ADVERTISEMENT

മാലെ∙ ഭരണത്തിൽ മധുവിധുക്കാലം തീരുംമുൻപേ മാലദ്വീപിൽ പുതിയ പ്രസിഡന്റിന്റെ കാലാവധി തീരുമോ? വിവാദങ്ങളിലെ നായകനായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ ലോകത്തിന്റെ കണ്ണുകൾ മാലദ്വീപിലേക്കാണ്. ഇന്ത്യയോടു കൊമ്പുകോർത്തും ചൈനയുമായി ചങ്ങാത്തം കൂടിയും വാർത്തകളിൽ നിറയുന്ന മുയിസുവിന് ഇനിയുള്ള ഭരണം സുഖകരമാകില്ലെന്നാണു സൂചന.

മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയാണ് (എംഡിപി) പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ നീക്കമാരംഭിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ അധികാരത്തിലേറിയ മുയിസു, എഴുപതിലേറെ ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യാവിരുദ്ധതയും ചൈനയോടു കടുത്ത ആഭിമുഖ്യവും മുഖമുദ്രയാക്കിയ നേതാവാണ് മുയിസു.

∙ സംഘർഷഭരിതം ഈ ഭരണകാലം!

ചൈനീസ് ചാരക്കപ്പലിനു രാജ്യത്തു നങ്കൂരമിടാൻ അടുത്തിടെ അനുവാദം നൽകിയതിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേച്ചൊല്ലി പാർലമെന്റിൽ വലിയ ബഹളമുണ്ടായി. ഡെമോക്രാറ്റുകളുമായി കൈ കോർത്താണു മുയിസുവിനെതിരെ എംഡിപി ഇംപീച്ച്മെന്റിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനം അലങ്കോലമായിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപ് ഭരണ–പ്രതിപക്ഷ അംഗങ്ങൾ‌ ഏറ്റുമുട്ടി.

ഭരണപക്ഷത്തുള്ള പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി), മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി (പിപിഎം) എന്നീ പാർട്ടി അംഗങ്ങളും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയായ എംഡിപി അംഗങ്ങളും തമ്മിലായിരുന്നു അടി. സോലിഹിന്റെ പാർട്ടിക്കാണു പാർലമെന്റിൽ ഭൂരിപക്ഷം. 22 മന്ത്രിമാരിൽ 4 പേരുടെ നിയമനം പിൻവലിക്കണമെന്ന് എംഡിപി ആവശ്യപ്പെട്ടതാണു സംഘർഷത്തിലെത്തിയത്. ഇസ, അബ്ദുല്ല ഷഹീം അബ്ദുൽ ഹക്കീം എന്നീ എംപിമാർ പരസ്പരം ചവിട്ടുകയും തറയിൽ കിടന്നു തല്ലുണ്ടാക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഒരു വനിതാ അംഗത്തിന്റെ മുടി പിടിച്ചു വലിക്കുന്നതും ഒരു അംഗത്തിന്റെ മുഖത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിനു പിന്നാലെയാണ് ഇംപീച്ച്മെന്റ് നീക്കം ശക്തമാക്കിയതെന്നാണു റിപ്പോർട്ട്. 19 മന്ത്രിമാരുടെ നിയമനം അംഗീകരിച്ച പാർലമെന്റ്, അറ്റോർണി ജനറൽ, ഇസ്‍ലാമിക് അഫയേഴ്‍സ് മന്ത്രി, ഹൗസിങ് മന്ത്രി തുടങ്ങിയവരുടെ നിയമനം എതിർത്തു. പ്രസിഡന്റിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പാർലമെന്റിലെ മൊത്തം അംഗസംഖ്യയുടെ മൂന്നിലൊന്ന് ഭൂരിപക്ഷമാണു വേണ്ടത്. മാലദ്വീപ് പാർലമെന്റായ മജ്‌‌ലിസിലെ ആകെ അംഗസംഖ്യ 87 ആണെങ്കിലും നിലവിൽ 80 പേരേയുള്ളൂ.

∙ 54 വോട്ടുകൾക്ക് മറിയുമോ?

ഭരണപക്ഷത്തുള്ള പിഎൻസി, പിപിഎം എന്നീ പാർട്ടികൾക്കു വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങളാണ് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. എംഡിപി–ഡെമോക്രാറ്റ് സഖ്യത്തിലെ 56 എംപിമാർ പ്രമേയത്തിനു പിന്തുണ നല്‍കിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയാവതരണത്തിന് 54 പേരുടെ ഒപ്പാണ് വേണ്ടത്. പക്ഷേ, പ്രമേയം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നു മാലദ്വീപിലെ ‘സൺ’ മാധ്യമം റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് മുയിസുവും നരേന്ദ്ര മോദിയും. File Photo: PTI
മുഹമ്മദ് മുയിസുവും നരേന്ദ്ര മോദിയും. File Photo: PTI

പ്രമേയം അവതരിപ്പിച്ചാൽ മുയിസുവിനു മറുപടി നൽകാൻ 14 ദിവസമാണു ലഭിക്കുക. 14–ാം ദിവസം പാർലമെന്റിൽ ഒരു മണിക്കൂർ സ്വയം പ്രതിരോധിക്കാം. ഇതിനുശേഷം വോട്ടെടുപ്പ് നടക്കും. 54 എംപിമാർ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ ഇംപീച്ച്‌മെന്റ് പാസാവുകയും മുയിസു സ്ഥാനഭ്രഷ്ടനാവുകയും ചെയ്യും. ഭരണഘടന അനുസരിച്ച് പിന്നീട് വൈസ് പ്രസിഡന്റ് ചുമതലയേറ്റെടുക്കും.

മുഹമ്മദ് മുയിസുവും ഷി ചിൻപിങ്ങും കുടുംബസമേതം. (Photo by CNS / AFP / China OUT)
മുഹമ്മദ് മുയിസുവും ഷി ചിൻപിങ്ങും കുടുംബസമേതം. (Photo by CNS / AFP / China OUT)

മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം മോശമാണ്. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ ഉടൻ പിൻവലിക്കണമെന്നു സ്ഥാനമേറ്റതിന്റെ തൊട്ടടുത്തദിവസംതന്നെ മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നൽകിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മുയിസു മന്ത്രിസഭയിലെ 3 അംഗങ്ങൾ മോശം പരാമർശം നടത്തിയതും വിവാദമായിരുന്നു.

English Summary:

Muizzu Under Pressure As Maldives Opposition Moves To Impeach Him. What Do The Numbers Say?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com