ഉപരാഷ്ട്രപതിയുമായും ലോക്സഭാ സ്പീക്കറുമായും കൂടിക്കാഴ്ച നടത്തി എ.എൻ.ഷംസീർ

Mail This Article
ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായും ലോക്സഭാ സ്പീക്കർ ഓം ബിർലയുമായും കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പാർലമെന്റ് ഹൗസിലാണ് ഓം ബിർലയെ കണ്ടത്. ഇരുവർക്കും കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകം സമ്മാനമായി നൽകി.

കേരള നിയമസഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് മേയ് 22ന് 25 വർഷം പൂർത്തിയാകും. 25–ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഇരുവരെയും സ്പീക്കർ സന്ദർശിച്ചത്. ഉദ്ഘാടനത്തില്‍ പങ്കെടുക്കാമെന്ന് ഇരുവരും ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ പറഞ്ഞു.
ഏറ്റവും കൂടുതൽ ദിവസങ്ങൾ സഭ ചേരുന്നതും ബില്ലുകൾ കൂടുതൽ ചർച്ച നടത്തി പാസാക്കുന്നതും കേരള നിയമസഭയിലായതിനാൽ അടുത്ത സ്പീക്കേഴ്സ് കോൺഫറൻസ് കേരളത്തിൽ നടത്തണമെന്ന് ഓം ബിർല ആവശ്യപ്പെട്ടതായി ഷംസീർ വ്യക്തമാക്കി.
English Summary: AN Shamseer meets Jagdeep Dhankhar and Om Birla