‘ക്ഷമിക്കാൻ പഠിച്ചു, സന്തോഷവതിയാണ്’; ജയിലിൽനിന്ന് പുറത്തിറങ്ങി ഇന്ദ്രാണി
Mail This Article
മുംബൈ∙ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുൻ മീഡിയ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി ജയിലിൽനിന്ന് പുറത്തിറങ്ങി. ആറര വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് ഇന്ദ്രാണി ബൈക്കുള ജയിലില്‍നിന്നു പുറത്തിറങ്ങിയത്. കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇന്ദ്രാണി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘കേസ് കോടതിയിലാണ്. നിലവിൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. വ്യത്യസ്ത തലത്തിൽനിന്ന് ഞാൻ ജീവിതം കണ്ടു, അനുഭവിച്ചു. പലതരത്തിലുള്ള ആളുകളെ പരിചയപ്പെട്ടു. ഇതൊരു വലിയ യാത്രയായിരുന്നു. ഞാൻ ക്ഷമിക്കാൻ പഠിച്ചു. ഞാൻ സന്തോഷവതിയാണ്. ജയിലിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നെ വേദനിപ്പിച്ചവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു.’–ഇന്ദ്രാണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളാണ് ഷീന (24). രണ്ടാം ഭർത്താവായിരുന്ന സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് 2012 ഏപ്രിലിൽ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. 2015 ഓഗസ്റ്റിൽ മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡിനടുത്തുള്ള വനത്തിൽനിന്ന് ഷീന ബോറയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ഷീന ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇന്ദ്രാണിയുടെ വാദം. 2015 ഓഗസ്റ്റിൽ ഇന്ദ്രാണി അറസ്റ്റിലായി. വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിൽ അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജി 2020ൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
English Summary: Indrani Mukerjea Was Asked If She Thinks Daughter Is Alive. Her Reply