ആടിക്കുഴഞ്ഞു പോകുന്ന യുവാവ്, ഒളിക്യാമറയുമായി തേജ് പ്രതാപ്; ‘ഇതോ മദ്യനിരോധനം’

Mail This Article
പട്ന∙ മദ്യനിരോധനമുള്ള ബിഹാറിൽ മദ്യം സുലഭമാണെന്നു തെളിയിക്കാൻ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഒളിക്യാമറ ഓപറേഷൻ. മദ്യലഹരിയിലായ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് തേജ് പ്രതാപ് മദ്യനിരോധനം പരാജയപ്പെട്ടെന്നു വാദിക്കുന്നത്.
പട്നയിലെ തന്റെ ഗോശാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് തേജ് പ്രതാപ് റോഡിലൂടെ ആടിക്കുഴഞ്ഞു പോകുന്ന യുവാവിന്റെ വിഡിയോ ചിത്രീകരിച്ചത്. തേജ് പ്രതാപ് വാഹനം നിർത്തി യുവാവുമായി സംസാരിച്ചപ്പോൾ ജനം കൂടി. ഇടവഴിയിലൂടെ അച്ഛനെ കൈപിടിച്ചു കൊണ്ടു പോകാൻ യുവാവിന്റെ മകനും എത്തി. തേജ് പ്രതാപ് യുവാവിനെയും മകനെയും വീടുവരെ പിന്തുടർന്നു.
നിത്യവും മദ്യപിക്കുന്ന യുവാവ് വീട്ടിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചു മകനുമായി നടത്തിയ അഭിമുഖത്തിന്റെ വിഡിയോയും തേജ് പ്രതാപ് പുറത്തു വിട്ടു. ബിഹാറിനെ സ്വപ്നതുല്യമാക്കി മാറ്റിയെന്ന് അവകാശപ്പെടുന്ന നിതീഷ് കുമാറിന് ഈ വിഡിയോയെക്കുറിച്ച് എന്താണു പറയാനുള്ളതെന്നു തേജ് പ്രതാപ് ചോദിച്ചു. എല്ലാ തെരുവുകളിലും മദ്യം കിട്ടുന്നതാണോ നിതീഷിന്റെ സ്വപ്നമെന്നു തേജ് പ്രതാപ് പരിഹസിച്ചു.
English Summary : Tej Pratap Yadav Statement On Nitish Kumar Regarding Liquor ban In Bihar