കൊടുങ്കാറ്റിലും വിറയ്ക്കില്ല; ഒറ്റ തൂണിൽ 96 കേബിളുകളിൽ റെയിൽപാലം- വിഡിയോ

Mail This Article
ന്യൂഡൽഹി ∙ ഒറ്റത്തൂണിൽ 96 കേബിളുകളിൽ ഒരു റെയിൽപാലം, അതും 11 മാസങ്ങൾക്കുള്ളിൽ. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ ആദ്യമായി നിർമിച്ച കേബിൾ റെയിൽപാലം ജമ്മു കശ്‌മീരിലാണ്. കട്റയേയും റേസി ജില്ലയെയും ബന്ധിപ്പിക്കുന്ന അഞ്ചിഖഡ് പാലമാണ് പുത്തൻ മാതൃകയിൽ ഒരുക്കിയിട്ടുള്ളത്. പാലത്തിനായി ഉപയോഗിച്ച കേബിളുകളുടെ ആകെ നീളം 653 കിലോമീറ്ററാണ്.
പാലം പൂർത്തിയായതോടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളടങ്ങിയ ദൃശ്യം കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് ട്വിറ്ററിൽ പങ്കിട്ടു. റെയിൽവെയുടെ ഉദംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിച്ചത്. ഹിമാലയൻ പർവത നിരകൾക്കിടയിലുള്ളതിനാൽ പലവിധ ഭൂഘടന അടിസ്ഥാനമാക്കിയാണ് പാലം പൂർത്തിയാക്കിയത്. ഐഐടി റൂർക്കി, ഐഐടി ഡൽഹി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പഠനങ്ങൾ. ഇറ്റാലിയൻ റെയിൽവെയുടെ കീഴിലുള്ള കമ്പനിയാണ് രൂപകൽപ്പന നിർവഹിച്ചത്.
വെല്ലുവിളികൾ നിറഞ്ഞതായിരുന്നു നിർമാണം. 725.5 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 473.25 മീറ്ററാണ് കേബിളുകൾ താങ്ങുന്ന പ്രധാനപാലം. നാലുഭാഗങ്ങളായാണ് പാലം പൂർത്തിയാക്കിയത്. റേസിയിൽനിന്ന് 120 മീറ്റർ നീളത്തിൽ ആദ്യത്തെ അനുബന്ധഘട്ടം പൂർത്തിയാക്കി. പിന്നീട് 38 മീറ്റർ കട്റ ഭാഗത്തും നിർമിച്ചു. തുടർന്നായിരുന്നു പ്രധാന പാലത്തിന്റെ നിർമാണം.
റെയിൽ ഗതാഗതത്തിന് പുറമെ 3.75 മീറ്റർ വീതിയിലെ സർവീസ് റോഡും 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുമുണ്ട്. കൊടുങ്കാറ്റിനെ പോലും പ്രതിരോധിക്കുന്ന തരത്തിലാണ് നിര്‍മാണം. എപ്പോഴും സൂക്ഷ്‍മമായി നിരീക്ഷിക്കുന്നതിനായി സെൻസറുകളും പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
English Summary: India's First Cable-Stayed Rail Bridge Is Ready