ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നൽകിയത്.

ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്‍റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും കാങ് പറഞ്ഞു. കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസിന്, രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്ക്കെതിരെ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ ആരംഭിക്കേണ്ടിയിരുന്നു.

ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചു. വാക്സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന് വ്യാപകമായ തോതില്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വിവരങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ. കാങ് പറഞ്ഞു. യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സമാനമായ സൂചനകളാണ് നല്‍കുന്നത്.

വാക്സീന്‍ എടുത്തവര്‍ക്കുണ്ടാകുന്ന കോവിഡ് അണുബാധ സംബന്ധിച്ച തനത് ഡേറ്റ ഇന്ത്യ ശേഖരിക്കണം. നിലവിലെ രണ്ട് വാക്സീനുകള്‍ക്ക് പുറത്തേക്കും പഠനം വ്യാപിപ്പിക്കണമെന്നും അവർ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ അറുപതിലധികം രാജ്യങ്ങളില്‍ കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 49 ഒമിക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം കേസുകള്‍ കണ്ടെത്തിയത്. അതേസമയം,  ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഇതുവരെ കണ്ട വൈറസുകളെ പോലെയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മാസ്കിനു പകരമാണ് വാക്സീൻ എന്ന് കരുതാതെ സാമൂഹിക അകലവും കൈകഴുകലും തുടരണമെന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ചു.   

English Summary: Dr Gagandeep Kang on Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com