ഉത്തരകാശി∙ ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. വൻ ശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി കുഴൽ കയറ്റുന്ന പ്രവർത്തിയാണ് താൽക്കാലികമായി നിർത്തിയത്.
മണ്ണിടിഞ്ഞാൽ ഇപ്പോൾ രക്ഷാദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കാൻ മറ്റൊരു കുഴൽ സ്ഥാപിക്കുകയാണ്. അതിനുശേഷമേ തൊഴിലാളികളിലേക്ക് എത്താൻ കുഴൽ സജ്ജമാക്കുന്നത് ആരംഭിക്കുകയുള്ളു. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും. അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാൽ ഇന്നലെ അൽപസമയം ജോലി നിർത്തിവയ്ക്കേണ്ടി വന്നു.
ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രി വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി എത്തിച്ചു. നിലവിൽ ഉപയോഗിക്കുന്നതിനു തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലയിലാണിത്. പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവസജ്ജരായി നിൽക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.