ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ നാലു സ്വത്തുക്കൾ കൂടി വെള്ളിയാഴ്ച ലേലം ചെയ്യും
Mail This Article
മുംബൈ∙ മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ഖേഡ് താലൂക്കിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന ബിയുടെ പേരിലുള്ള നാലു സ്വത്തുക്കൾ വെള്ളിയാഴ്ച ലേലത്തിനു വയ്ക്കുമെന്ന് അധികാരികൾ അറിയിച്ചു. ദാവൂദും സഹോദരങ്ങളും കുട്ടിക്കാലം ചിലവഴിച്ച മുംബാകെ ഗ്രാമത്തിലെ കാർഷിക സ്വത്തുവകകളാണ് ലേലത്തിനു വയ്ക്കുന്നത്. സ്വത്തുകണ്ടുകെട്ടൽ നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളാണ് മുംബൈയിൽ ലേലം ചെയ്യുന്നത്.
കഴിഞ്ഞ ഒൻപതുവർഷത്തിനിടെ ദാവൂദിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 11 സ്വത്തുക്കൾ ഇപ്രകാരം കണ്ടുകെട്ടിയതിനു ശേഷം ലേലം ചെയ്തിരുന്നു. പതിനെട്ടരലക്ഷത്തോളം വിലമതിക്കുന്ന വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ഇ–ലേലം, ലേലം, ടെൻഡർ എന്നിങ്ങനെ മൂന്നുവിധത്തിലാണ് ലേലം നടക്കുക.
വർഷങ്ങൾക്കു മുൻപു തന്നെ ഈ നാലു സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ബുധനാഴ്ചയ്ക്കകം പങ്കാളിത്ത ഫോം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.