായി ലാഭകരമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സർക്കാർ ഇത്തരം ഉപകരണങ്ങൾ വാങ്ങാൻ പാടുള്ളൂ! ഈ മൊബൈൽ ഇൻസിനറേറ്റർ ഇപ്പോഴും വിറ്റുപോയിട്ടില്ല. 2015 മുതൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കാടു കയറി കിടക്കുന്നുണ്ട് ഈ മൊബൈൽ ഇൻസിനറേറ്റർ.
ബ്രഹ്മപുരത്ത് ഇനിയെന്തു വഴി
ബ്രഹ്മപുരത്ത് കുന്നുകൂട്ടിയിട്ട മാലിന്യം അപ്പപ്പോൾ സംസ്കരിക്കാത്തതിനു വലിയ വിലയാണു ഇനി നൽകേണ്ടി വരിക; വലിയ വില! കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ മാലിന്യം ഇനി സംസ്കരിക്കണമെങ്കിൽ കോടിക്കണക്കിനു രൂപ ചെലവു വരും. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് നേരത്തേ ജിജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റഡിനു കരാർ നൽകിയിരുന്നെങ്കിലും പിന്നീട് സർക്കാർ അതു റദ്ദാക്കി.
ബ്രഹ്മപുരത്തെ മാലിന്യം നീക്കാനായി 3 കാര്യങ്ങളാണ് ഇപ്പോൾ അധികൃതരുടെ പരിഗണനയിലുള്ളത്.

1. വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ബയോ മൈനിങ് നടത്തി നീക്കം ചെയ്യുക. ബെംഗളൂരു ആസ്ഥാനായ സോൺറ്റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 55 കോടി രൂപയ്ക്ക് ഇതിനുള്ള കരാർ കെഎസ്ഐഡിസി നൽകി.
2. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുക. ഈ പദ്ധതി ഇപ്പോൾ ടെൻഡർ നടപടികളിലാണ്. ബയോ മൈനിങ്ങിനു കരാർ ലഭിച്ച സോൺറ്റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ 2 കമ്പനികളാണ് അന്തിമ പട്ടികയിലുള്ളത്. കരാർ ഈ കമ്പനിക്കു തന്നെ ലഭിക്കാനാണു സാധ്യത.

3. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി നിലവിൽ വരാൻ ചുരുങ്ങിയത് 5 വർഷമെങ്കിലുമെടുക്കും. തകർന്നുകൊണ്ടിരിക്കുന്ന നിലവിലെ സംസ്കരണ പ്ലാന്റ അതുവരെ കൊണ്ടുപോകുകയെന്നത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഒരു പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക. കൊച്ചി കോർപറേഷൻ ഇതിനു വേണ്ടി 9 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു. ബ്രഹ്മപുരത്തെ ഒരു മാതൃക ജൈവ മാലിന്യ സംസ്കരണ പ്ലാന്റായി വികസിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബയോ മൈനിങ് എന്താണ്?
വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്രക്രിയയാണു ബയോ മൈനിങ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിലെ വിവിധ ഘടകങ്ങളെ വേർതിരിച്ചെടുക്കുക, പുനരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ പുനരുപയോഗിക്കുക, അല്ലാത്ത ജൈവ മാലിന്യങ്ങളെ ചില ചെറു ജീവജാലങ്ങളെ പ്രയോജനപ്പെടുത്തി പ്രകൃതിക്കു ദോഷകരമല്ലാത്ത രീതിയിൽ നിർവീര്യമാക്കുക, മാലിന്യമല നിലനിൽക്കുന്ന ഭൂമി നിരപ്പാക്കിയെടുത്ത് ഉപയോഗ പ്രദമാക്കുക എന്നിവയാണു ബയോ മൈനിങ്ങിൽ ഉൾപ്പെടുന്ന കാര്യങ്ങൾ.
4.75 ലക്ഷം ഘനയടി മാലിന്യം ബ്രഹ്മപുരത്ത് ഉണ്ടെന്നായിരുന്നു ആദ്യ കണക്ക്. ഘന മീറ്ററിന് ഇത്ര രൂപയെന്ന കണക്കിൽ 54.93 കോടി രൂപയ്ക്ക് സോൺറ്റ ഇൻഫ്രാടെക്കിനു കരാർ നൽകിയത്. എന്നാൽ പിന്നീട് കോഴിക്കോട് എൻഐടി നടത്തിയ പരിശോധനയിൽ മാലിന്യത്തിന്റെ അളവ് കൂടി. ഏകദേശം 5.51 ലക്ഷം ഘനയടി മാലിന്യമുണ്ടെന്നാണു പുതിയ കണക്ക്. ഇതോടെ, കരാർ തുക 70.95 കോടി രൂപയായി വർധിക്കും. ബയോ മൈനിങ് ആരംഭിച്ചാലും കുറഞ്ഞത് 5 വർഷമെങ്കിലുമെടുക്കും പദ്ധതി പൂർത്തിയാക്കാൻ.
വേസ്റ്റ് ടു എനർജി
ദൈനംദിന മാലിന്യം ഉപയോഗിച്ചു ബ്രഹ്മപുരത്ത് വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുകയെന്നത് ഏറെക്കാലമായി പറഞ്ഞു കേൾക്കുന്നതാണ്. നേരത്തേ ഇതിനുള്ള കരാർ ജിജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റഡിനു നൽകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ ഇതേ പദ്ധതി നടപ്പാക്കാനായി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 22 ഏക്കർ ഭൂമി പദ്ധതിക്കു വേണ്ടി സ്വകാര്യ കമ്പനിക്കു ൈകമാറും. പദ്ധതിക്കു പണം കണ്ടെത്താനായി കമ്പനിക്ക് ഈ ഭൂമി പണയപ്പെടുത്തുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണു നടപടികൾ. കൗൺസിലിന്റെ അനുമതിയില്ലാതെ ഭൂമി കൈമാറാനും പണയപ്പെടുത്താനുമുള്ള വ്യവസ്ഥകൾക്കെതിരെ കോർപറേഷൻ കൗൺസിലർമാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
നഷ്ടക്കച്ചവടമോ ബ്രഹ്മപുരം?
2005–06 കാലത്താണു ബ്രഹ്മപുരത്തു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ 48 ഏക്കർ ഭൂമി വാങ്ങുന്നത്. ഇതിൽ 13 ഏക്കർ ചതുപ്പും 35 ഏക്കർ കരഭൂമിയുമായിരുന്നു. ചതുപ്പിൽ മാലിന്യം കൊണ്ടു വന്നു തള്ളുന്നതു തദ്ദേശവാസികൾ എതിർത്തതോടെ സമീപമുള്ള സ്ഥലങ്ങൾ കൂടി ഏറ്റെടുക്കാൻ കോർപറേഷൻ തീരുമാനിച്ചു. എന്നാൽ കയ്യിൽ പൈസയില്ല. പണത്തിനായി സർക്കാരിനെ സമീപിച്ചു.
തുടർന്ന് 100 കോടി രൂപ മുടക്കി 52 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്തു സംസ്ഥാന സർക്കാർ കോർപറേഷനു നൽകി. ഇതിനിടയിൽ ഭൂമിക്കു ലഭിച്ച വില പോരെന്നു പറഞ്ഞ് ഉടമകൾ കോടതിയെ സമീപിച്ചു. ഭൂമിക്കു ഉയർന്ന വില നൽകാൻ സർക്കാർ നിർബന്ധിതരായി. ബ്രഹ്മപുരത്ത് ഏറ്റെടുത്ത ഭൂമിയുടെ വില ഇപ്പോൾ ഗഡുക്കളായി കോർപറേഷനിൽനിന്നു സർക്കാർ തിരിച്ചു പിടിക്കുകയാണ്. പദ്ധതി വിഹിതത്തിൽനിന്നു പ്രതിവർഷം 5.5 കോടി രൂപയാണ് ഇങ്ങനെ കോർപറേഷനു നഷ്ടമാകുന്നത്.
കോർപറേഷന്റെ അനുമതി ഇല്ലെങ്കിലും ബ്രഹ്മപുരത്തെ സ്ഥലം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള സ്ഥലം പൊതു ആവശ്യത്തിന് ഏറ്റെടുക്കാൻ അതതു കൗൺസിലുകളുടെ അനുമതി വേണ്ടെന്ന നിയമം നിയമസഭ പാസാക്കിയതോടെയാണു ഭൂമിക്കു മേലുള്ള നിയന്ത്രണം കോർപറേഷനു നഷ്ടമായത്.
നേരത്തേ വേസ്റ്റ് ടു എനർജി പ്ലാന്റിനു വേണ്ടി 20 ഏക്കർ ഭൂമിയും മെഡിക്കൽ മാലിന്യം സംസ്കരിക്കാനായി 5 ഏക്കർ ഭൂമിയും സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഉത്തരവിലൂടെയാണു കൈമാറിയത്. ഫലത്തിൽ ബ്രഹ്മപുരത്തെ ഭൂമി കോർപറേഷന്റേതാണെങ്കിലും ഏതെങ്കിലും പദ്ധതികൾക്കു വേണ്ടി അതു കൈമാറാൻ സംസ്ഥാന സർക്കാരിനു കോർപറേഷൻ കൗൺസിലിന്റെ അനുമതി വേണ്ടിവരില്ല.
English Summary: Brahmapuram Plant: Current situation and Future plan