ഗാസ ഇന്ന് ശാന്തം: താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ; ആശ്വാസത്തോടെ ലോകം
Mail This Article
ഗാസ∙ നാൽപ്പത്തിയെട്ടു ദിവസത്തെ യുദ്ധത്തിനൊടുവിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേലും ഹമാസും. നാലുദിവസത്തേക്കുള്ള വെടിനിർത്തൽ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച ഗാസ മുനമ്പിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പ്രാദേശിക സമയം ഏഴുമണിയോടെ (ഇന്ത്യൻ സമയം രാവിലെ 10.30)തന്നെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ഗാസയിൽ നിന്ന് ഇന്ന് ബോംബാക്രമണത്തിന്റെ ശബ്ദങ്ങളുണ്ടായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 7ന് ഇസ്രയേലിൽ നിന്നു ഹമാസ് ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെ വൈകുന്നേരം നാലോടെ മോചിപ്പിക്കും. ഇതിനു പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ തടവുകാരിൽ ചിലരെയും വിട്ടയയ്ക്കും. എവിടെവച്ചു കൈമാറുമെന്നതു രഹസ്യമാണ്. വെടിനിർത്തൽ നടപ്പായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.
വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും പ്രതിദിനം ഗാസയിലെത്തും. ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്ന വിശദാംശം കൈമാറാൻ താമസമുണ്ടായതു മൂലമാണു വെടിനിർത്തൽ നടപ്പാക്കാൻ അവസാന നിമിഷം തടസ്സമായതെന്ന് റിപ്പോർട്ടുകളുണ്ട്. റെഡ്ക്രോസിന് ഗാസയിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വെടിനിർത്തൽ വൈകിച്ചു.